നാടന്‍ തോക്കുകള്‍ പിടികൂടി

Saturday 27 August 2016 9:56 am IST

നിലമ്പൂര്‍: മലമാനെ വെടിവച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയില്‍നിന്നും വെടിവക്കാനുപയോഗിച്ച നാടന്‍ തോക്കുകള്‍ പിടിച്ചെടുത്തു. എരുമമുണ്ട ചെമ്പന്‍കൊല്ലി പുത്തലത്ത് അബ്ദുള്‍ മജീദില്‍ നിന്നുമാണ് തോക്കുകള്‍ കണ്ടെടുത്തത്. അനുജന്‍ മുജീബ് സമീപത്തെ പൊട്ടക്കിണറ്റില്‍ സൂക്ഷിച്ചിരുന്ന തോക്കുകളാണ് എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ എസ്.അനീഷിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ കണ്ടെടുത്തത്. മൃഗവേട്ടക്കുപയോഗിക്കുന്ന കുടുക്കുള്‍പ്പെടെയുള്ള അനുബന്ധ സാധനങ്ങളും കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് തോക്കുകള്‍ കണ്ടെടുത്തത്. അബ്ദുള്‍ മജീദാണ് കിണറ്റില്‍ നിന്നും തോക്കുകള്‍ എടുത്തു നല്‍കിയത്. കഴിഞ്ഞ മെയില്‍ എടവണ്ണ റെയ്ഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കല്ലുണ്ട വനമേഘലയില്‍ നിന്നും വേട്ടയാടിയ മാനിന്റെ ഇറച്ചിയുമായി അബ്ദുള്‍ മജീദ് കാഞ്ഞിരപ്പുഴ ഫോറസ്റ്റിന്റെ പിടിയിലായിരുന്നു. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. വെടിവക്കാന്‍ ഉപയോഗിച്ച തോക്ക് പുലാമന്തോളിലെ സുഹൃത്തിന്റെ ആണെന്നായിരുന്നു അന്ന് നല്‍കിയ മൊഴി. അബ്ദുള്‍ മജീദിന്റെ സഹോദരനായ മുജീബാണ് സമീപത്തെ പൊട്ടക്കിണറ്റില്‍ തോക്കുകള്‍ ഒളിപ്പിച്ചത്. അന്നത്തെ മലമാന്‍കേസില്‍ സഹോദരന്‍ മുജീബും പങ്കാളിയായിരുന്നു എന്നും ഇയാള്‍ക്കെതിരെയും കേസെടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു. വിദേശനിര്‍മ്മിത തോക്കുകളെപോലും വെല്ലുന്ന രീതിയിലുള്ള നാടന്‍ തോക്കുകളാണിവ. മാസങ്ങളോളം കിണറ്റില്‍ കിടന്നിട്ടും യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ല. ഈ മേഖലയില്‍ നിന്നും വനം വകുപ്പ് കഴിഞ്ഞ 6 മാസത്തിനിടയില്‍ അരഡസനോളം നാടന്‍ തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കേസുകള്‍ വനംവകുപ്പ് പോലീസിന് കൈമാറുകയാണ് പതിവ്. ആയുധ നിയമ പ്രകാരം കേസെടുക്കുകയും നാടന്‍തോക്കുകളുടെ ഉറവിടം കണ്ടെത്തേണ്ടതും പോലീസാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളില്‍ പോലീസ് കാണിക്കുന്ന നിസ്സങ്കതയാണ് നാടന്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള വേട്ടകള്‍ സജീവമാവാന്‍ കാരണം. ഡപ്യൂട്ടി റെയ്ഞ്ചര്‍ സുനില്‍, ഫോറസ്റ്റര്‍ ബെന്‍സിലാല്‍, ഡിഎഫ്ഒമാരായ ഹാരിസ്, ബീന എന്നിവരും സംഘത്തിലുണ്ടായിരുന്നു. തോക്കുകള്‍ വനം വകുപ്പ് മഞ്ചേരി വനം കോടതിയില്‍ ഹാജരാകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.