ന്യൂദൽഹി: ഭാരതത്തിന്റെ എക്കാലത്തെയും മികച്ച സ്പ്രിന്റർ പിടി ഉഷയുടെ ജീവിത ചരിത്രം സിനിമയായി കാണാൻ താൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് ബോളിവുഡ് സുന്ദരി സോനം കപൂർ. അടുത്തിടെ മുംബൈയിൽ നടന്ന ഇന്ത്യൻ മർച്ചന്റ് ചേംബറിന്റെ വനിതകളുടെ ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് തന്റെ ആഗ്രഹം സോനം വെളിപ്പെടുത്തിയത്.
താൻ കായിക പ്രതിഭകളുടെ ജീവിത ചരിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്, അടുത്തിടെ താനൊരു ബയോപിക്ക് ചെയ്തിരുന്നു. അത്ലറ്റുകളെക്കുറിച്ചുള്ള ബയോപിക്ക് ചെയ്യുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് ഭാരതത്തിന്റെ സ്വന്തം പി.ടി. ഉഷയെയാണ്. ഓട്ടക്കാരാണ് ഇന്ത്യൻ കായികരംഗത്തിന്റെ ഏറ്റവും പ്രധാനഘടകം. സിനിമാലോകം കായികതാരങ്ങളുടെ നേട്ടങ്ങൾ ആഘോഷമാക്കുന്നത് ബയോപിക്കുകളിലൂടെയാണെന്ന് സോനം പറഞ്ഞു.
മിൽഖാ സിങിന്റെ ജീവിതം നമ്മൾ ചലച്ചിത്രത്തിലൂടെ കണ്ടു. അത് നിരവധി ഓട്ടക്കാർക്ക് പ്രചോദനമായി എന്നാണ് വിശ്വസിക്കുന്നതെന്നും സോനം പറഞ്ഞു. താൻ നല്ലൊരു കായിക പ്രേമിയും കായിക താരവുമാണെന്നും സോനം വെളിപ്പെടുത്തി. ബാസ്ക്കറ്റ് ബോളും ഹാൻഡ്ബോളും കളിക്കാറുണ്ടെന്നും ഇതിനു പുറമെ നല്ലൊരു ഓട്ടക്കാരി കൂടിയാണ് താനെന്നും സോനം അവകാശപ്പെട്ടു.
2013ൽ രാകേഷ് ഓം പ്രകാശ് മെഹ്റാ സംവിധാനം ചെയ്ത ‘ബാഗ് മിൽഖാ ബാഗ്’ ചിത്രം ഭാരതത്തിന്റെ പറക്കും താരം മിൽഖാ സിങിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. സോനം കപൂറായിരുന്നു നായികാ വേഷത്തിൽ ഈ ചിത്രത്തിൽ അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: