മലിനീകരണം: മത്സ്യമാര്‍ക്കറ്റ് നടത്തിപ്പുകാര്‍ക്കെതിരെ നടപടിവേണം- മനുഷ്യാവകാശ കമ്മീഷന്‍

Thursday 25 August 2016 10:24 pm IST

കോട്ടയം: ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ നടത്തിപ്പുകാര്‍ മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാതെ മലിനീകരണം തുടര്‍ന്നാല്‍ അവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മൂന്നുമാസത്തിനകം മത്സ്യമാര്‍ക്കറ്റും പരിസരവും മാലിന്യമുക്തമാക്കണമെന്നും കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി.കോശി ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേയും മത്സ്യമാര്‍ക്കറ്റിലേയും മാലിന്യങ്ങള്‍ യഥാക്രമം ശേഖരിച്ച് നഗരസഭ ശരിയായ രീതിയില്‍ സംസ്‌ക്കരണം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഓടകള്‍ വൃത്തിയാക്കണംയഥാസമയം ക്ലോറിനേഷന്‍ നടത്തണം. ഓടയില്‍ മാലിന്യം നിക്ഷേപിക്കാതിരിക്കാന്‍ നടപടിയെടുക്കമം. മലിനീകരണമുണ്ടാക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കി അവര്‍ക്കെതിരെ നടപിട എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതിരമ്പുഴ പാറോലിക്കല്‍ പി.എ.മുഹമ്മദ് സാലി നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഏറ്റുമാനൂര്‍ നഗരസഭ ശരിയായ രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്മീഷനില്‍ അയച്ച വിശദീകരണത്തില്‍ പറയുന്നു. മത്സ്യമാര്‍ക്കറ്റിലെ മാലിന്യം ഓടയിലേക്ക് ഒഴുക്കിവിടുന്നതുകാരണം ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതി വിശേഷം ഉണ്ടെന്ന് ആര്‍ഡിഒ കമ്മീഷനെ അറിയിച്ചു. മത്സ്യമാര്‍ക്കറ്റിലെ 15 സ്റ്റാളുകളില്‍ നിന്നും അശാസ്ത്രീയമായി നിര്‍മ്മിച്ച ഓടകളിലേക്ക് ഒഴുക്കി വിടുന്ന മലിനജലം ഓടകളില്‍ കെട്ടിനില്‍ക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമാനൂര്‍ നഗരസഭയുടെ റിപ്പോര്‍ട്ട് കമ്മീഷന്‍ തള്ളി. മാര്‍ക്കറ്റില്‍ അനധികൃത കച്ചവടക്കാരുണ്ടെഹ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഉത്തരവ് നഗരസഭാ സെക്രട്ടറിക്കും ജില്ലാ മെഡിക്കല്‍ ഓപീസര്‍ക്കും ആര്‍ഡിഒക്കും കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.