കുടിവെള്ള വിതരണം തടസ്സപ്പെടരുത്: ജില്ലാ വികസന സമിതി

Sunday 28 August 2016 8:42 pm IST

പത്തനംതിട്ട': റോഡിലൂടെയുള്ള പൈപ്പ് ലൈന്‍ നന്നാക്കുന്നതില്‍ വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് നിരത്ത് വിഭാഗവും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ജനങ്ങളുടെ കുടിവെള്ളം മുടങ്ങാന്‍ പാടില്ലെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ വീണാ ജോര്‍ജ് എം. എല്‍. എ ആവശ്യപ്പെട്ടു. പലയിടത്തും പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങിയിട്ടുണ്ട്. ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്. നാരങ്ങാനം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഏഴു മാസമായി കുടിവെള്ളമില്ല. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാവണം. ഇരവിപേരൂരില്‍ റോഡിന്റെ ഇരുവശവും അനധികൃത കച്ചവടം നടക്കുന്നു. റവന്യു, പോലീസ് എന്നിവരുടെ സഹകരണത്തോടെ പൊതുമരാമത്ത് നിരത്തു വിഭാഗം ഇവരെ ഒഴിപ്പിക്കണം. പത്തനംതിട്ട റിംഗ് റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും വീണാ ജോര്‍ജ് എം. എല്‍. എ പറഞ്ഞു. ഇവിടെ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ഓണക്കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ്, ലഹരി, വ്യാജമദ്യ വില്‍പ്പന നടക്കാന്‍ സാധ്യതയുണ്ടെന്നും ഇത് തടയാന്‍ എക്‌സൈസ് വകുപ്പ് നടപടിയെടുക്കണമെന്നും വീണാ ജോര്‍ജ് എം. എല്‍. എ പറഞ്ഞു. പോലീസ്, വനം വകുപ്പുകളുടെ സഹകരണത്തോടെ റെയ്ഡ് ശക്തമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പന്തളം കുറുന്തോട്ടയം പാലത്തിന്റെ പണി കാരണം കെ. എസ്. ആര്‍. ടി. സി ബസുകള്‍ വഴിതിരിച്ചു വിടുന്നതിന്റെ പേരില്‍ അധിക ടിക്കറ്റ് ചാര്‍ജ് വാങ്ങുന്നത് ഒഴിവാക്കണമെന്ന് കഴിഞ്ഞ വികസന സമിതിയില്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ പറഞ്ഞു. കോന്നിയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാവണമെന്നും ഉടന്‍ പട്ടയം നല്‍കണമെന്നും അടൂര്‍ പ്രകാശ് എം. എല്‍. എ പറഞ്ഞു. കോയിപ്രം പഞ്ചായത്തിലെ ആന്താലിമണ്‍ കുടിവെള്ള പദ്ധതിയുടെ രണ്ടു മോട്ടോറുകളും പ്രവര്‍ത്തനരഹിതമായത് നന്നാക്കുന്നതിന് നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. കപന്തളം ക്ഷേത്രത്തിനടുത്തെ തൂക്കുപാലം നന്നാക്കുന്നതിന് നടപടി ഉണ്ടാവണമെന്ന് പന്തളം നഗരസഭാധ്യക്ഷ ടി.കെ. സതി പറഞ്ഞു. റവന്യു വകുപ്പ് നഗരസഭയ്ക്ക് പാലം വിട്ടുനല്‍കിയാല്‍ അറ്റകുറ്റപ്പണി നടത്താമെന്ന് പന്തളം നഗരസഭാ സെക്രട്ടറി അറിയിച്ചു. പുനലൂര്‍ മൂവാറ്റുപുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മൈലപ്രയിലെ ഏഴു കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ സര്‍വേ നടപടി സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍. എ അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എല്ലാ മാസവും സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കോന്നി, കലഞ്ഞൂര്‍, മുല്ലശേരി, ഈറ്റിമൂട്ടില്‍പ്പടി എന്നിവിടങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ കെ. എസ്. ടി. പി മുറിച്ചുമാറ്റും. ആറന്‍മുള വള്ളംകളി ദിവസം ഫയര്‍ഫോഴ്‌സിന്റെ സ്റ്റാന്‍ഡ്‌ബൈ യൂണിറ്റുണ്ടാവും. പന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടങ്ങളുടെ വൈദ്യുതീകരണം ആശുപത്രി മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് ചെയ്യാമെന്ന് ഡി. എം. ഒ അറിയിച്ചു. കൊടുമണ്‍ പ്ലാന്റേഷന്റെ കാടുപിടിച്ച സ്ഥലം വൃത്തിയാക്കാന്‍ പ്ലാന്റേഷന്‍ മാനേജര്‍ക്ക് കത്തു നല്‍കുമെന്ന് ഡി. എഫ്. ഒ അറിയിച്ചു. അടൂര്‍ കെ. എസ്. ആര്‍. ടി. സിയുടെ ഓരോ മാസത്തെയും യോഗം ചേരുന്നത് എം. എല്‍. എയെ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചു. പന്തളം മുതല്‍ കുരമ്പാല വരെയുള്ള തെരുവ് വിളക്കുകള്‍ തെളിയിക്കുന്നതിന് നഗരസഭ ടെന്‍ഡര്‍ വിളിച്ചതായി സെക്രട്ടറി അറിയിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ. ആമിന, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.