കോര്‍പറേഷന്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം

Friday 26 August 2016 12:35 am IST

കണ്ണൂര്‍: കോര്‍പറേഷന്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം. ബഹളത്തിനിടെ അജണ്ടകള്‍ പാസാക്കിയതായി പ്രഖ്യാപിച്ച് യോഗം പൂര്‍ത്തിയാക്കിയ മേയറുടെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ടു നടുത്തളത്തില്‍ കുത്തിയിരുന്നു. 2016-17 വര്‍ഷത്തെ കരട് പദ്ധതി രേഖ അംഗീകാരം, വികസന സെമിനാര്‍, കണ്ണൂര്‍ ആയിക്കര ഉപ്പാലവളപ്പിലെ പുറമ്പോക്കിലെ താമസക്കാരായ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു പുനരധിവസിപ്പിക്കുന്ന പദ്ധതി എന്നിവയായിരുന്നു കൗണ്‍സില്‍ മുമ്പാകെ അജണ്ടയായി വന്നിരുന്നത്. നഗരസഭയില്‍ ഉദ്യോഗസ്ഥന്‍ നടത്തിയ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് സെക്രട്ടറി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഗവ. സെക്രട്ടറിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ കുറിച്ചു പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ.മോഹനന്‍ കുറിപ്പ് അവതരിപ്പിക്കാനുള്ള ശ്രമത്തിന് മേയര്‍ അനുമതി നിഷേധിച്ചതോടെയാണ് ബഹളം ആരംഭിച്ചത്. അജണ്ടകള്‍ ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യം അവതരിപ്പിക്കാന്‍ സമയം അനുവദിക്കാമെന്ന് മേയര്‍ പറഞ്ഞെങ്കിലും മോഹനന്‍ താന്‍ തയാറാക്കി കൊണ്ടുവന്ന കുറിപ്പ് തുടര്‍ന്നു വായിക്കാന്‍ ശ്രമിച്ചു. ഇതോടെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഇതിനിടെ അജണ്ടകള്‍ പാസാക്കിയതായി മേയര്‍ പ്രഖ്യാപിച്ചു. മേയര്‍ ഏകപക്ഷീയമായി പെരുമാറുകയാണെന്നു പറഞ്ഞ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിച്ചു നടുത്തളത്തില്‍ കുത്തിയിരുന്നു. ഇതിനിടെ യോഗനടപടികള്‍ പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചു മേയര്‍ ചെയറില്‍ നിന്നും ഇറങ്ങിപ്പോയി. കാഷ്യറായിരുന്ന വത്സരാജ് സാമ്പത്തിക തിരിമറി നടത്തിയതു കണ്ടെത്തിയ സാഹചര്യത്തില്‍ നടപടി സ്വീകരിക്കുമെന്നു കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഗവ. സെക്രട്ടറിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിഷയം ലഘൂകരിക്കുന്ന രീതിയില്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയെന്നും കഴിഞ്ഞ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടു ഗവ.സെക്രട്ടറിക്കു അയക്കാതെ അയച്ചെന്നു പറഞ്ഞു കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു മോഹനന്‍ ആരോപിച്ചത്. 13-2-16നു ഓഫീസില്‍ ലഭിച്ച 48,960 രൂപ കാഷ്യര്‍ ബാങ്കില്‍ അടയ്ക്കാതെ തിരിമറി നടത്തിയിരുന്നു. എന്നാല്‍ സെക്രട്ടറി ഗവ.സെക്രട്ടറിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പണം അടക്കാന്‍ മറന്നു പോയതാണെന്നും പുതുതായി വന്ന കാഷ്യര്‍ മേശ വൃത്തിയാക്കുമ്പോള്‍ പണമടങ്ങിയ പൊതി കണ്ടെത്തുകയും ഇതു പിന്നീട് ബാങ്കില്‍ അടച്ചെന്നും കാണിച്ചായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. കൂടാതെ സംഭവത്തിനു ശേഷം അവധിയില്‍ പോയ കാഷ്യറെ മുന്‍കാലത്തെ തീയതി എഴുതി സസ്‌പെന്‍ഡ് ചെയ്തതായി രേഖയുണ്ടാക്കിയതായും ടി.ഒ.മോഹനന്‍ ആരോപിച്ചു. പണം തിരിമറി നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ഭരണപക്ഷകൗണ്‍സിലറുടെ അടുത്ത ബന്ധുവായതിനാല്‍ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മോഹനന്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.