മംഗലാപുരം എക്‌സ്‌പ്രസ് പാളം തെറ്റി

Sunday 28 August 2016 11:30 pm IST

കൊച്ചി: തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ പാളം തെറ്റി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. കറുകുറ്റി റെയില്‍വേ സ്‌റ്റേഷനു സമീപം ഇന്നലെ പുലര്‍ച്ചെ 2.20 ഓടെയായിരുന്നു അപകടം. ട്രെയിനിനു വേഗത കുറവായിരുന്നതിനാലും എതിര്‍ ട്രാക്കിലൂടെ വന്ന ചെന്നൈ എക്‌സ്പ്രസ് കറുകുറ്റി സ്‌റ്റേഷനു മുമ്പ് പിടിച്ചിട്ടതിനാലും വന്‍ അപകടം ഒഴിവായി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ സേഫ്റ്റി കമ്മീഷ്ണറുടെ നേതൃത്വത്തില്‍ ഉന്നതതല സംഘത്തെ നിയോഗിച്ചു. ആയിരത്തിലധികം യാത്രക്കാര്‍ അപകടപ്പെട്ട കംപാര്‍ട്ടുമെന്റുകളിലുണ്ടായിരുന്നു. ബര്‍ത്തില്‍നിന്നു വീണു പലര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശി കുന്നില്‍പുത്തന്‍വീട്ടില്‍ വിജയമ്മ (61)യെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഉച്ചയോടെ അവരെ വിട്ടയച്ചു.

എഞ്ചിനും, അഞ്ച് ബോഗികളും കടന്നു പോയതിനു ശേഷം ട്രെയിന്റെ 12 ബോഗികളാണ് പാളത്തില്‍ നിന്നും തെന്നി നീങ്ങിയത്. സമീപത്തെ സമാന്തര ട്രാക്കിലേക്ക് ചരിഞ്ഞ നിലയിലായിരുന്നു ബോഗികള്‍. എസ് മൂന്ന് മുതല്‍ എസ് പന്ത്രണ്ട് വരെയുളള സ്‌ളീപ്പര്‍ കോച്ചും, എ വണ്‍, ബി വണ്‍ എന്നീ ഉയര്‍ന്ന ക്ലാസ് കോച്ചുകളും അപകടത്തില്‍പെട്ടു. അവസാന ഭാഗത്തെ ആറുബോഗികള്‍ പാളത്തില്‍ തന്നെ നിന്നു. എസ് എട്ട് കോച്ച് സിഗ്‌നല്‍ പോസ്റ്റ് ഇടിച്ചു തകര്‍ത്തു. അതേസമയം ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പര്‍ എക്‌സ്പ്രസ് ട്രെയിന്‍ അപകടവിവരമറിയിച്ച് നിര്‍ത്താന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്.

കറുകുറ്റി റെയ്ല്‍വേ സ്‌റ്റേഷന്‍ മാസ്റ്ററുടെ അടിയന്തര ഇടപെടലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടാകുമായിരുന്ന വന്‍ അപകടം ഒഴിവാക്കിയത്. മൂന്നൂറ് മീറ്റര്‍ മാത്രം അകലെവച്ച് സൂപ്പര്‍ എക്‌സ്പ്രസ് നിര്‍ത്താനായി. അപകട വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിവിധ സ്‌റ്റേഷനുകളില്‍ എത്തിയ ട്രെയിനുകള്‍ അവിടെ തന്നെ പിടിച്ചിട്ടു. മഴയുണ്ടായതിനാല്‍ ട്രെയിനിന്റെ വേഗത കുറവായിരുന്നതും രക്ഷയായി. പാളത്തിലെ വിള്ളലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറിക്കുള്ള സാധ്യതയില്ലെന്ന് റെയില്‍വെ അറിയിച്ചു.

വലതുഭാഗത്തെ പാളത്തിന് വിള്ളല്‍ ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ ഭാഗത്ത് ട്രെയിന്‍ കയറിയപ്പോള്‍ പാളം മുറിഞ്ഞു പോയി. സ്ലീപ്പറുകള്‍ ഒടിഞ്ഞു. അപകടം നടക്കുമ്പോള്‍ യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. കൂരിരുട്ടും മഴയും കാരണം യാത്രക്കാര്‍ വെളിച്ചം കാണുന്ന ഭാഗത്തേക്ക് സഹായം തേടി അലറി വിളിച്ചു. കൈക്കുഞ്ഞുമായി എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറങ്ങിയ കുടുംബത്തിന് സ്ഥലമേതെന്നറിയാതെ ട്രാക്കിലൂടെ ഏറെ ദൂരം നടക്കേണ്ടിവന്നു. മെറ്റലിനു മുകളിലൂടെ കോച്ചുകള്‍ ഓടിയുണ്ടായ വലിയ ശബ്ദം കേട്ട് കൂരിരുട്ടത്ത് ടോര്‍ച്ചുകളുമായി ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി.

അപകടത്തെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. രാവിലെ 7.30ന് യാത്രക്കാര്‍ക്കായി ചാലക്കുടിയില്‍ നിന്ന് റെയില്‍വെ മംഗലാപുരത്തേക്ക് പ്രത്യേക സര്‍വീസ് നടത്തി. യാത്രക്കാരെ ചാലക്കുടി, തൃശൂര്‍, എറണാകുളം സ്‌റ്റേഷനുകളില്‍ എത്തിച്ചതായി റെയില്‍വേ അറിയിച്ചു. റെയില്‍വേ അഡീഷണല്‍ ജനറല്‍ മാനേജര്‍ പി.കെ. മിശ്ര, ഏരിയാ മാനേജര്‍ രാജേഷ് ചന്ദ്രന്‍, ഡിവിഷണല്‍ സുരക്ഷാ കമ്മീഷണര്‍ രഘുവീര്‍, പാലക്കാട് റെയില്‍വേ പോലീസ് ഡിവിഷന്‍ കമ്മീഷണര്‍ എം.കെ. ബ്രിട്ട എന്നിവര്‍ സ്ഥലത്തെത്തി.

പാളം തെറ്റിയ ബോഗികള്‍ രാത്രിയോടെ മാറ്റിയ ശേഷം ഒരു ഭാഗത്തേക്ക് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. റെയില്‍വേയുടെ അഞ്ഞൂറോളം തൊഴിലാളികള്‍ ഇന്നലെ രാവിലെ 8.30 ഓടെ സ്ഥലത്തെത്തി. ഷൊര്‍ണൂരില്‍ നിന്നും ക്രെയിനുകളും എത്തിച്ചിട്ടുണ്ട്. ഇന്നു ഉച്ചയോടെ പൂര്‍ണതോതില്‍ റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് കരുതുന്നു.

അട്ടിമറിയല്ലെന്ന് റെയില്‍വെ

കൊച്ചി: കറുകുറ്റിയില്‍ തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് പാളംതെറ്റിയ സംഭവത്തില്‍ അട്ടിമറിക്ക് സാധ്യതയില്ലെന്ന് റെയില്‍വെ. അപകടത്തിന് കാരണം പാളത്തിലെ വിള്ളലായിരിക്കാമെന്ന് റെയില്‍വെ അഡീഷണല്‍ ചീഫ് മാനേജര്‍ പി.കെ. മിശ്ര പറഞ്ഞു.

കറുകുറ്റിയില്‍ ഒഴിവായത് വന്‍ ദുരന്തം

അങ്കമാലി കറുകുറ്റിയില്‍ അപകടത്തിനുശേഷം വന്‍ ദുരന്തം ഒഴിവാക്കാന്‍ അവസരോചിത ഇടപെടല്‍ നടത്തിയ സ്‌റ്റേഷന്‍ മാസ്റ്റര്‍ സാബു വര്‍ഗ്ഗീസിനെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എ കെ നസീര്‍, ജില്ലാ സെക്രട്ടറി.എം എല്‍ ഗോപി മണ്ഡലം പ്രസിഡന്റ് പി എന്‍ സതീശന്‍ എന്നിവര്‍ അനുമോദിക്കുന്നു

അങ്കമാലി: കറുകുറ്റി റെയില്‍വേ സ്‌റ്റേഷനു സമീപം മലബാര്‍ എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് ഉണ്ടാകാമായിരുന്ന വന്‍ ദുരന്തം ഒഴിവാക്കിയത് സ്‌റ്റേഷന്‍ മാസ്റ്റര്‍ ബാബു വര്‍ഗീസിന്റെ സമയോചിതമായ ഇടപെടല്‍.

വന്‍ ശബ്ദം കേട്ട് പുറത്ത് ഇറങ്ങി നോക്കിയ കറുകുറ്റി റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ സംഭവം കൂടുതല്‍ വ്യക്തമാകുന്നതിന് മുന്‍പ് തന്നെ ഇരുവശങ്ങളിലേയും സിഗ്‌നലുകള്‍ ചുവപ്പാക്കിയതാണ് വന്‍ ദുരന്തം ഒഴിവാകുവാന്‍ കാരണമായത്. എറണാകുളത്ത് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ് പാളം തെറ്റിയ അതേ സമയത്ത് തന്നെ തൃശൂര്‍ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് ചെന്നൈ എക്‌സ്പ്രസ് വരുന്നുണ്ടായിരുന്നു. സിഗ്‌നല്‍ ചുവപ്പ് ആയിതിനെ തുടര്‍ന്ന് ചെന്നൈ എക്‌സ്പ്രസ് കറുകുറ്റി റെയില്‍വേ സ്‌റ്റേഷനു തൊട്ടു മുന്‍പ് നിര്‍ത്തുകയായിരുന്നു.

കൃത്യമായ സിഗ്‌നല്‍ കിട്ടിയാല്‍ ചെന്നൈ എക്‌സ്പ്രസ് ദുരന്ത സ്ഥലത്ത് എത്തുമ്പോള്‍ പാളം തെറ്റി കിടക്കുന്ന ബോഗികളില്‍ കയറി അപകടത്തിന്റെ ആഴം കൂട്ടുന്നതിന് കാരണമാകും. സിഗ്‌നല്‍ ലൈറ്റ് ചുവപ്പാക്കിയതിനു ശേഷം ശബ്ദം കേട്ട സ്ഥലത്ത് എത്തിയ സ്‌റ്റേഷന്‍ മാസ്റ്റര്‍ ബാബു വര്‍ഗീസ് സംഭവം മേല്‍ ഉേദ്യാഗസ്ഥരെ അറിയിക്കുകയും യാത്രക്കാരെയും മറ്റും രക്ഷപ്പെടുത്തി റോഡ് മാര്‍ഗ്ഗം തൃശൂരും എറണാകുളത്തും എത്തിക്കുന്നതിനും നേതൃത്വം നല്‍കുകയും ചെയ്തു.

ദീര്‍ഘദൂര ടെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കറുകുറ്റിയില്‍ മംഗലാപുരം എക്‌സ്പ്രസ് പാളംതെറ്റിയതിനെത്തുടര്‍ന്ന് ദീര്‍ഘദൂര ട്രെയിനുകളടക്കം വിവിധ ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. 27 ട്രെയിനുകളാണ് റദ്ദാക്കിയത്. ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. യാത്ര തുടങ്ങിയ വിവിധ ട്രെയിനുകള്‍ ഇടയ്ക്ക് യാത്ര അവസാനിപ്പിക്കും.

റദ്ദാക്കിയ ട്രെയിനുകള്‍: ഷൊര്‍ണൂര്‍ – എറണാകുളം പാസഞ്ചര്‍ (56361), എറണാകുളം – ആലപ്പുഴ പാസഞ്ചര്‍ (56379), ആലപ്പുഴ – എറണാകുളം പാസഞ്ചര്‍ (56384), എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ (56376), തൃശൂര്‍ – കോഴിക്കോട് പാസഞ്ചര്‍ (56603), എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (56371/56375), ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ (56365), പുനലൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ (56366), ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചര്‍ (56373/56043), തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ (56374/56044), എറണാകുളം – ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56362), എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16305), കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16308), ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307), കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306), തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ.്

വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ട ട്രെയിനുകള്‍: ചെന്നൈ – തിരുവനന്തപുരം മെയില്‍, ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസ്, ബാംഗ്ലൂര്‍ – കൊച്ചുവേളി എക്‌സ്പ്രസ്, ബാംഗ്ലൂര്‍ സിഎസ്ടി – കന്യാകുമാരി എക്‌സ്പ്രസ്, നാഗര്‍കോവില്‍ – മംഗലാപുരം പരശുറാം എക്‌സ്പ്രസ്, ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍, തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്, അമൃത/ നിലമ്പൂര്‍ രാജ്യറാണി, എഗ്മൂര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ്, നിസാമുദ്ദീന്‍ – തിരുവനന്തപുരം എക്‌സ്പ്രസ്, നിസമുദ്ദീന്‍ – എറണാകുളം മംഗള എക്‌സ്പ്രസ്

വഴി തിരിച്ചുവിട്ട ട്രെയിനുകള്‍: തിരുവനന്തപുരം – ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ്, കന്യാകുമാരി – മുംബൈ ജയന്തി ജനത എക്‌സ്പ്രസ്, കന്യാകുമാരി – ബെംഗളൂരു ഐലന്റ് എക്‌സ്പ്രസ്, ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ്, ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ്, തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, തിരുവനന്തപുരം – ഗുവാഹത്തി എക്‌സ്പ്രസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.