സിപിഎമ്മിന്റെ നരനായാട്ട് തുടരുന്നു; താനൂരില്‍ സംഘര്‍ഷാവസ്ഥ

Monday 29 August 2016 2:34 pm IST

താനൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുതല്‍ തുടങ്ങിയ സിപിഎമ്മിന്റെ കൊലവിളിക്ക് യാതൊരു ശമനവും വന്നട്ടില്ല. സംസ്ഥാനത്ത് ഉടനീളം സിപിഎം അക്രമം അഴിച്ചുവിടുകയാണ്. ജില്ലയില്‍ താനൂര്‍, തിരൂര്‍ തീരദേശമേഖലയിലാണ് കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം താനൂരില്‍ വെച്ച് ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ കോയമടത്ത് കബീര്‍(28) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. താനൂര്‍ ആല്‍ബസാറിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം. സിപിഎം പ്രവര്‍ത്തകരാണ് കുത്തിയതെന്ന് ലീഗ് ആരോപിക്കുന്നു. തിരൂര്‍ ഉണ്യാലില്‍ കുറേ ദിവസങ്ങളായി സിപിഎമ്മും ലീഗും പരസ്പരം ഏറ്റമുട്ടുകയാണ്. നൂറുകണക്കിന് വീടുകള്‍ അടിച്ചുതകര്‍ത്തു. മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടിന് നേരെയാണ് ആക്രമണം കൂടുതലുണ്ടായിരിക്കുന്നത്. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ നശിപ്പിച്ചു. അലമാര, ടിവി, കമ്പ്യൂട്ടര്‍, റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷന്‍, കസേര, മേശ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനാവാത്ത വിധം അടിച്ചു തകര്‍ത്തു. അക്രമത്തിന്റെ കാര്യത്തില്‍ മുസ്ലീം ലീഗും തീരെ പിന്നിലല്ല. പോലീസിനെ വരെ കല്ലെറിഞ്ഞാണ് അവര്‍ വീര്യം കാട്ടിയത്. ഇരുകൂട്ടരും തമ്മില്‍ പോരാടുമ്പോള്‍ ദുരിതത്തിലായിരിക്കുന്നത് സാധാരണ ജനങ്ങളാണ്. ഉണ്യാലിലെ ജനജീവിതം ദുസഹമായിരിക്കുന്നു. അക്രമത്തിന് ആഹ്വാനം നല്‍കിയതിന് ശേഷം നേതാക്കള്‍ സുഖമായി കിടന്നുറങ്ങുന്നു. ദുരിതത്തിലാകുന്നതാകട്ടെ സാധാരണക്കാരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.