കുട്ടനാട്: പഴയകാട് പള്ളി– മങ്കൊമ്പ് റോഡില്‍ കുഴികള്‍ നിറഞ്ഞു. യാത്രക്കാര്‍ ദുരിതത്തില്‍. കണ്ണാടി എസ്എന്‍ഡിപിക്കു സമീപം മുതല്‍ മാരാട ഗവ. സ്കൂള്‍ വരെയുള്ള ഭാഗത്തെ റോഡാണു താറുമാറായിരിക്കുന്നത്.
റോഡിലെ ടാര്‍ പൂര്‍ണമായും അടര്‍ന്നു പോയതിനെ തുടര്‍ന്നു വലിയ കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. ഇരു ചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കുഴികളില്‍ വീണ് അപകടത്തില്‍ പെടുന്നതു പതിവാണ്. മങ്കൊമ്പ് ക്ഷേത്രം, കായല്‍പ്പുറം, ചതുര്‍ഥ്യാകരി, പുളിങ്കുന്ന് എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളിലേക്കു കെഎസ്ആര്‍ടിസി ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണു തകര്‍ന്നു കിടക്കുന്നത്.
കിടങ്ങറ–കണ്ണാടി റോഡ് തകര്‍ന്നതിനെ തുടര്‍ന്നു കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം സര്‍വീസ് നിര്‍ത്തിവച്ച ശേഷമാണു റോഡിലെ കുഴികള്‍ മണ്ണിട്ടു മൂടിയത്. കിടങ്ങറ കണ്ണാടി റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കടന്നു പോകുന്ന റോഡായിട്ടും അധികൃതര്‍ ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലന്ന് ആക്ഷേപം ഉണ്ട്.
കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതാണു റോഡ് ഇത്രയധികം തകരാന്‍ കാരണം. നിവേദനങ്ങള്‍ പലതു നല്‍കിട്ടും പ്രയോജനം ഉണ്ടായിട്ടില്ല. റോഡിലെ കുഴികളില്‍ വാഹനങ്ങള്‍ വീണുള്ള അപകടങ്ങള്‍ പതിവായതോടെ നാട്ടുകാരും പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളും പൊതുമരാമത്തു വകുപ്പു മന്ത്രിക്കും എംഎല്‍എയ്ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: