മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനു ജില്ലാ പഞ്ചായത്തിന് 3.1 കോടി

Saturday 27 August 2016 10:06 am IST

കോഴിക്കോട്: ജില്ലയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനു 3.1 കോടി രൂപയുടെ പദ്ധതികള്‍ വകയിരുത്തുന്നതിനു ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. വടകര ജില്ലാ ആശുപത്രിയില്‍ 1.85 കോടി രൂപയുടെ സീവേജ് ട്രീറ്റ്‌മെന്റ് പഌന്റ്, പുറക്കാട്ടിരി ആയുര്‍വേദ കോളേജില്‍ 21.3 ലക്ഷം രൂപ ചെലവില്‍ സിവേജ് ട്രീറ്റ്‌മെന്റ് പഌന്റ്, കൂത്താളി കൃഷി ഫാമില്‍ 1.9 കോടി രൂപ ചെലവില്‍ കോഴി മാലിന്യം ജൈവളമാക്കുന്ന യൂണിറ്റ് എന്നിവ സ്ഥാപിക്കും. കോഴിക്കോട്, ബാലുശ്ശേരി, പേരാമ്പ്ര ബ്ലോക്കുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പഌസ്റ്റിക് മാലിന്യസംസ്‌കരണ പദ്ധതി നടപ്പിലാക്കും. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് 36 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. മാലിന്യം വേര്‍തിരിച്ചു സംസ്‌കരിക്കുന്നതിനു സ്വന്തമായി പഌസ്റ്റിക് റീസൈകഌംഗ് യൂണിറ്റുളള സ്വകാര്യ ഏജന്‍സികളെ കണ്ടെത്തുകയും ഏജന്‍സി വീടുകളിലെത്തി നേരിട്ടു മാലിന്യം ശേഖരിക്കുകയും ചെയ്യും. ഇതിനു നിശ്ചിത ഫീസ് ഈടാക്കും. പേപ്പര്‍ പോലുളള വസ്തുക്കള്‍ ഏജന്‍സികള്‍ പണം നല്‍കി വാങ്ങും. മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന പഌന്റ് സ്ഥാപിക്കാന്‍ പഞ്ചായത്തുകള്‍ സ്ഥലം നല്‍കണം. ഇവിടെ ബ്ലോക്ക് പഞ്ചായത്തുകള്‍ കെട്ടിടം നിര്‍മ്മിക്കുകയും പഌന്റിലേക്കാവശ്യമായ ഉപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് നല്‍കുകയും ചെയ്യും. മാലിന്യങ്ങള്‍ വേര്‍തിരിച്ചു ബണ്ഡിലുകളാക്കി മാറ്റുക മാത്രമാണ് ഇത്തരം കേന്ദ്രങ്ങള്‍ ചെയ്യുക. ഇവ പിന്നീട് റീസൈകഌംഗ് യൂണിറ്റുകളിലേക്ക് അയക്കും. ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ 15 ലക്ഷം രൂപ ചെലവില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കും. പേരാമ്പ്ര വനിതാ ഹോസ്റ്റലില്‍ ബയോഗ്യാസ് പ്ലാന്റും ഇന്‍സിനേറ്ററും സ്ഥാപിക്കും. ആര്‍.എം.എസ്.എ സ്‌കൂളുകളില്‍ അദ്ധ്യാപകരെ നിയമിക്കാന്‍ ഉത്തരവിറക്കിയതായി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ.ഗീരീഷ് ചോലയില്‍ യോഗത്തില്‍ അറിയിച്ചു. മാനസിക വൈകല്യമുളളവര്‍ക്കുളള ക്യാമ്പ് നടത്താന്‍ മെഡിക്കല്‍ ഓഫീസര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കാനും ക്യാമ്പിലെ മരുന്നുവിതരണം കാര്യക്ഷമമാക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു യോഗം നിര്‍ദ്ദേശം നല്കി. പട്ടിക ജാതി, വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും സൈക്കിളും ലാപ്‌ടോപ്പുമുള്‍പ്പെടെയുളള പഠനോപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് നേരിട്ടു വിതരണം ചെയ്യാന്‍ പാടില്ലെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഈ തുക മെറിറ്റ് സ്‌കോളര്‍ഷിപ്പായി കുട്ടികള്‍ക്കു നല്‍കാന്‍ തീരുമാനിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹത. സംസ്ഥാനത്തിനകത്തു പഠിക്കുന്നവര്‍ക്ക് 25,000/ രൂപയും അല്ലാത്തവര്‍ക്ക് 50,000/ രൂപയും എന്‍ട്രന്‍സ് കോച്ചിംഗിന് 5,000/ രൂപയും നല്‍കും. ഇതിന്റെ മാനദണ്ഡങ്ങള്‍ പിന്നീടു തീരുമാനിക്കും.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബൂ പറശ്ശേരി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സര്‍വശ്രീ. പി.ജി.ജോര്‍ജ്ജ് മാസ്റ്റര്‍, പി.കെ.സജിത, മുക്കം മുഹമ്മദ്, സുജാന മനക്കല്‍, അംഗങ്ങളായ വി.ഡി.ജോസഫ്, അഹമ്മദ് പുന്നക്കല്‍, എ.എം.വേലായുധന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി.പാര്‍ത്ഥസാരഥി ടി. എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.