മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ മുട്ടുമടക്കി

Saturday 27 August 2016 10:57 pm IST

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവിഷയത്തില്‍ സര്‍ക്കാര്‍ മുട്ടു മടക്കി. കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ മാനേജുമെന്റുകളുമായി നാളെ ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും. സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തില്‍  അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒരു ഏറ്റുമുട്ടലിനുമില്ല. ചര്‍ച്ചകള്‍ക്ക് ശേഷം എല്ലാ കാര്യത്തിലും തീരുമാനമെടുക്കുമെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോടു പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിയാണ് ഹൈക്കോടതി താത്ക്കാലികമായി സ്‌റ്റേ ചെയ്തത്. 50 ശതമാനം സീറ്റുകളാണ് സര്‍ക്കാരിനു കിട്ടുക. ഈ സീറ്റുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക സര്‍ക്കാരിന്റെ ചുമതലയായി മാറും. മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളില്‍ വന്‍ വര്‍ദ്ധന ഉണ്ടാകാതെ നോക്കണം. ഇക്കാര്യം ചര്‍ച്ചയില്‍ പ്രധാന വിഷയമാകും. ഇടക്കാല ഉത്തരവില്‍ അപ്പീലിനില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ചര്‍ച്ചകളിലൂടെ അടിയന്തരമായി ധാരണയിലെത്തിയില്ലെങ്കില്‍ പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളാകും വലയുക. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍  ആദ്യഘട്ട അലോട്ട്‌മെന്റ് മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിരിക്കുന്നത്. സെപ്റ്റംബര്‍ 30 ന് മുന്‍പായി എല്ലാ പ്രവേശന നടപടികളും പൂര്‍ത്തിയാക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. ഇതിനിടെ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഒഴിച്ചുളള സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ നിര്‍ണ്ണായക യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രവേശനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെപ്പറ്റി യോഗം ചര്‍ച്ച ചെയ്യും. സര്‍ക്കാരുമായി വീണ്ടുമൊരു ചര്‍ച്ച നടത്തണമോ അതോ ചര്‍ച്ചയില്ലാതെ പ്രവേശന നടപടികളുമായി മുന്നോട്ട് പോകണോ എന്നതാണ് പ്രധാന വിഷയം. ചര്‍ച്ച നടത്തുകയാണെങ്കില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് മാനേജ്‌മെന്റുകള്‍. കോടതി വിധി പൂര്‍ണ്ണമായും തങ്ങള്‍ക്ക് അനുകൂലമായതിനാല്‍ പ്രവേശന നടപടികളുമായി മുന്നോട്ട് പോകണമെന്നാണ്  അധികം മാനേജ്‌മെന്റുകളുടെയും നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.