വായു ശ്വസിച്ച് റോക്കറ്റ്; ഭാരതം ലോകത്തിന്റെ നിറുകയില്‍

Monday 29 August 2016 12:14 am IST

ശ്രീഹരിക്കോട്ട: ബഹിരാകാശ ശാസ്ത്രമേഖലയില്‍ വീണ്ടും ഭാരത കുതിപ്പ്. മറ്റു രാജ്യങ്ങള്‍ക്കില്ലാത്ത, അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിച്ച് ഇന്ധനം ജ്വലിപ്പിച്ച് റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്‌ക്രാംജെറ്റ് പരീക്ഷണത്തില്‍ ഭാരതം വിജയിച്ചു. ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വെളുപ്പിന് ആറിനായിരുന്നു പരീക്ഷണം. വന്‍ നേട്ടമെന്ന് ശാസ്ത്രലോകം പുകഴ്ത്തിയ പരീക്ഷണ വിജയത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇസ്രോ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ആറു സെക്കന്റ് നേരത്തേക്കായിരുന്നു രണ്ട് എഞ്ചിനുകളും പരീക്ഷിച്ചത്. ഇന്ധനവും ഓക്‌സിജനും ഒരുമിച്ച് സംഭരിച്ച് റോക്കറ്റ് എഞ്ചിനുകളില്‍ നിക്ഷേപിക്കുന്ന പരമ്പരാഗത സംവിധാനത്തിനു പകരമാണ് പുതിയ എഞ്ചിന്‍. സ്‌ക്രാംജെറ്റിന്റെ എയര്‍ ബ്രീത്തിങ്ങ് പ്രൊപ്പല്‍ഷന്‍ സാങ്കേതിക വിദ്യയാണ് അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിച്ച ് ഇന്ധനം കത്തിക്കുന്നതിന് സഹായിക്കുന്നത്. ദ്രവരൂപത്തിലുള്ള ഹൈഡ്രജനാണ് റോക്കറ്റുകളിലെ ഇന്ധനം. ഇതിനെ ജ്വലിപ്പിക്കുന്നതിനുള്ള ഓക്‌സിഡൈസറാണ് ഓക്‌സിജന്‍. ഐഎസ്ആര്‍ഒ യുടെ വിക്ഷേപണ വാഹനങ്ങള്‍ ഹൈപ്പര്‍ സോണിക് സ്പീഡില്‍ എത്തുമ്പോഴാണ് ഈ എഞ്ചിനുകള്‍ പ്രവര്‍ത്തിക്കുക. സ്‌ക്രാംജെറ്റ് ഉപയോഗിക്കുന്നതോടെ വിക്ഷേപണികളുടെ ഭാരം പകുതിയാകും. ഓക്‌സിജന്റെ സാന്നിധ്യമുള്ള അന്തരീക്ഷ പരിധിയ്ക്കുള്ളില്‍ ആര്‍എല്‍വി ഉയരുമ്പോഴും തിരിച്ചെത്തുമ്പോഴുമാണ് സ്‌ക്രാംജെറ്റ് ഉപയോഗിക്കുന്നതെന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ കെ. ശിവന്‍ വിശദീകരിച്ചു. രണ്ടു സ്‌ക്രാംജെറ്റുകള്‍ ഒരേസമയം പരീക്ഷിച്ച വിജയിച്ചുവെന്നത് വലിയ നേട്ടമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ. എസ്. കിരണ്‍ കുമാര്‍ പറഞ്ഞു. സ്‌ക്രാംജെറ്റ് എന്നാല്‍ റോക്കറ്റുകളുടെ വേഗത കൂടുംതോറും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതാണ് സ്‌ക്രാംജെറ്റ് (സൂപ്പര്‍സോണിക് കമ്പസ്റ്റ്യന്‍ റാംജെറ്റ്) സാങ്കേതിക വിദ്യ. സ്‌ക്രാംജെറ്റ് എഞ്ചിന്‍ ഹൈഡ്രജന്‍ ഇന്ധനമായും അന്തരീക്ഷവായുവിലെ ഓക്‌സിജന്‍ ഓക്‌സിഡൈസറുമായി ഉപയോഗിക്കുന്നു. പരമ്പരാഗത എഞ്ചിനുകളുടെ ഇന്ധനവും സമാനമാണ്. എന്നാല്‍ ഇവയില്‍ ഓക്‌സിജന്‍ ദ്രവീകൃത രൂപത്തില്‍ പ്രത്യേകം കൊണ്ടുപോകേണ്ടിവരും. സ്‌ക്രാംജെറ്റില്‍ റോക്കറ്റ് ഹൈപ്പര്‍സോണിക് വേഗതയിലെത്തുന്നതോടെ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ സ്വീകരിച്ചു തുടങ്ങും. 11 കിലോമീറ്റര്‍ ഉയരത്തിലെത്തുന്നതോടെ ഈ പ്രക്രിയ തുടങ്ങും. ദ്രവ ഓക്‌സിജന്‍ വേണ്ടാതാകുന്നതോടെ പേടകത്തിന്റെ ഭാരവും വലിപ്പവും ഗണ്യമായി കുറയും, വിക്ഷേപണച്ചെലവും. കൂടുതല്‍ പേലോഡുകള്‍ വഹിക്കാനുമാകും. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങള്‍ക്ക് അനുയോജ്യമാണ് ഈ എഞ്ചിന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.