കെട്ടിടം പൊളിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്റശ്രമം

Friday 26 August 2016 9:11 pm IST

സ്വന്തംലേഖകന്‍ ചെറുതോണി: ഇന്നലെ പുലര്‍ച്ചെ 5.30ന് ചെറുതോണി ബസ്റ്റാന്റിനോട് ചേര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിച്ച് നീക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെയും പോലീസ് സംഘത്തെയും ഇടതുമുന്നണി പ്രവര്‍ത്തകരുടെയും വ്യാപാരികളുടെയും നേതൃത്വത്തില്‍ വിരട്ടിയോടിച്ചു. ടൗണില്‍ 144 പ്രഖ്യാപിച്ചതിന് ശേഷം ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഇടുക്കി സബ്കളക്ടര്‍ എന്‍.ടി.ല്‍ റെഢിയും ഇടുക്കി തഹസില്‍ദാര്‍ കെ.എന്‍ തുളസിധരന്റേയും നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥ സംഘത്തെയാണ് ഇടതുമുന്നണി പ്രവര്‍ത്തകരും വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് വിരട്ടിയോടിച്ചത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചെറുതോണി ടൗണില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിക്കാന്‍ എടുത്ത തീരുമാനം ചോര്‍ന്നതോടെ രാത്രി 10 മണിയോടെ ചെറുതോണി ടൗണിലും ബസ്റ്റാന്റ് പരിസരത്തും ഇടതുമുന്നണി പ്രവര്‍ത്തകരും വ്യാപാരികളും കേന്ദ്രികരിക്കാന്‍ തുടങ്ങിയിരുന്നു. അഞ്ഞൂറോളം വരുന്ന ആള്‍ക്കൂട്ടം കെട്ടിടം വളഞ്ഞ് നിന്നതിനാല്‍ രാത്രിയിലെ ദൗത്യം ഉദ്യോഗസ്ഥ സംഘം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പുലര്‍ച്ചെ ജെ.സി.ബിയും വിദഗ്ധ തൊഴിലാളികളും പോലീസുമായി എത്തിയ ഉദ്യോഗസ്ഥ സംഘത്തെ മുന്നൂറോളം വരുന്ന ജനക്കൂട്ടം വിരട്ടിയോടിക്കുകയായിരുന്നു. തുടര്‍ന്ന് ടൗണില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും വ്യാപാരികള്‍ ടൗണില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ബസ്റ്റാന്റിനോട് ചേര്‍ന്ന് പുതിയതായി കെട്ടിട നിര്‍മ്മാണം സ്വകാര്യ വ്യക്തി ആരംഭിച്ചപ്പോള്‍ അനധികൃതമാണെന്ന് കാണിച്ച് വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടര്‍ന്നപ്പോള്‍ മുന്‍ കളക്ടര്‍ എ.കൗശിഗന്‍ കെട്ടിടം പൊളിച്ച് കളയാന്‍ ദുരന്തനിവാരണ നിയമപ്രകാരം നിര്‍ദേശം നല്‍കി. എന്നാല്‍ വിധി നടപ്പിലാക്കാന്‍ എത്തിയ റവന്യു ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടയുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ച പഞ്ചായത്ത് റവന്യു ഉദ്യോഗസ്ഥര്‍ സംയുക്തമായി കെട്ടിടം പൂട്ടി സീല്‍ ചെയ്ത് വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറി കെട്ടിടം ഏറ്റെടുക്കുകയും ചെയ്തു. ജില്ലാ ആസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ കളക്ടര്‍മാര്‍ക്കെതിരെ വിജിലന്‍സ് കേസ് നിലനില്‍ക്കുന്നതിനാല്‍ പുതിയതായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന നിലപാടുകളാണ്  കളക്ടര്‍മാര്‍ സ്വീകരിക്കുന്നത്. ഔദ്യോഗിക ആവശ്യത്തിന് ഇടുക്കിയിലെത്തിയ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിഷയം സംബന്ധിച്ച് ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.