സിപിഎമ്മിന്റെ ഒത്താശയോടെ നിലം നികത്തല്‍ വ്യാപകം

Saturday 27 August 2016 10:56 pm IST

വിഴിഞ്ഞം: വെള്ളായണി കായലുമായി ബന്ധപ്പെട്ട പുഞ്ചപ്പാടങ്ങള്‍ സിപിഎമ്മിന്റെ ഒത്താശയോടെ നികത്തുന്നു. വെള്ളായണി കായലുമായി ബന്ധപ്പെട്ട പുഞ്ചപ്പാടങ്ങളുടെ പ്രശസ്തി വളരെ വലുതാണ്. പ്രധാനമായും നാലു പാടങ്ങളിലാണ് പരമ്പരാഗതമായി നെല്‍കൃഷി ഉള്‍പ്പെടെയുള്ളവ നടന്നുവരുന്നത്. മാങ്കിളിക്കര പാടം, കാഞ്ഞിരത്തടി, പണ്ടാരക്കരി, പുഞ്ചക്കരി എന്നിവയാണ് പ്രധാനപാടങ്ങള്‍. കഴിഞ്ഞ കുറേ നാളുകളായി ഈ പാടങ്ങളെ നികത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് ഇത് പലപ്പോഴും വഴിമുട്ടുകയായിരുന്നു. എന്നാല്‍ തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി സംസ്ഥാനത്ത് അധികാരമേറ്റതിനെതുടര്‍ന്ന് നിലം നികത്തല്‍ വിപുലമായ രീതിയില്‍ ആരംഭിക്കുന്ന വിരോധാഭാസമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ പ്രമുഖരായ സിപിഎം നേതാക്കളുടെ രഹസ്യ പിന്‍തുണയോടെയാണ് നിലംനികത്തലും കായല്‍ കൈയ്യേറ്റവും ആരംഭിച്ചിരിക്കുന്നത്.ഏകദേശം മുപ്പത്തിഅഞ്ച് ഹെക്ടറോളം വരുന്ന മാങ്കിളിക്കര പാടത്തിലെ രണ്ടേക്കറോളം വരുന്ന ഭൂമി നിലവില്‍ നികത്തിക്കഴിഞ്ഞു. പാടശേഖരങ്ങള്‍ സംരക്ഷിക്കാനെന്ന വ്യാജേന രൂപം കൊണ്ട ചില സംഘടനകളുടെ ചുമതലപ്പെട്ടവരുടേതാണ് നികത്തപ്പെട്ട വയല്‍ എന്നതാണ് ഏറെ രസകരം. നിലവില്‍ പഞ്ചായത്ത് ഭരണം ബിജെപിയുടെ കൈകളിലാണ്. പഞ്ചായത്ത് ഭരണസമിതി നിലം നികത്തലിനെതിരേ പ്രമേയം പാസ്സാക്കുകയും സ്റ്റോപ്പ് മെമ്മോ കൊടുക്കുകയും ചെയ്തു കഴിഞ്ഞു. പക്ഷേ റവന്യൂ വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് പാടം നികത്തുന്നതിനെതിരേ നടപടികള്‍ ഉണ്ടാകുന്നില്ല. സംസ്ഥാന ഭരണത്തിലെ ചില ഉന്നതരുടെ ശക്തമായ സമ്മര്‍ദ്ദത്തിന്  വഴങ്ങുന്ന ചില  ഉദ്യോഗസ്ഥരുടെ രഹസ്യ നിര്‍ദ്ദേശമാണ് ഇതിന് പിന്നില്‍ എന്നാണ് പൊതുജന സംസാരം. കേരള നിയമസഭ പാസ്സാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അനുസരിച്ച് കയ്യേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി അധികൃതരോട് ആവശ്യപ്പെട്ടു കഴിഞ്ഞു. അതിന്റെ ഭാഗമായി ആര്‍ഡിഒ, ജില്ലാകളക്ടര്‍ , കൃഷിഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കി. നിലം നികത്തിയതിന്റെ ഭാഗമായി നെല്‍പ്പാടം പൂര്‍ണ്ണമായും രണ്ടായി മുറിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇവിടെ വലിയ ഉയരത്തില്‍ കരിങ്കല്ല് ഭിത്തിയും കെട്ടി കഴിഞ്ഞു. പൊതുവേ വെള്ളക്കെട്ടുള്ള ഈ പ്രദേശം കൂടുതല്‍ വെള്ളത്തിനടിയിലാകാനാണ് സാധ്യത. അതു കൊണ്ട് തന്നെ മറ്റ് പാടങ്ങള്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകും എന്ന് തീര്‍ച്ചയാണ്. ഇതു തന്നെയാണ് നികത്തുന്നവരുടെ ലക്ഷ്യവും. വന്‍കിട റിയല്‍ എസ്റ്റേറ്റ്, ഭൂമാഫിയയാണ് ഇതിന് പിന്നിലുള്ളത് എന്നാണ് സംശയിക്കപ്പെടുന്നത്. നടപടികള്‍ ഉണ്ടാകാന്‍ താമസം നേരിട്ടാല്‍  ജനപങ്കാളിത്തത്തോടെ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനാണ് ഭരണസമിതിയുടേയും ബിജെപിയുടേയും  തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.