വിഎസ് പാര്‍ട്ടിയെ വെട്ടിലാക്കി

Friday 26 August 2016 4:22 am IST

  കൊച്ചി: സിപിഎം-സിപിഐ പോര് കൊടുമ്പിരി കൊള്ളുമ്പോള്‍ സിപിഐ പരിപാടിയില്‍ വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്തത് സിപിഎം ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിലാക്കി. എറണാകുളം ജില്ലയില്‍ പാര്‍ട്ടിയില്‍ നിന്ന് വ്യാപകമായി അണികള്‍ സിപിഐയിലേക്ക് കൊഴിഞ്ഞ്‌പോകുന്നതിനിടയിലാണ് വിഎസ്, സിപിഐ യുവജന സംഘടന എഐവൈഎഫിന്റെ പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുക്കരുതെന്ന തങ്ങളുടെ ആവശ്യം നിരാകരിച്ച് വിഎസ് പങ്കെടുത്തതിലുള്ള പ്രതിഷേധം സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ഉദയംപേരൂരില്‍ ടി. രഘുവരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് സിപിഐയില്‍ എത്തിയതോടെ ആരംഭിച്ച സിപിഎം സിപിഐ പോര് ഇരുപാര്‍ട്ടികളുടെയും ജില്ലാ സെക്രട്ടറിമാര്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിലെത്തി. സിപിഐയിലെ അസംതൃപ്തരെ സിപിഎം ക്ഷണിച്ചാല്‍ ജില്ലയില്‍ ഒരു ഘടകകക്ഷി തന്നെ ഇല്ലാതാകുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് പ്രസംഗിച്ചത്. രാജീവിന്റെ പ്രസംഗത്തിന് മറുപടിയായി സിപിഐ ജില്ലാ സെക്രട്ടറി പി.രാജു പരസ്യ പ്രസ്താവന ഇറക്കി. രാജീവിന്റെ പ്രസംഗം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായി മാത്രമേ കാണുന്നുള്ളൂവെന്ന് രാജു പരിഹസിച്ചു. കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകുമ്പോള്‍ നടക്കുന്ന ജല്‍പ്പനം മാത്രമായിട്ടേ സിപിഎമ്മിന്റെ പ്രസ്താവനയെ കാണുന്നുള്ളൂവെന്ന് രാജു പറഞ്ഞു. ജില്ലയില്‍ സിപിഎം വിട്ട് സിപിഐയില്‍ എത്തിയവര്‍ വിഎസ് അനുകൂലികളായിരുന്നു. വിഎസ് അനുകൂല കേന്ദ്രങ്ങളായ, പള്ളുരുത്തി, ഉദയംപേരൂര്‍, ആമ്പല്ലൂര്‍, തിരുവാണിയൂര്‍, തൃക്കാക്കര, പറവൂര്‍, നേര്യമംഗലം, കൂത്താട്ടുകുളം, ശ്രീമൂലനഗരം, കാലടി, പെരുമ്പാവൂര്‍, എളങ്കുളം, തിരുവാങ്കുളം എന്നീ പ്രദേശങ്ങളില്‍ നിന്നാണ് പാര്‍ട്ടിയില്‍നിന്ന് കൂടുതല്‍ കൊഴിഞ്ഞുപോക്ക് ഉണ്ടായിരിക്കുന്നത്. ഇതിനുപുറമെ ജില്ലയില്‍ വിഎസ് അനുകൂലികളും സിപിഐയും തമ്മില്‍ കൈകോര്‍ത്ത സംഭവമുണ്ടായി. സിപിഎം നേതൃത്വത്തിലുള്ള എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയുടെ നഷ്ടം നികത്താന്‍ സഹകരണ സംഘങ്ങളില്‍ നിന്ന് പണം സമാഹരിക്കുന്ന പ്രശ്‌നത്തിലായിരുന്നു അത്. പത്ത് ലക്ഷം രൂപ വീതമാണ് ജില്ലയിലെ ഓരോ സഹകരണ സംഘത്തില്‍ നിന്നും ഓഹരി ഇനത്തില്‍ സമാഹരിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത്. ഇതിനെ സിപിഐ ജില്ലാ നേതൃത്വം എതിര്‍ത്തു. സിപിഐ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍ ഉള്ള സഹകരണ സംഘങ്ങളില്‍ ബോര്‍ഡ് യോഗത്തില്‍ അവര്‍ വിയോജിച്ചു. ഇതില്‍ ഒരുപടികൂടി കടന്നായിരുന്നു വിഎസ് പക്ഷത്തിന്റെ നടപടി. വിഎസ് അനുകൂലികള്‍ ഭരണം നടത്തുന്ന സഹകരണസംഘങ്ങളില്‍ നിന്ന് പണം നല്‍കേണ്ടന്ന തീരുമാനമാണ് അവര്‍ കൈകൊണ്ടത്. ജില്ലയില്‍ വിഎസിന് ഭ്രഷ്ട് കല്‍പ്പിച്ചപ്പോള്‍ സിപിഐ പരിപാടിയില്‍ പങ്കെടുപ്പിച്ചത് വിഎസ് അനുകൂലികള്‍ക്ക് ഉണര്‍വേകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.