ബോംബെ രവി അന്തരിച്ചു

Wednesday 7 March 2012 10:37 pm IST

മുംബൈ: മെലഡിയുടെ ഈണങ്ങളിലൂടെ മലയാള സിനിമാരംഗത്ത്‌ സംഗീത മഴ പെയ്യിച്ച ബോംബെ രവി (87) അന്തരിച്ചു. മുംബൈയിലെ സ്വവസതിയില്‍ ഇന്നലെ വൈകിട്ട്‌ അഞ്ചിനായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തിന്‌ കുറെക്കാലമായി ചികിത്സയിലായിരുന്നു.
ഹിന്ദിയില്‍ നിരവധി ഉജ്ജ്വലഗാനങ്ങള്‍ ഒരുക്കിയ രവിശങ്കര്‍ എന്ന ബോംബെ രവി എംടി-ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ്‌ മലയാള സിനിമാ രംഗത്തേക്ക്‌ വരുന്നത്‌. രവി ഈണമിട്ട പഞ്ചാഗ്നി എന്ന ചിത്രത്തിലെ 'സാഗരങ്ങളെ പാടിയുറക്കിയ.....' എന്നു തുടങ്ങുന്ന ഗാനവും 'ആ രാത്രി മാഞ്ഞുപോയ്‌...' എന്ന ഗാനവും മലയാളി ഒരിക്കലും മറക്കാത്തവയാണ്‌. നഖക്ഷതങ്ങള്‍, വൈശാലി, സുകൃതം, പരിണയം, ഒരു വടക്കന്‍ വീരഗാഥ, പാഥേയം, വിദ്യാരംഭം, ഗസല്‍ എന്നീ ചിത്രങ്ങളുടെ ഗാനങ്ങള്‍ ഒരുക്കിയത്‌ ബോംബെ രവിയാണ്‌. നഖക്ഷതങ്ങളിലെ 'മഞ്ഞള്‍ പ്രസാദവും....' എന്ന്‌ തുടങ്ങുന്ന ഗാനത്തിന്‌ ചിത്രക്ക്‌ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ്‌ ഏറ്റവുമൊടുവില്‍ സംഗീതം നല്‍കിയത്‌.
അറുപതുകളില്‍ത്തന്നെ ഹിന്ദി സിനിമയില്‍ അറിയപ്പെടുന്ന സംഗീതസംവിധായകനായി മാറിയ രവി അദ്ദേഹത്തിന്റെ ആരാധകനായ ഹരിഹരന്റെ മലയാള ചിത്രങ്ങള്‍ക്കാണ്‌ കൂടുതല്‍ ഈണം നല്‍കിയിട്ടുള്ളത്‌. ഹിന്ദിയില്‍ ഗസല്‍ ടച്ചുള്ള ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള രവിയുടെ സ്ഥാനം നൗഷാദിനൊപ്പമാണ്‌. മെലഡിയുടെ ആത്മാവ്‌ തൊട്ടറിഞ്ഞ സംഗീത സംവിധായകനായിരുന്നു അദ്ദേഹം. മലയാളികളല്ലാത്ത മറ്റ്‌ പല സംഗീതസംവിധായകരില്‍നിന്ന്‌ വ്യത്യസ്തമായി ഗാനം എഴുതിക്കഴിഞ്ഞ്‌ ഈണം നല്‍കുന്ന രീതിയായിരുന്നു അദ്ദേഹം പിന്തുടര്‍ന്നത്‌.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.