വീട് കുത്തി തുറന്ന് മോഷണം രണ്ടുപേര്‍ പിടിയില്‍

Friday 26 August 2016 11:41 am IST

കൊല്ലം: റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലെ വീട് കുത്തി തുറന്ന് സ്വര്‍ണ്ണാഭരണവും പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത രണ്ട് പേരെ പോലീസ് പിടികൂടി. വടക്കേവിള കര്‍പ്പൂരം ചേരി പീപ്പിള്‍സ് നഗറില്‍ ഷിബു(32), പത്തനാപുരം ഏരൂര്‍ ആലഞ്ചേരി പണ്ടാരകോനം വാഴവിള വീട്ടില്‍ ഷാജി(42) എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ്ബിനോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 15ന് പട്ടാപ്പകലാണ് പ്രതികള്‍ മോഷണം നടത്തിയത്. റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ പള്ളിയിലെ പെരുനാള്‍ ദിവസം വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു. ജനല്‍ കമ്പിവളച്ചാണ് ഇവര്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. മോഷണത്തെ തുടര്‍ന്ന് കൊല്ലം നഗരത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. സിസിടിവികളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലാകുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി.റെക്‌സ് ബോബി അര്‍വിന്‍, എസിപി.ജോര്‍ജ്ജ് കോശി, ഈസ്റ്റ് സി.ഐ. മഞ്ചുലാല്‍, ഈസ്റ്റ് എസ്.ഐ.ജയകൃഷ്ണന്‍, എസ്.ഐ.ഷാജഹാന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.