ഉഴവൂരില്‍ ഓട്ടോ ഡ്രൈവര്‍ക്കു നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

Friday 26 August 2016 10:07 pm IST

കുറവിലങ്ങാട് : ഉഴവൂരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഉഴവൂര്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുര്യനാട് കാരയ്ക്കാട്ട് വീട്ടില്‍ രാജേഷ് മാത്യു വിനാണ് കഞ്ചാവ് മാഫിയയുടെ ആക്രമത്തില്‍ പരിക്കേറ്റത്. കഞ്ചാവ്-ലഹരിമരുന്ന് വില്‍പന സംഘത്തിലെ പ്രധാനിയായ പ്രായപൂര്‍ത്തിയാകാത്ത കൗമാരപ്രായക്കാരന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ രാജേഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2015 ആഗസ്റ്റ് മാസം ഉഴവൂര്‍-ഇടക്കോലി റോഡില്‍ കല്ലടകോളനിയ്ക്ക് സമീപം കഞ്ചാവും, മാരകായുധങ്ങളുമായി ജീപ്പില്‍ എത്തിയ കൗമാരസംഘം ഉള്‍പ്പെട്ട കേസിലെ പ്രധാന സാക്ഷിയാണ് ഒട്ടോഡ്രൈവര്‍ രാജേഷ്. വ്യാഴാഴ്ച രാത്രി ഉഴവൂര്‍ ടൗണിലെ സ്റ്റാന്‍ഡില്‍ നിന്ന് ഇടക്കോലി ഭാഗത്തേക്ക് കല്ലട കോളനിവാസിയായ യുവാവാണ് രാജേഷിനെ ഓട്ടം വിളിച്ചത്. ഓട്ടോ കരയോഗം ഭാഗത്ത് എത്തിയപ്പോള്‍ കൗമാരപ്രായക്കാരന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘം മാരകായുധങ്ങളുമായി രാജേഷിനെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് തടസ്സംപിടിക്കുവാന്‍ എത്തിയ സമീപവാസിയായ രാജുവിനേയും സംഘം മര്‍ദ്ദിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ ഇടപെട്ട് അക്രമിസംഘത്തില്‍പ്പെട്ട രണ്ട് പേരെ പിടികൂടി കുറവിലങ്ങാട് പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ പോലീസ് അക്രമികളെ പാലാ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനകള്‍ക്ക് വിധേയമാക്കിയതിനുശേഷം വെറുതെ വിട്ടുവെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഇതേ സംഘം നിരവധിതവണ പലരേയും ഭീഷണിപ്പെടുത്തിയതും, അക്രമിച്ചതും സംബന്ധിച്ച് കുറവിലങ്ങാട് പോലീസില്‍ പരാതി നലനില്‍ക്കെയാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്. അക്രമണത്തിന് ഇരയായ ഓട്ടോ ഡ്രൈവര്‍ രാജേഷ് മാത്യു കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കുറവിലങ്ങാട് പ്രിന്‍സിപ്പല്‍ എസ്.ഐ. റിച്ചാര്‍ഡ് വര്‍ഗ്ഗീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.