കാഞ്ഞാര്‍: മൂലമറ്റം ഫയര്സ്റ്റേഷന് അങ്കണത്തിലെ ജൈവകൃഷി വിളവെടുപ്പ് ഉത്സവ പ്രതീതിയുളവാക്കി. ആഘോഷത്തിന് മിഴിവേകാന്‍ സ്റ്റേഷനിലെത്തിയത് തൊടുപുഴ മൂണ്‍ സ്കൂള്‍ ക്രിയേറ്റീവ് സയന്‍സിലെ യു.കെ.ജിയിലേയും ഒന്നാം ക്ലാസിലേയും കുരുന്നുകള്‍. കുലച്ചു കിടക്കുന്ന ഡസണ്‍ കണക്കിന് നേന്ത്രന്, ഞാലിപൂവന്, റോബസ്റ്റ എന്നിങ്ങനെയുള്ള വാഴകളുടെ വിളവെടുപ്പാണ് ആദ്യം നടന്നത്. കുല വെട്ടാനും അവ ശേഖരിച്ച് സ്റ്റേഷന് മുറ്റത്തെത്തിക്കാനും കുട്ടികള്‍ തിരക്ക് കൂട്ടി. പിന്നീട് കുരുന്നുകളെയും കൂട്ടിയുള്ള കപ്പ പറിക്കല്‍. കപ്പ പറിച്ചു കഴിഞ്ഞപ്പോഴേക്കും യൂണീഫോമിലെത്തിയ പല കുട്ടികളും ചെളി പുരണ്ട വസ്ത്രങ്ങളുമായി തനി കര്ഷകരായിക്കഴിഞ്ഞിരുന്നു. അവസാനം നിറയെ കായ്ച്ചു കിടക്കുന്ന പടവലം, പയര്‍, പാവല്‍, കോവല്‍ എന്നിവയുള്‍പ്പെടെയുള്ള പച്ചക്കറിയിനങ്ങളുടെ വിളവെടുപ്പും നടത്തി. പ്രിന്‍സിപ്പാള്‍ സജ്ന മുഹമ്മദ്, അദ്ധ്യാപകരായ സജിമോള്‍ സാദിഖ്, മുഹമ്മദ് യൂസഫ് എന്നിവരും കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി കുന്നേല്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസര്‍ കെ.ആര് ഷിനോയ്, അറക്കുളം കൃഷി ഓഫീസര്‍ ആഷ് ലി മറിയാമ്മ, മൂലമറ്റം ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ഇ ജി ശശീന്ദ്രബാബു, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ റ്റി കെ അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു. മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഹോം ഗാര്‍ഡ് പി എം രാജീവനെ ചടങ്ങില്‍ ആദരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: