അസ്‌ലം വധം: ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Monday 29 August 2016 12:28 am IST

കൊല്ലപ്പെട്ട അസ്ലം

നാദാപുരം: തൂണേരി വെള്ളൂരിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ കൊലപ്പെടുത്തിയ കേസില്‍ ഡിവൈ എഫ് ഐ നേതാവ് അറസ്റ്റില്‍. സംഘത്തിന് വഴികാട്ടിയ വെള്ളൂരിലെ കരുവന്റെവിട രമീഷ് (26) ആണ് അറസ്റ്റിലായത്. ഇയാള്‍ ഡിവൈഎഫ്‌ഐയുടെ തൂണേരി കണ്ണങ്കൈ യൂണിറ്റ് കമ്മിറ്റി ജോയിന്റ്‌സെക്രട്ടറിയാണ്.

രണ്ടു ദിവസമായി ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയായിരുന്നു. അസ്‌ലമിനെ വധിക്കാനായി തയ്യാറാക്കിയ പദ്ധതിയില്‍ അസ്‌ലമിന്റെ നീക്കങ്ങള്‍ കൊലയാളി സംഘത്തെ അപ്പപ്പോള്‍ അറിയിക്കാനായി ഇയാളെയായിരുന്നു നിയോഗിച്ചത്. ഇതനുസരിച്ച് അസ്‌ലമിന്റെ നീക്കങ്ങള്‍ ഇയാള്‍ നിരീക്ഷിച്ചു വരികയായിരുന്നു.

അസ്‌ലം നിത്യവും വൈകുന്നേരം ചാലപ്രം വെള്ളൂര്‍ റോഡിലെ കളിസ്ഥലത്ത് പോകാറുണ്ടെന്ന കാര്യം മനസിലാക്കിയ യുവാവ് സംഭവ ദിവസം വൈകുന്നേരം കാറില്‍ അസ്‌ലം സഞ്ചരിച്ച ബൈക്കിനെ പിന്തുടര്‍ന്ന് കൊലയാളി സംഘത്തിന് വിവരങ്ങള്‍ കൈമാറി. ഇതനുസരിച്ച് ഇന്നോവ കാറില്‍ എത്തിയ സംഘം ബൈക്കില്‍ കാര്‍ ഇടിച്ചു വീഴ്ത്തി അസ്‌ലമിനെ റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

കേസ് അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പങ്ക് വ്യക്തമായത്. കുറച്ചു ദിവസങ്ങളായി ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വധശ്രമം, ഗൂഢാലോചന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
തൂണേരിയില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ അക്രമികള്‍ വെട്ടി വീഴ്ത്തുന്നതിനിടയില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കരുവന്റെവിട രാജേഷിന്റെ സഹോദരനാണ് രമീഷ്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇതില്‍ അക്രമികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയ വളയം നിറവുമ്മല്‍ സ്വദേശി കക്കുഴിയുള്ള പറമ്പത്ത് നിധിന്‍ എന്ന കുട്ടുവിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി സിപിഎം ബ്രാഞ്ച് സെക്രട്ടറി അനിലിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികളെ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് ആരോപണം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.