കോഴിക്കോട്ടെ പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം പ്രവര്‍ത്തന സജ്ജം

Saturday 27 August 2016 10:09 am IST

കോഴിക്കോട്: കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ പ്രവര്‍ത്തന സജ്ജമായ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കുറ്റമറ്റതെന്ന് ഉറപ്പിക്കാനുള്ള അവസാനവട്ട മോക് ടെസ്റ്റ് ടെസ്റ്റ് ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നടത്തി. 321 പേര്‍ക്ക് ഒരുമിച്ച് പരീക്ഷയെഴുതാനുള്ള സൗകര്യവുമായി കെപിഎസ്‌സിയുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രമാണ് കോഴിക്കോട്ട് ആരംഭിക്കുന്നതെന്ന് ചെയര്‍മാന്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നിവയാണ് മറ്റു ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍. ഇവയുടെ ഇരിപ്പിട ശേഷി യഥാക്രമം 240, 104, 210 ആണ്. ഓരോ സെന്ററിന്റെയും ഇരിപ്പിടശേഷിയുടെ ഇരട്ടി പേര്‍ക്ക് പരീക്ഷ നടത്താന്‍ കഴിയുന്ന വിധത്തിലാണ് സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിനായി അകത്തേക്ക് പ്രവേശനം മാത്രം അനുവദിക്കുന്ന കാത്തിരിപ്പ് കേന്ദ്രമുണ്ട്. ഇവിടെ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. ഇത് പൂര്‍ണമായി സിസിടിവി നിരീക്ഷണത്തിലുമായിരിക്കും. പുറത്തേക്കുള്ള വഴി പരീക്ഷാ കേന്ദ്രത്തില്‍നിന്നാണ്. നാല് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളായതോടെ 1500 പേര്‍ വരെ അപേക്ഷകരുള്ള പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ കഴിയും. ഓണ്‍ലൈന്‍ പരീക്ഷ നടത്തിയാല്‍ ഇന്റര്‍വ്യു ഇല്ലെങ്കില്‍ ഒരു മാസത്തിനകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയും. മലബാര്‍ മേഖലയിലെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കായാണ് കോഴിക്കോട് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. സെന്ററിന്റെ ഉദ്ഘാടനം ഉടന്‍ നടത്താനാണ് തീരുമാനം. നിര്‍മാണ പ്രവൃത്തി 2015 മേയ് 13നാണ് ആരംഭിച്ചത്. നിര്‍വഹണ ഏജന്‍സി കെല്‍ ആണ്. സ്ഥാപിക്കാനിരിക്കുന്ന ലിഫ്റ്റ് ഉള്‍പ്പെടെ 8,12,42,920 രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.