ബുര്‍ഹാന്‍ വാനിയുടെ പിതാവ് ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി

Sunday 28 August 2016 2:51 pm IST

ബംഗളൂരു: ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനി ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച വൈകുന്നേരം ബംഗളൂരുവിലെ ആശ്രമത്തിലായിരുന്നു കൂടിക്കാഴ്ച. രണ്ട് ദിവസം മുസാഫര്‍ വാനി ആശ്രമത്തിലുണ്ടായിരുന്നുവെന്നും തങ്ങള്‍ പല കാര്യങ്ങളും സംസാരിച്ചു എന്നും ശ്രീ ശ്രീ രവിശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു. മുസാഫര്‍ വാനിയോടൊപ്പമുള്ള ഫോട്ടോയും ശ്രീ ശ്രീ രവിശങ്കര്‍ പോസ്റ്റ് ചെയ്തു. ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് ജൂലായ് ഒമ്പത് മുതല്‍ ജമ്മു കാശ്മീരില്‍ ഉയര്‍ന്നുവന്ന സംഘര്‍ഷത്തില്‍ 69 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ബുര്‍ഹാന്‍റെ മരണശേഷം കശ്മീര്‍ താഴ്‌വരയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച്‌ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികളെ കുറിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്തതായി ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനും ട്വിറ്ററിലൂടെ അറിയിച്ചു. വ്യക്തിപരവും മനുഷ്യത്വപരവുമായ നിലയിലാണ് മുസാഫര്‍ വാനിയുമായി ശ്രീശ്രീ രവിശങ്കര്‍ കൂടിക്കാഴ്ച നടത്തിയതെന്ന് ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ചില ചികിത്സകള്‍ക്കായാണ് ആശ്രമത്തിലെത്തിയതെന്നും പത്ത് മിനിറ്റ് മാത്രമാണ് ശ്രീശ്രീരവിശങ്കറുമായി സംസാരിച്ചതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മുസാഫര്‍ വാനി പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.