ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണ ഗ്രൂപ്പ് മത്സരത്തില്‍ സൂപ്പര്‍ പോരാട്ടം. ബാഴ്സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണ് ക്ലാസ്സിക്ക് മത്സരത്തിന് വഴിയൊരുങ്ങിയത്. ഗ്രൂപ്പ് സിയിലാണ് ഇരു ടീമുകളും. ഒക്ടോബര്‍ 19നും നവംബര്‍ ഒന്നിനുമാണ് ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന മത്സരം. ഇവര്‍ക്ക് പുറമെ സ്കോട്ട്ലന്‍ഡ് ക്ലബ് സെല്‍റ്റിക്കും ജര്‍മ്മന്‍ ടീം ബൊറൂസിയ മൊണ്ച്ചെന്ഗ്ലബാക്കും ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
ഗ്രൂപ്പ് ഡിയിലും ക്ലാസ്സിക്ക് മത്സരം കാണാം. മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും നിലവിലെ റണ്ണേഴ്സപ്പായ സ്പാനിഷ് ടീം അത്ലറ്റികോ മാഡ്രിഡും ഈ ഗ്രൂപ്പില്‍ വരുന്നു. കഴിഞ്ഞ സീസണില്‍ ബയേണിനെ പരാജയപ്പെടുത്തിയായിരുന്നു അത്ലറ്റികോ ഫൈനലില്‍ എത്തിയത്. നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള പിഎസ്വി ഐന്തോവനും റഷ്യന്‍ ക്ലബ് റൊസ്റ്റോവും മറ്റ് ടീമുകള്‍.
ഗ്രൂപ്പ് എയില്‍ കളിക്കുന്നത് പിഎസ്ജി (ഫ്രാന്‍സ്), ആഴ്സണല്‍ (ഇംഗ്ലണ്ട്, ബാസല്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ലുഡോഗൊരറ്റ്സ് (ബള്‍ഗേറിയ) ടീമുകള്‍.
ഗ്രൂപ്പ് ബിയില്‍ ബെനഫിക്ക (പോര്‍ച്ചുഗല്‍), നാപ്പോളി (ഇറ്റലി), ഡൈനാമോ കീവ് (ഉക്രെയിന്), ബസിക്റ്റസ് (തുര്‍ക്കി) ടീമുകള്‍ അണിനിരക്കും.
ഗ്രൂപ്പ് ഇയില്‍ റഷ്യന്‍ ക്ലബ് സിഎസ്കെഎ മോസ്കോ, ജര്‍മ്മന്‍ ടീം ബയേര്‍ ലെവര്ക്യുസന്, ഇംഗ്ലണ്ട് കരുത്തന്മാരായ ടോട്ടനം, ഫ്രഞ്ച് ടീം മൊണാക്കോ എന്നിവര്‍ കരുത്തുകാട്ടാനിറങ്ങും.
ഗ്രൂപ്പ് എഫില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് കാര്യങ്ങള്‍ കുറേ എളുപ്പമാണ്. ജര്‍മ്മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ടും, പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ട്ടിങ് ലിസ്ബണും, പോളണ്ട് ടീം ലെഗിയ വാഴ്സോയും മറ്റ് ടീമുകള്‍. റയലിനെ അപേക്ഷിച്ച് മറ്റു ടീമുകള്‍ക്ക് താരതമ്യേന കരുത്തുകുറഞ്ഞവര്.
ഗ്രൂപ്പ് ജിയില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലീസസ്റ്റര്‍ സിറ്റി, പോര്‍ച്ചുഗലിന്റെ പോര്‍ട്ടോ, ബെല്‍ജിയം ടീം ക്ലബ് ബ്രുഗ്ഗെ, ഡെന്മാര്ക്ക് ടീം എഫ്സി കോപ്പന്‍ഹേഗന്‍ എന്നീ ടീമുകള്‍ അണിനിരക്കും.
ഗ്രൂപ്പ് എച്ചില് ജുവന്റസ് (ഇറ്റലി), സെവിയ (സ്പെയിന്), ലിയോണ്‍ (ഫ്രാന്‍സ്), ഡൈനാമോ സഗ്രബ് (ക്രൊയേഷ്യ) ടീമുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ സെപ്തംബര്‍ 13, 14 തീയതികളില്‍ ആരംഭിക്കും. ഡിസംബര്‍ 6,7 തീയതികളില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: