കേരളാ ആദിവാസി സംഘം ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

Friday 26 August 2016 10:02 pm IST

കല്‍പ്പറ്റ : ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ ആദിവാസി സംഘം(എസ്‌സി-എസ്ടി മോര്‍ച്ച) പ്രവര്‍ത്തകര്‍ വയനാട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഭൂരഹിതരായിട്ടുള്ള ആദിവാസികള്‍ക്കും അരിവാള്‍ രോഗികള്‍ക്കുമായി പ്രഖ്യാപിക്കപ്പെട്ടതാണ് ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി. കോണ്‍ഗ്രസ്സിന്റെയും ആദിവാസി കോണ്‍ഗ്രസ്സിന്റെയും ജില്ലാ നേതാക്കളുടെ ഒത്താശയോടുകൂടിയാണ് ഈ അഴിമതി നടന്നത്. കേരളത്തില്‍ വനവാസികള്‍ക്കായി അനുവദിക്കപ്പെടുന്ന പദ്ധതികളെല്ലാം അട്ടിമറിക്കപ്പെട്ട ചരിത്രംമാത്രമായി മാറുകയാണ്. ആദിവാസിപേരില്‍ വയനാട്ടില്‍ ഉദ്യോഗസ്ഥ-ഇടത്-വലത് രാഷ്ട്രീയ മാഫിയകള്‍ തടിച്ചുകൊഴുക്കുകയാണ്. അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും സ്വന്തക്കാരുടെ പോക്കറ്റുകളിലേക്കാണ് പോകുന്നത്. ആശിക്കും ഭൂമി പദ്ധതി അഴിമതി വിജിലന്‍സ് അന്വേഷിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വികരിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. വാസയോഗ്യമല്ലാത്ത സ്ഥലം സ്വകാര്യവ്യക്തികളില്‍നിന്നും വാങ്ങിയാണ് ചുരുക്കം ചില ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കിയത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന ആദിവാസി ഫണ്ടുകള്‍ ഉദ്യോഗസ്ഥന്മാര്‍ക്കുള്ള ബോണസല്ല എന്ന തിരിച്ചറിവ് അധികൃതര്‍ക്ക് ഉണ്ടാകണം. ആദിവാസി സംഘം ജില്ലാ പ്രസിഡണ്ട് പാലേരി രാമന്‍ അധ്യക്ഷത വഹിച്ചു. എസ്.സി-എസ്.ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി മുകുന്ദന്‍ പള്ളിയറ, ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി പി.ജി ആനന്ദകുമാര്‍, ബാബു എം.സി, കെ. എം പൊന്നു, സുബ്രമണ്യന്‍, ശാന്തകുമാരി , അഖീല്‍ പ്രേം , രാമചന്ദ്രന്‍ പുലിക്കോട്, പി.രാമചന്ദ്രന്‍, അരിക്കര ചന്തു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.