കൂടിയാലോചനയില്ല; മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയില്‍

Wednesday 24 August 2016 11:32 pm IST

തിരുവനന്തപുരം: കൂടിയാലോചനകളില്ലാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ ദന്തല്‍ പ്രവേശനം പ്രതിസന്ധിയിലേക്ക്. വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചെന്ന് ഫീസ് നിരക്കിലൂടെ വെളിവാകുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫീസ് കൂട്ടിയതിന് എതിരെ സമരം ചെയ്തവര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഫീസ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചത് വിമര്‍ശനത്തിന് ഇടയാക്കി. ഇതോടെ ഫീസ് നിരക്ക് ഏകീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയെങ്കിലും മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് കോടതിയെ സമീപിക്കാനുള്ള പിടിവള്ളിയായി. മാനദണ്ഡങ്ങള്‍ മറച്ച് വച്ചായിരുന്നു സ്വാശ്രയ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. എല്ലാ സീറ്റിലും സര്‍ക്കാര്‍ അഡ്മിഷന്‍ നടത്തും. പകരം കോളേജുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാം എന്നായിരുന്നു നിലപാട്. ഇതോടെ ദന്തല്‍ പ്രവേശനത്തിന് 4.75 ലക്ഷം വേണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. ഫീസ് നാല് ലക്ഷമാക്കി പ്രവേശനം സര്‍ക്കാരിന് നടത്താം എന്ന നിലപാടും സ്വീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദന്തല്‍ പ്രവേശനത്തിന് 23000, 45,000, 1,25,000 എന്നായിരുന്നു ഫീസ്. നാല് ലക്ഷം രൂപയാക്കിയാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് ബിഡിഎസ് പഠനം പൂര്‍ത്തിയാക്കാന്‍ 20 ലക്ഷം രൂപവേണം. ഇത് വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് ഫീസ് ഏകീകരിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിഞ്ഞത്. നീറ്റ് വന്നപ്പോള്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച നിയമാവലിയും പുറത്ത് വന്നിരുന്നു. പരീക്ഷ വിജയിച്ചവര്‍ക്കു മാത്രമെ മെഡിക്കല്‍ ദന്തല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കാവൂ. എന്നാല്‍ ഫീസ് , പ്രവേശനം എന്നിവ ഏതു തരത്തിലായിരിക്കണം എന്നത് അതാതു സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലാക്കി കോടതിയിലേക്ക് എത്തിക്കുന്നതില്‍ സര്‍ക്കാരിന്റെ പ്രത്യേക അജണ്ട ഇതിലൂടെ വെളിച്ചത്താകുന്നു. കഴിഞ്ഞ തവണ മാനേജ്‌മെന്റ് സീറ്റിലേക്ക് പ്രവേശനം നടത്തിയത് സ്വാശ്രയ എന്‍ട്രന്‍സ് പരീക്ഷാ പട്ടികയില്‍ നിന്നായിരുന്നു. ഇത്തരത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് മറ്റ് ഇനങ്ങളിലൂടെ തുക വാങ്ങിയിരുന്നു. നീറ്റ് പട്ടിക പ്രകാരം എല്ലാ സീറ്റിലും സര്‍ക്കാര്‍ പ്രവേശനം നടത്തിയാല്‍ നിശ്ചയിക്കുന്ന ഫീസ് മാത്രമേ ഈടാക്കാന്‍ സാധിക്കൂ. അമ്പതുശതമാനം സീറ്റ്പ്രവേശനം വേണമെന്ന് സ്വാശ്രയ മാനേജ്‌മെന്റ് തിരുവനന്തപുരം: ഫീസ് നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ അമ്പതു ശതമാനം സീറ്റ് തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍. നീറ്റ് പട്ടികയില്‍ നിന്നു തന്നെ പ്രവേശനം നടത്താം. ദന്തലില്‍ അമ്പതുസീറ്റുകളാണ് ഓരോ കോളേജിനും അനുവദിച്ചത്. ഇതില്‍ 25 സീറ്റ് മെരിറ്റും എട്ട് സീറ്റ് എന്‍ആര്‍ഐ യും കഴിഞ്ഞാല്‍ 18 സീറ്റാണ് മാനേജ്‌മെന്റുകള്‍ക്ക് ലഭിക്കുന്നത്. പ്രവേശന പരീക്ഷ കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ട്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഫീസ് ഈടാക്കാറുണ്ട്. സര്‍ക്കാര്‍ അഡ്മിഷന്‍ നടത്തിയാല്‍ ഈ തുക നഷ്ടമാകും. കോളേജ് നടത്തിപ്പിന് വന്‍തുക പ്രതിവര്‍ഷം ചെലവാകുന്നുണ്ട്. ചില വിഷയങ്ങളിലെ അധ്യാപകര്‍ക്ക് വന്‍തുക ശമ്പളമായി നല്‍കേണ്ടി വരുന്നു. നീറ്റ് പട്ടികയില്‍ നിന്നും അഡ്മിഷന്‍ നടത്താന്‍ തങ്ങള്‍ തയ്യാറാണ്. ഫീസ് വര്‍ദ്ധിപ്പിച്ച് നല്‍കണം. സര്‍ക്കാരിന്റെ കുറഞ്ഞ ഫീസ് നിരക്കില്‍ കോളേജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ല. മാനേജ്‌മെന്റ് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.