ഡ്യൂറാന്‍ഡ് കപ്പിന് ഇന്ന് കിക്കോഫ്

Saturday 27 August 2016 10:08 pm IST

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറാന്‍ഡ് കപ്പിന് ഇന്ന് കിക്കോഫ്. സെപ്തംബര്‍ 11 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ഉദ്ഘാടന മത്സരത്തില്‍ ഇന്ന് വൈകിട്ട് 6.30ന് സ്‌പോര്‍ട്ടിങ് ഗോവയും ഡിഎസ്‌കെ ശിവാജിയന്‍സും തമ്മില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റിന്റെ 128-ാം പതിപ്പാണ് ഇത്തവണത്തേത്. ഏഷ്യയിലെ ഏറ്റവും പഴയതും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തേതുമാണ് ഇന്ത്യയുടെ സ്വന്തം ഡ്യുറാന്‍ഡ് കപ്പ്. 2014-ല്‍ സാല്‍ഗോക്കര്‍ ചാമ്പ്യന്മാരായി. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍ഷിപ്പ് നടന്നില്ല. ന്യൂദല്‍ഹി അംബേദ്കര്‍ സ്‌റ്റേഡിയം, ഹര്‍ബക്ഷ്‌സ്‌റ്റേഡിയം എന്നിവിടങ്ങളിലാണു മല്‍സരങ്ങള്‍. സെപ്തംബര്‍ ഏഴുവരെ ഗ്രൂപ്പ് മത്സരങ്ങളും 9ന് സെമിഫൈനലും 11ന് ഫൈനലും നടക്കും. 12 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഈ ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കും. ഗ്രൂപ്പ് എയില്‍ ആര്‍മി ഗ്രീന്‍, ഡിഎസ്‌കെ ശിവാജിയന്‍സ്, ഗാങ്‌ടോക് ഹിമാലയന്‍, ഇന്ത്യന്‍ നേവി, മിനര്‍വ അക്കാദമി, സ്‌പോര്‍ട്ടിങ് ഗോവ എന്നീ ടീമുകള്‍. ബി ഗ്രൂപ്പില്‍ ഐസ്‌വാള്‍ എഫ്‌സി, ആര്‍മി റെഡ്, ഡെംപോ ഗോവ, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, റിയല്‍ കശ്മീര്‍ എഫ്‌സി, ഇംഫാ ലില്‍ നിന്നുള്ള നെറോക എഫ്‌സി എന്നീ ടീമുകള്‍ അണിനിരക്കും. ഡിഎസ്‌കെ ശിവാജിയന്‍സ്, ഗാങ്‌ടോക് ഹിമാലയന്‍സ്, മിനര്‍വ അക്കാദമി, ഐസ്‌വാള്‍ എഫ്‌സി, റിയല്‍ കശ്മീര്‍ എഫ്‌സി എന്നീ ടീമുകള്‍ ആദ്യമായാണു ഡ്യൂറാന്‍ഡ് കപ്പില്‍ കളിക്കുന്നത്. ടൂര്‍ണമെന്റില്‍ വിജയിക്കുന്നവര്‍ക്ക് 45 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. സെമിയിലെത്തുന്ന മറ്റു രണ്ടു ടീമുകള്‍ക്ക് അഞ്ചു ലക്ഷം വീതവും നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.