വികസനപാതയില്‍ ബിഎസ്എന്‍എല്‍

Thursday 25 August 2016 7:14 pm IST

ആലപ്പുഴ: 2016-17 സാമ്പത്തിക വര്‍ഷം ലാന്‍ഡ്‌ഫോണ്‍ പുനരുദ്ധാരണ വര്‍ഷമായി ആചരിക്കുമെന്നും ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി നിരവധി ആകര്‍ഷക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളതായും ബിഎസ്എന്‍എല്‍ ജില്ലാ ജനറല്‍മാനേജര്‍ സതീശ്‌റാം പത്രസമ്മേളനത്തില്‍ അറിയിച്ചു. 49 രൂപ പ്രതിമാസ വാടക നിരക്കില്‍ ലാന്‍ഡ് ലൈന്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതിക്ക് ജില്ലയിലും തുടക്കമായതായി അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തിനകം പുതിയ കണക്ഷന് അപേക്ഷിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഈടാക്കുന്നതല്ല. ഞായറാഴ്ചകളില്‍ ഇന്ത്യയിലെവിടേക്കും 24 മണിക്കൂറും പൂര്‍ണമായും മറ്റു ദിവസങ്ങളില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴ് വരെയും സൗജന്യമായി വിളിക്കാം. അല്ലാത്ത സമയങ്ങളില്‍ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലേക്ക് ഒരു രൂപയും മറ്റ് നെറ്റ് വര്‍ക്കിലേക്ക് 1.20 രൂപയുമാണ് കോള്‍ ചാര്‍ജ്.പുതിയ കണക്ഷനൊപ്പം ബിഎസ്എന്‍എല്‍ സിം സൗജന്യമായി ലഭിക്കും. പുതിയ ലാന്റ് ലൈന്‍ കണക്ഷനും അനുബന്ധ സേവനങ്ങള്‍ക്കുമായി 1993 യിലേക്ക് വിളിക്കുകയോ 9497979797 ലേക്ക് മിസ്ഡ് കോള്‍ ചെയ്യുകയോ ചെയ്താല്‍ മതി. രാത്രികാല സൗജന്യകോള്‍ സൗകര്യം ഏര്‍പ്പെടുത്തിയതോടെ ലാന്റ് ലൈനുകള്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ജനറല്‍ മാനേജര്‍ പറഞ്ഞു. വിഛേദിക്കപ്പെട്ട ലാന്റ്‌ലൈനുകള്‍ പുനസ്ഥാപിക്കുവാന്‍ സെപ്തംബര്‍ ഒമ്പത് വരെ ദിവസേന മേളകള്‍ സംഘടിപ്പിക്കും. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിശിക തുക ഗഡുക്കളായി അടക്കാന്‍ സൗകര്യം ലഭിക്കും.പകുതി തുക അടച്ചാല്‍ വിഛേദിക്കപ്പെട്ട കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കും. ലാന്‍ഡ്‌ലൈന്‍ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ 38,500 ലൈന്‍ ശേഷിയുള്ള ന്യൂ ജനറേഷന്‍ നെറ്റ് വര്‍ക്ക്(എന്‍ജിഎന്‍) സാങ്കേതിക വിദ്യ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. അമ്പലപ്പുഴ, തകഴി, കാവാലം, വെളിയനാട്, പുന്നപ്ര, മാവേലിക്കര, ചെന്നിത്തല, ചെറിയനാട്, കൈനകരി, തെക്കേക്കര എന്നീ എക്‌സ്‌ചേഞ്ചുകള്‍ പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറിക്കഴിഞ്ഞു. ആലപ്പുഴ, ആലപ്പുഴ ആല്‍എല്‍യു, കൊല്ലകടവ് എന്നിവിടങ്ങളില്‍ ഈ മാസാവസാനം എന്‍ജിഎന്‍ കമ്മീഷന്‍ ചെയ്യും. ഇതോടെ എന്‍ജിഎന്‍ നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യ പൂര്‍ണമായും സ്ഥാപിച്ച ആദ്യ ജില്ലയായി ആലപ്പുഴ മാറുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുതിയ സംവിധാനത്തില്‍ ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈലിലേക്കും തിരിച്ചും കോള്‍ ഫോര്‍വേര്‍ഡ് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. ഇപിഎബിഎക്‌സ് ഉപകരണമില്ലാതെ തന്നെ ഈ സൗകര്യവും പുതിയ സംവിധാനത്തില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7756 കണക്ഷനുകള്‍ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജൂലൈ വരെ 6100 കണക്ഷനുകള്‍ പോര്‍ട്ട് ചെയ്തു.എന്നാല്‍ 1868 കണക്ഷനുകള്‍ മാത്രമാണ് ബിഎസ്എന്‍എല്ലില്‍ നിന്ന് പോര്‍ട്ട് ഔട്ടായതെന്നും അദ്ദേഹം പറഞ്ഞു. മുരളീമോഹന്‍ നായര്‍(ഡിജിഎം മാര്‍ക്കറ്റിങ്), എസ്. വേണുഗോപാലന്‍(ഡിജിഎം ഓപ്പറേഷന്‍സ്) എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.