കോടിയേരിയുടെ മകനെതിരെ ബാര്‍ ഡാന്‍സര്‍ നല്‍കിയ പരാതിയില്‍ ഇടപെടാനില്ലെന്ന് എംസി ജോസഫൈന്‍; ലൈംഗികാരോപണക്കേസില്‍ നടപടിയെടുക്കേണ്ടത് ദേശീയ വനിതാ കമ്മിഷന്‍

Monday 24 June 2019 8:42 pm IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ ഇടപെടാനില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ലൈംഗികാരോപണക്കേസ് വിവാദത്തില്‍ ഇടപെടേണ്ടത് ദേശീയ വനിതാ കമ്മിഷന്‍ ആണെന്നും ജോസഫൈന്‍ ആവര്‍ത്തിച്ചു. യുവതി തനിക്ക് പരാതി നല്‍കിയാല്‍ തുടര്‍നടപടികള്‍ അപ്പോള്‍ തീരുമാനിക്കുമെന്നും എം സി ജോസഫൈന്‍ പറഞ്ഞു. ഉപ്പ് തിന്നവന്‍ എന്തായാലും വെള്ളം കുടിക്കും. തെറ്റ് ചെയ്തവന്‍ ശിക്ഷ അനുഭവിക്കണമെന്നാണ് തന്റെ നിലപാടെന്നും അവര്‍ പറഞ്ഞു. അതേസമയം, മകന്‍ ബാര്‍ ഡാന്‍സറെ പീഡിപ്പിച്ച സംഭവത്തില്‍ നിലപാടില്‍ മലക്കം മറിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. നേരത്തെ കേസിനെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത്. എന്നാല്‍, ഇന്നു നടത്തിയ പത്രസമ്മേളനത്തില്‍ പരാതിക്കാരിയുടെ വക്കീലായ അഡ്വക്കേറ്റ് ശ്രീജിത്തിനെ അറിയാമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കേസിന്റെ കാര്യങ്ങള്‍ താനും ഭാര്യയും ശ്രീജിത്തുമായി സംസാരിച്ചിരുന്നു.  നോട്ടീസ് വന്നപ്പോഴാണ് കാര്യം അറിഞ്ഞതെന്നും അദേഹം പറഞ്ഞു. 

അഡ്വക്കേറ്റ് ശ്രീജിത്തുമായി വിനോദിനി സംസാരിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച കോടിയേരി അമ്മയെന്ന നിലയിലാണ് വിനോദിനി സംസാരിച്ചത് എന്നാണ് വിശദീകരിച്ചത്. എന്താണ് സംഭവിക്കുക എന്ന് ചോദിച്ചറിയുകയായിരുന്നു വിനോദിനിയുടെ ലക്ഷ്യം. ജനുവരിയിലാണ് കേസിന്റെ തുടക്കം അന്ന് കേസിനെ പറ്റി ചോദിച്ചപ്പോള്‍ ബിനോയ് എല്ലാം നിഷേധിച്ചുവെന്നും കോടിയേരി പറഞ്ഞു. 

അതേസമയം, പാസ്പോര്‍ട്ടിനും ബാങ്ക് രേഖകള്‍ക്കും പുറമേ പരാതികാരിയായ യുവതിയുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും അച്ഛന്റെ പേര്  ബിനോയ് കോടിയേരിയെന്നാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തു വന്നു. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേര് ബിനോയ് വി. ബാലകൃഷ്ണന്‍' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രേഖകളെല്ലാം ബിനോയ് കോടിയേരിക്ക് എതിരായി തിരിയുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.