സ്വാതന്ത്ര്യദാഹികളുടെ നാട്

Thursday 25 August 2016 9:52 pm IST

  പാക്കിസ്ഥാന്‍ ഭരണാധികാരികളില്‍ നിന്ന്, പാക് സൈന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ് ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍കാര്‍. സ്വാതന്ത്ര്യത്തിനുമുമ്പ് ഹിന്ദു ഭരണാധികാരി മഹാരാജ ഹരിസിങ്ങിന്റെ അധീനതയിലുണ്ടായിരുന്ന സ്ഥലം. റിപ്പബ്ലിക് ഓഫ് ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ വാദവുമായി ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ യൂണൈറ്റഡ് മൂവ്‌മെന്റ്, ബല്‍വാരിസ്ഥാന്‍ നാഷണല്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ വര്‍ഷങ്ങളായി സമരരംഗത്താണ്. തങ്ങളെ ഭാരതത്തിന്റെ ഭാഗമായി മാറ്റണമെന്നും കുട്ടികള്‍ക്ക് ദല്‍ഹിയിലും മറ്റും വിദ്യാഭ്യാസം നല്‍കാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്നും അവ ആവശ്യപ്പെടുന്നു. പാക് സൈന്യത്തിന്റെ അധീനതയിലുള്ള പ്രദേശത്ത് കൊടിയ മര്‍ദ്ദനമാണ് ജനം നേരിടുന്നത്. ഭാരതവിഭജനത്തെ തുടര്‍ന്ന് ഷാ റയിസ് ഖാന്‍ പ്രസിഡന്റും മിര്‍സ ഹസന്‍ ഖാന്‍ കമാണ്ടര്‍ ഇന്‍ ചീഫുമായി പ്രവിശ്യാ സര്‍ക്കാര്‍ രൂപീകരിച്ചു. പാക് രാഷ്ട്രീയ ദൂതനായെത്തിയ ഖാന്‍ മുഹമ്മദ് ആലംഖാന്‍ ഭീഷണിപ്പെടുത്തി പാക്കിസ്ഥാന്റെ ഭരണമേഖലയാക്കി ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാനെ മാറ്റി. ഭാരതം ഗില്‍ജിത്- ബാള്‍ട്ടിസ്ഥാനെ അധീനതയിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അധികാരം സ്ഥാപിച്ചത്. ബാള്‍ട്ടിസ്ഥാനികള്‍ രൂപീകരിച്ച. 16 ദിവസം മാത്രം നീണ്ട പ്രവിശ്യാ സര്‍ക്കാരിനെ പാക്കിസ്ഥാന്‍ കുതന്ത്രത്തിലൂടെ ഇല്ലാതാക്കി. ബ്രിട്ടീഷ് സൈന്യത്തിന് കീഴിലുണ്ടായിരുന്ന ഗില്‍ഗിത് സ്‌കൗട്ട്‌സിനെ ഉപയോഗിച്ച് ഭാരതത്തിന്റെ അധികാരമേഖലകളില്‍ പാക്കിസ്ഥാന്‍ ആക്രമണവും നടത്തി. ലഡാക്ക്, ദ്രാസ്, കാര്‍ഗില്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തു. പിന്നീട് ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ഭാരത മേഖലകളില്‍ നിന്നും ഗില്‍ഗിത് സ്‌കൗട്ട്‌സ് പിന്‍മാറി. ഭാരത കരസേനയ്ക്ക് രാഷ്ട്രീയനിര്‍ദ്ദേശം ലഭിക്കാതിരുന്നതിനാലാണ് ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ പാക് അധീന പ്രദേശമായി തുടരേണ്ടിവന്നതെന്ന് രാജസ്ഥാന്‍ സര്‍ക്കാരിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ദീക്ഷിത് വ്യക്തമാക്കുന്നു. 1947 മുതല്‍ 1970 വരെ പാക് സര്‍ക്കാര്‍ ഗില്‍ഗിത്, ബാള്‍ട്ടിസ്ഥാന്‍ ഏജന്‍സികള്‍ രൂപീകരിച്ചാണ് ഇവിടം ഭരിച്ചിരുന്നത്. 1970ല്‍ ഫെഡറല്‍ അഡ്മിനിസ്‌ട്രേഷന്‍ നോര്‍ത്തേണ്‍ ഏരിയാസ്(ഫെന) രൂപീകരിച്ച് ജി-ബി(ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍)യെ അതിനു കീഴിലാക്കി. എന്നാല്‍ 2009ല്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പാക് മന്ത്രിസഭയ്ക്ക് ശാക്തീകരണ സ്വയംഭരണ ഉത്തരവ് പാസാക്കേണ്ടിവന്നു. ഇതുവഴി ജനങ്ങള്‍ക്ക് സ്വയംഭരണാധികാരം വിട്ടുകൊടുക്കേണ്ടി വന്നു. എന്നാല്‍ പാക് പട്ടാളത്തിന്റെ അധീനതയില്‍ തന്നെയാണ് ഇവിടം ഇപ്പോഴും. കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തിന് പാക് സൈന്യം ഉപയോഗിച്ച നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫെന്‍ട്രി ആസ്ഥാനമായ ജി-ബിയില്‍ നിന്ന് പാക് സൈന്യം ഒരിക്കലും പിന്‍മാറുകയില്ല. ഭാരതവുമായുള്ള തന്ത്രപ്രധാനമായ പ്രദേശമാണ് പാക് സൈന്യത്തിന് ഇവിടം. ഗില്‍ഗിത്- ബാള്‍ട്ടിസ്ഥാന്‍ പാക്കിസ്ഥാന്റെ വടക്കന്‍ അറ്റത്തുള്ള പ്രദേശമാണ് ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍. ഭാരതത്തോടും ചൈനയോടും അഫ്ഗാനിസ്ഥാനോടും അതിരുപങ്കിടുന്ന പ്രദേശം. പാക് അധീന കശ്മീരിന്റെ ഭാഗമായി ഭാരതം ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാനെയും കണക്കാക്കുന്നു. പത്തു ജില്ലകളിലായി 11 ലക്ഷത്തോളം ജനങ്ങളാണ് ജി-ബിയില്‍ ഉള്ളത്. ഏഴായിരം മുതല്‍ എണ്ണായിരം വരെയും അതിനു മുകളിലും മീറ്റര്‍ ഉയരമുള്ള 20 പര്‍വ്വതങ്ങള്‍ ജി-ബിയില്‍ ഉണ്ട്. കെ2,നംഗ പര്‍വത്, ഗഷേര്‍ബ്രും, ബ്രോഡ് പീക്ക് തുടങ്ങിയവയാണ് പ്രധാനം. വിനോദ സഞ്ചാരവും ട്രക്കിങ്ങുമാണ് മേഖലയുടെ വികസനത്തിന് ഏറ്റവും സാധ്യമായ മാര്‍ഗ്ഗങ്ങള്‍. മേഖലയില്‍ 38% പേര്‍ സംസാരിക്കുന്ന ഭാഷ ഷിനയാണ്. ബാള്‍ട്ടി 28% പേരും ബുരുഷാസ്‌കി 12% പേരും സംസാരിക്കുന്നു. ഖോവര്‍, വാഖി തുടങ്ങിയവും ആളുകള്‍ സംസാരിക്കുന്നു. ജി-ബിയില്‍ 40% ശതമാനം ജനങ്ങളും ഷിയകളാണ്. 30 %സുന്നികളും 24 % ഇസ്മയികളുമുണ്ട്. നൂര്‍ഭക്ഷിസുകള്‍ ആറുശതമാനമുണ്ട്. വളരെ ചെറിയ ന്യൂനപക്ഷമായി ഹിന്ദുക്കളും ബുദ്ധമതക്കാരും ജി-ബിയിലുണ്ട്. ചുരുക്കം ചില ക്ഷേത്രങ്ങളും ഇനിയും തകര്‍ക്കപ്പെടാതെ ബാക്കിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.