ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് എതിരെ ജീവനക്കാര്‍

Saturday 27 August 2016 11:11 pm IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ. എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിനെതിരെ ക്ഷേത്രജീവനക്കാര്‍ കടുത്ത അമര്‍ഷത്തില്‍. സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിയോടും ഭക്തജനങ്ങളോടും മാത്രമല്ല ജീവനക്കാരോടും സതീഷ് ഏറ്റുമുട്ടലിന്റെ പാതയിലാണ്. ശമ്പളപരിഷ്‌കരണം നടപ്പാക്കാതെ ക്ഷേത്രമുതല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ധൂര്‍ത്തടിക്കുകയാണെന്നു ജീവനക്കാര്‍ ആരോപിക്കുന്നു. നയപരമായ പല തീരുമാനങ്ങളും സുപ്രീംകോടതിയുടെയോ ജില്ലാജഡ്ജി അദ്ധ്യക്ഷയായ ഭരണസമിതിയുടെയോ അനുവാദമില്ലാതെ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശമ്പള പരിഷ്‌കരണം മാത്രം സുപ്രീംകോടതിയുടെ അനുമതിയുണ്ടെങ്കിലേ നടപ്പിലാക്കാന്‍ കഴിയൂ എന്ന നിലപാടെടുക്കുന്നത് ദുരൂഹമാണ്. ഇതില്‍ ജീവനക്കാര്‍ക്കു വലിയ അമര്‍ഷമുണ്ട്. ഓണസദ്യയ്ക്കും അലങ്കാരത്തിനും എല്ലാ ജീവനക്കാരുടെയും ശമ്പളത്തില്‍ നിന്ന് ആയിരം രൂപ പിടിക്കണമെന്ന എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദ്ദേശം യൂണിയന്‍ നേതാക്കന്മാര്‍  വിലക്കി. ശാന്തിക്കാരെ നിരന്തരം വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് നാലു നമ്പിമാരും മുപ്പതോളം ശാന്തിക്കാരും ആയിരം രൂപ അടയ്ക്കാന്‍ തയ്യാറല്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ക്ഷേത്രത്തിലെ മുന്‍ പെരിയനമ്പി ശബരം രാമന്‍ ഉമേശനെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠാനുജന്മാരെയും ക്ഷേത്രത്തിനുള്ളില്‍ തടഞ്ഞു. തിരുവിതാംകൂര്‍ മഹാരാജാക്കന്മാരെ പോലെ തന്നെ ക്ഷേത്രത്തില്‍ ഏകാന്ത ദര്‍ശനത്തിന് അവകാശമുള്ളതാണ് മുന്‍ പെരിയനമ്പിമാര്‍ക്കും. മുന്‍ പെരിയനമ്പിയെയും അദ്ദേഹത്തോടൊപ്പം വന്നവരെയും ദര്‍ശനത്തിനായി കടത്തിവിടാന്‍ പെരിയ കീഴ്ശാന്തി ആറമ്പാടി വാസുദേവന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ പെരിയ കീഴ്ശാന്തിക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. മുന്‍ പെരിയനമ്പി ഉപ്പാര്‍ണ്ണം നരസിംഹന്‍ കുമാറിനെ കള്ളക്കേസില്‍ കുടുക്കിയതിലും ശാന്തിക്കാര്‍ കടുത്ത രോഷത്തിലാണ്. പതിനേഴോളം ഉദ്യോഗസ്ഥര്‍ക്കു വയര്‍ലെസ്സ് സെറ്റുകള്‍ നല്‍കാനും എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉപയോഗത്തിനായി കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും സതീഷ് നടപടി എടുത്തു. ഇരുന്നൂറോളം പോലീസുകാര്‍ വയര്‍ലെസ്സ് ഉപയോഗിക്കുന്നുണ്ട്. കൂടാതെ ക്ഷേത്രത്തില്‍ ഇന്റര്‍കോം സംവിധാനവും ഉണ്ട്. ക്ഷേത്രത്തിന്റെ മുക്കും മൂലയും സിസിടിവി ക്യാമറകളിലൂടെ പോലീസുകാര്‍ നിരീക്ഷിക്കുന്നുമുണ്ട്. അപ്പോഴാണ് അനാവശ്യമായി വീണ്ടും ഇവ വാങ്ങിക്കൂട്ടുന്നത്. ശ്രീകോവില്‍, തന്ത്രിമഠം, നമ്പിമഠം എന്നിവയുടെ ജീര്‍ണോദ്ധാരണം, മൂലവിഗ്രഹത്തിലെ കല്‍ക്കലേപനം, ക്ഷേത്രക്കുള ശുചീകരണം തുടങ്ങി യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മെല്ലെപ്പോക്കു തുടരുമ്പോള്‍ അഗ്രശാലയിലെ കിണറിന്റെ ചുറ്റുമതില്‍ ഉയര്‍ത്തിക്കെട്ടിയതുള്‍െപ്പടെ അനാവശ്യ മരാമത്തുപണികള്‍ നടത്തിയും ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ചു നിയമനങ്ങള്‍ നടത്തിയും പണം ധൂര്‍ത്തടിക്കുന്നതായാണ് ആക്ഷേപം. പദ്മതീര്‍ത്ഥക്കരയിലെ കല്‍മണ്ഡപം പൊളിക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനില്‍ നിന്ന് അതു പുനര്‍നിര്‍മിക്കാന്‍ ഉണ്ടായ ചെലവ് ഈടാക്കണമെന്ന ആവശ്യവും നിറവേറ്റപ്പെട്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.