വിദ്യാര്‍ത്ഥികള്‍ക്ക് മാന്ത്രിക കൂണും കഞ്ചാവും വില്‍പ്പന: യുവാവ് അറസ്റ്റില്‍

Thursday 25 August 2016 9:53 pm IST

ഇരിങ്ങാലക്കുട:വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവും മാന്ത്രിക കൂണും ചെറുപൊതികളിലാക്കി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ മാപ്രാണം തടിയക്കാട്ടില്‍ മായാവി എന്ന സുര്‍ജിത്ത്(21) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.ജെ ജിജോയും സംഘവും മാടായിക്കോണത്ത് നിന്നും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ കഞ്ചാവും മാജിക്ക് കൂണും ഉപയോഗിക്കുന്നവരും വില്‍പ്പന നടത്തുന്നവരും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരും ആണെന്ന് കണ്ടെത്തിയതായി ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി. സുരേഷ്‌കുമാര്‍ പറഞ്ഞു. പ്രതി ടൂറിസ്റ്റ് ബസ്സ് വഴിയാണ് കഞ്ചാവും മാന്ത്രിക കൂണും എത്തിക്കുന്നത്. കഞ്ചാവ് പോലെ ചുരുട്ടി വലിക്കേണ്ടാത്തതിനാല്‍ കൂണ്‍ ആണ് കൂടുതലായും പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്നത്. വിതരണത്തിന് കൂടുതലായി പെണ്‍കുട്ടികളെയാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. ഉണങ്ങിയ കൂണ്‍ ചവച്ചരച്ച് നാവിലിട്ട് അലിയിച്ച് ഇറക്കിയാല്‍ കഞ്ചാവിനേക്കാള്‍ കൂടുതല്‍ വീര്യം കിട്ടുന്നു. സൈലോസൈവ് ഇനത്തില്‍പെട്ട കൂണുകളാണ് ഇത്തരത്തില്‍ കൊടൈക്കനാലില്‍ നിന്നും കൊണ്ടുവരുന്നത്. പ്രത്യേകം ചെറുപൊതികളാക്കി മാര്‍ലി പാക്ക് എന്ന ഓമനപേരില്‍ 700 രൂപക്ക് വില്‍പ്പന നടത്തിവരവേയാണ് പ്രതിയെ പിടികൂടിയത്. 30 പാക്കറ്റുകള്‍ പിടിച്ചെടുത്തു. ജില്ലയില്‍ ആദ്യമായാണ് മാന്ത്രിക കൂണ്‍ വില്‍പ്പന പിടികൂടുന്നത്. ഇരിങ്ങാലക്കുട ആന്റി നെര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ അഡി. എസ്‌ഐ വി.വി തോമസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.എന്‍ പ്രശാന്ത് കുമാര്‍, മിഥുന്‍ കൃഷ്ണ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാവുമെന്ന് ഇരിങ്ങാലക്കുട എസ്‌ഐ എം.ജെ ജിജോ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.