വാഹനങ്ങളുടെ പാര്‍ക്കിംഗ് റോഡില്‍തന്നെ സൗകര്യങ്ങള്‍ ഒരുക്കാതെ ആഡിറ്റോറിയങ്ങള്‍

Friday 26 August 2016 11:47 am IST

കുന്നത്തൂര്‍: വേണ്ടത്ര പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കാത്ത സ്വകാര്യ ആഡിറ്റോറിയങ്ങള്‍ ഗതാഗത കുരുക്കിന് കാരണമാകുന്നു. കുന്നത്തൂര്‍ താലൂക്കിലെ വലുതും ചെറുതുമായ 15 ല്‍പ്പരം കല്യാണ ആഡിറ്റോറിയങ്ങളാണ് ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നത്. ആഡിറ്റോറിയത്തില്‍ ചുരുക്കം ചിലതിന് മാത്രമാണ് മതിയായ പാര്‍ക്കിംഗ് സൗകര്യം ഉള്ളത്. ഇത്തരം ആഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പ്രധാന പാതകള്‍ക്ക് സമീപമാണ് എന്നതിനാല്‍ ഗതാഗത കുരുക്കിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നു. ആഡിറ്റോറിയത്തില്‍ പരിപാടികളിലും കല്യാണത്തിലും പങ്കെടുക്കുവാന്‍ എത്തുന്നവരുടെ വാഹനം റോഡിന് ഇരുവശവും പാര്‍ക്ക് ചെയ്യുകയാണ് പതിവ്. ഇതാണ് പ്രധാന ഗതാഗതക്കുരുക്കിന് കാരണവും. കാറുകളും ബൈക്കുകളും ടൂറിസ്റ്റ് ബസുകളുമാണ് ഇത്തരത്തില്‍ റോഡ് കയ്യേറി പാര്‍ക്ക് ചെയ്യുന്നത്. രോഗികളുമായി വരുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ദിനംപ്രതി ഇവിടങ്ങളില്‍ കുരുക്കില്‍പ്പെടുകയാണ്. ചില ദിവസങ്ങളില്‍ രാവിലെ തുടങ്ങുന്ന ഗതാഗത കുരുക്ക് രാത്രി വൈകിയും അവസാനിക്കാറില്ല. വ്യാജ വസ്തുക്കള്‍ കാണിച്ച് തങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമുണ്ടെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് പലരും ആഡിറ്റോറിയത്തിന്റെ ലൈസന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. തിരക്ക് കൂടുമ്പോള്‍ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസുകാരെ ആഡിറ്റോറിയത്തിന് മുന്നില്‍ കാവല്‍ നിര്‍ത്തുന്നത് പതിവാകുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഈ അനധികൃത പാര്‍ക്കിംഗിനെതിരെ ഉണ്ടാകാത്തതും ശ്രദ്ധേയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.