മായാവതി രാജിവെച്ചു

Wednesday 7 March 2012 9:04 pm IST

ന്യൂദല്‍ഹി: അഞ്ചുവര്‍ഷത്തെ ഭരണത്തിനുശേഷം ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതി പടിയിറങ്ങി. തെരഞ്ഞെടുപ്പ്‌ ഫലം വന്നതിനുശേഷം ഇന്നലെ ഗവര്‍ണര്‍ ബി.എല്‍. ജോഷിക്ക്‌ അവര്‍ രാജിക്കത്ത്‌ നല്‍കി.
സംസ്ഥാനത്ത്‌ അഞ്ചുവര്‍ഷം തികക്കുന്ന മുഖ്യമന്ത്രി എന്ന റെക്കോഡോടെയാണ്‌ മായാവതി പടിയിറങ്ങുന്നത്‌. മുഖ്യമന്ത്രിയുടെ പ്രതികരണമറിയുന്നതിനായി ദീര്‍ഘനേരം കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിക്കൊണ്ട്‌ രാജ്ഭവന്റെ പിന്‍വാതിലിലൂടെയാണ്‌ മായാവതി രാജി സമര്‍പ്പിക്കാനായി എത്തിയത്‌. 2007 ല്‍ 206 സീറ്റുകളില്‍ വിജയിച്ച ബിഎസ്പിക്ക്‌ ഇത്തവണ 80 സീറ്റുകളെ നേടാനായുള്ളൂ.
അതേസമയം, മുസ്ലീം വോട്ടുകളാണ്‌ സമാജ്‌വാദി പാര്‍ട്ടിയുടെ വിജയത്തിന്‌ സഹായിച്ചതെന്ന്‌ പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിച്ച മായാവതി പറഞ്ഞു. 70 ശതമാനം മുസ്ലീം വോട്ടുകളും ന്യൂനപക്ഷ സംവരണത്തിന്റെ പശ്ചാത്തലത്തിലാണ്‌ സമാജ്‌വാദി പാര്‍ട്ടിക്ക്‌ ലഭിച്ചതെന്നും മായാവതി ചൂണ്ടിക്കാട്ടി. മുന്നോക്ക ജാതികളും ഒബിസിയും ബിഎസ്പിക്ക്‌ വോട്ട്‌ ചെയ്തില്ലെന്നും സമാജ്‌വാദി പാര്‍ട്ടിക്കാണ്‌ ഈ വോട്ടുകള്‍ ലഭിച്ചതെന്നും അവര്‍ പറഞ്ഞു. ദളിത്‌ വോട്ടുകളും ബിഎസ്പിക്ക്‌ ലഭിക്കാതെ പോയി. സംസ്ഥാനത്ത്‌ ബിഎസ്പി രണ്ടാംസ്ഥാനത്താണ്‌. ബീഹാറിലെ ലാലുപ്രസാദ്‌ യാദവിന്റെ സ്ഥാനമാണ്‌ തനിക്കിവിടെ ഉള്ളതെന്നും മായാവതി വ്യക്തമാക്കി.
പുതിയ സര്‍ക്കാര്‍ തന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ കാറ്റില്‍പ്പറത്തുമെന്നും പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയോര്‍ത്ത്‌ സംസ്ഥാനത്തെ ജനങ്ങള്‍ ദുഃഖിക്കുമെന്നും ബിഎസ്പിയുടെ നല്ല ഭരണകാലത്തെക്കുറിച്ച്‌ അപ്പോള്‍ ഓര്‍ക്കുമെന്നും മായാവതി അഭിപ്രായപ്പെട്ടു. തന്റെ ഭരണകാലത്ത്‌ നിരവധി ക്ഷേമപദ്ധതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്തോട്‌ കേന്ദ്രസര്‍ക്കാര്‍ കാണിച്ച മനോഭാവമാണ്‌ അഞ്ചുവര്‍ഷത്തെ ഭരണം മോശമായി മാറാന്‍ കാരണമായതെന്നും മായാവതി കുറ്റപ്പെടുത്തി.
പരാജയത്തെത്തുടര്‍ന്ന്‌ വീട്ടിലിരിക്കാനല്ല തന്റെ തീരുമാനമെന്നും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.
അഴിമതിക്കേസുകളാണ്‌ പാര്‍ട്ടിക്ക്‌ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക്‌ കാരണമെന്ന ആരോപണം മായാവതി നിഷേധിച്ചു. എന്‍ആര്‍എച്ച്‌എം അഴിമതിയുള്‍പ്പെടെയുള്ള അഴിമതിക്കേസുകളാണ്‌ പാര്‍ട്ടിയുടെ തോല്‍വിക്ക്‌ കാരണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ താന്‍ അത്തരത്തില്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു മറുപടി.
തന്റെ നല്ല ഭരണത്തെയും പാര്‍ട്ടിയെയും ജനങ്ങള്‍ ഓര്‍ക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച്‌ മടങ്ങിവരുമെന്നും മായാവതി പറഞ്ഞു. എന്നാല്‍ അടുത്ത മുഖ്യമന്ത്രി മുലായംസിംഗ്‌ യാദവാണോ അതോ അഖിലേഷ്‌ യാദവാണോ എന്ന്‌ ചോദിച്ചപ്പോള്‍ അതിന്റെ ഉത്തരം അവരുടെ കുടുംബത്തോട്‌ ചോദിക്കാനായിരുന്നു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.