നാടുനീങ്ങിയ പെണ്‍കരുത്ത്

Saturday 27 August 2016 5:49 pm IST

ലോകത്തുള്ള കടുവകളുടെ 70 ശതമാനം ഭാരതത്തിലാണ്.   വംശമറ്റുപോകുന്ന കടുവകളുടെ നിലനില്‍പ്പിനായാണ്  ഭാരത സര്‍ക്കാര്‍ പ്രൊജക്ട് ടൈഗര്‍  ആരംഭിച്ചത്. എന്നിട്ടും 2006 ല്‍  ഭാരതത്തിലുണ്ടായിരുന്ന കടുവകള്‍ 1411 ആണ്. ആവാസവ്യവസ്ഥയിലെ, ഭക്ഷ്യ ശ്യംഖലയിലെ  ഏറ്റവും ഉയര്‍ന്ന കണ്ണിയാണ് കടുവ. അതുകൊണ്ടു കടുവാസംരക്ഷണം പരിസ്ഥിതി സംരക്ഷണം കൂടിയാണ്. കടുവയെക്കൊന്ന് അവയുടെ തോല്‍ വിറ്റുകിട്ടുന്ന തുകയേക്കാള്‍ എത്രയോ കൂടുതലാണ് മൃഗ സംരക്ഷണം എന്ന് മനസ്സിലാക്കി സംരക്ഷകരായിത്തീര്‍ന്ന നായാട്ടുകാരേറെയുണ്ട്. രാജസ്ഥാനിലെ സവായ് മാധോപ്പൂരിലുള്ള രണ്‍തംഭോര്‍ കടുവാസങ്കേതം വന്യജീവിപ്രേമികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. 2014 ലെ   കണക്കനുസരിച്ച്  62 കടുവകളുണ്ടിവിടെ. പക്ഷെ കടുവകളുള്ളതുകൊണ്ടു മാത്രം ഒരു സ്ഥലം സഞ്ചാരികളെ ആകര്‍ഷിക്കില്ല. ആകാംക്ഷയോടെ  കാത്തുനില്‍ക്കുന്ന കാഴ്ചക്കാരുടെ മുമ്പിലൂടെ മനുഷ്യ ഭയമില്ലാതെ നടന്നു നീങ്ങുന്ന കടുവകള്‍ അവരെ രോമാഞ്ചമണിയിക്കും; ആ കാഴ്ച വാക്കാല്‍ വിവരിക്കാന്‍ പറ്റില്ല. പലപ്പോഴും ചെറിയ ശബ്ദങ്ങള്‍ പോലും കടുവകളെ അലോസരപ്പെടുത്തും, അവ ഉള്‍കാട്ടിലേക്ക് പിന്‍വാങ്ങും, അക്രമാസക്തരാകും. അപ്പോള്‍ അതിലൊരെണ്ണം തന്റെ കൊച്ചുകുട്ടികളെ നയിച്ച് അവരുടെ കൂടെക്കളിച്ചുകൊണ്ടു ക്യാമറക്കണ്ണുകള്‍ക്കു നേരെ നോക്കി ഭയമില്ലാതെ നിന്നാലോ?  മുമ്പില്‍ വേട്ടയാടി ഇരയേയും കൊണ്ട് നടന്നു നീങ്ങിയാലോ? രണ്ട് മാസം പ്രായമായ കുഞ്ഞോമനകളെയും കൊണ്ട് സന്ദര്‍ശകരുടെ മുന്‍പിലൂടെ നീങ്ങുന്ന മച്ഛ്‌ലി ഒരു സ്ഥിരം കാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ ഈ കടുവ അവരില്‍ ഒരു വികാരമായി വളര്‍ന്നു. അവള്‍ കടുവ പ്രേമികളുടെ സ്വന്തമായി. അവളുടെ കുഞ്ഞുങ്ങള്‍ അവരുടെ സ്‌നേഹവും കരുതലുമായി. അവളുടെയും കുഞ്ഞുങ്ങളുടെയും സുഖവിവരം അന്വേഷിക്കുക വന്യജീവി സ്‌നേഹികളുടെയും ഒരിക്കല്‍ അവരെ കണ്ടവരുടെയും പതിവായി. അങ്ങനെ കടുവാ സംരക്ഷണ വസതിയില്‍ ഈ പെണ്‍കടുവ വളരെയധികം സംഭാവന ചെയ്തു. ഈ കടുവയെക്കാണാന്‍ വിദേശങ്ങളില്‍ നിന്ന് പോലും ആള്‍ക്കാരെത്തി. ലക്ഷക്കണക്കിന് ഡോളര്‍ ഈ കടുവയെ ചുറ്റിപ്പറ്റിയുള്ള ടൂറിസം  സൃഷ്ടിച്ചുവെന്ന്  പറയുമ്പോഴാണ് ഇവളുടെ പ്രഭാവം മനസ്സിലാകുക. മച്ഛ്‌ലിയുടെ ആരാധകരില്‍ പ്രശസ്തനായ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ വരെ ഉണ്ടായിരുന്നു. മുഖത്ത് മീന്‍മുള്ളിന്റെ അടയാളമുള്ള അമ്മയ്ക്ക് 1997ല്‍ ജനിച്ച കടുവക്കുഞ്ഞിന് നാട്ടുകാരുടെ പേര് ജാലര എന്നായിരുന്നു;  ആ പ്രദേശത്തിന്റെ പേര്. മുഖത്ത് മീന്മുള്ളുള്ള അമ്മയെ നാട്ടുകാര്‍ വിളിച്ചിരുന്നത് മച്ഛ്‌ലി എന്നും.  ഈ കടുവക്കുഞ്ഞിനും മുഖത്ത് മീന്മുള്ളടയാളം ഉണ്ടായിരുന്നു. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നത് കാട്ടുനീതിയാണ്. നാല്  വയസ്സായ ജാലര കാട്ടിലെ പ്രധാന സ്ഥലമായ പദംതടാകവും അതിനോടടുത്തുള്ള പഴയ പൊളിഞ്ഞ കൊട്ടാരവും പ്രധാന ആവാസകേന്ദ്രമാക്കി.  അസാമാന്യ ശൗര്യം  പ്രകടിപ്പിച്ച  ഈ കടുവയെ നാട്ടുകാര്‍ ക്രമേണ മച്ഛ്‌ലി എന്നുതന്നെ വിളിച്ചു. അഞ്ചു പ്രസവത്തിലായി 11 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ഇവളുടെ അനന്തര തലമുറകളാണ് രാജസ്ഥാനിലെ രണ്‍തംഭോറിലെയും സരിസ്‌കയിലെയും 40  ശതമാനം കടുവകളും. സഞ്ചാരികള്‍ക്കിടയിലൂടെ കുട്ടികളെക്കൊണ്ട് നടന്നു നീങ്ങുന്നതിനിടയിലും കുട്ടികളെക്കുറിച്ച് അവള്‍ അതീവ ശ്രദ്ധാലുവായിരുന്നു.സ്വന്തം കുഞ്ഞുങ്ങളെ ആക്രമിക്കാനെത്തുന്ന മുതലകളെ അവള്‍ ആജന്മ ശത്രുവായിത്തന്നെ കരുതി. മുതലകളുടെ കട്ടിയുള്ള തൊലി കടിച്ചുകീറി മച്ഛ്‌ലിയുടെ മൂന്നു കോമ്പല്ലുകള്‍  ഒടിഞ്ഞുപോയി . അരകോമ്പല്ലുമായാണ്  മച്ഛ്‌ലി  ജീവിതത്തിന്റെപകുതിക്കാലയളവും ജീവിച്ചത്. T16 (Tiger Number 16)  ആയിരുന്നു ഇവളുടെ ഔദ്യോഗിക നാമം.  വിശേഷണങ്ങള്‍ ഏറെയുണ്ട് ഇവള്‍ക്ക്: ക്വീന്‍ ഓഫ് രണ്‍തംഭോര്‍, ലേഡി ഓഫ്  ദ ലേക്‌സ് എന്നത് ചിലതുമാത്രം. ചാകുമ്പോള്‍ വയസ്സ് 19. കാട്ടില്‍ ഏറ്റവുമധികം നാള്‍ ജീവിച്ചിരുന്ന കടുവ. ലോകത്തില്‍ ഏറ്റവുമധികം ചിത്രമെടുക്കപ്പെട്ട കടുവ.- National geographic ചാനലില്‍ ഏറ്റവുമധികം പ്രത്യക്ഷപ്പെട്ടിട്ടുള്ള കടുവ, ചില വീഡിയോ ദൃശ്യങ്ങള്‍ക്ക്  55 ലക്ഷം കാഴ്ചക്കാരുണ്ടെന്നത് ഇവളുടെ ജനസമ്മതിയുടെ വ്യാപ്തി തെളിയിക്കുന്നു. ഇപ്പോള്‍ പദംതടാകത്തിന്റെ അധികാരിയായ കൃഷ്ണ (T19) മച്ഛ്‌ലിയുടെ മകളാണ് സൗന്ദര്യവും ശക്തിയും ശൗര്യവുമൊത്ത, അമ്മയുടെ മകള്‍...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.