മൂന്നാര്‍: മോഷണ ശ്രമത്തിനിടെ മൂന്ന് പേര് പിടിയില്‍. മൂന്നാര്‍ ന്യൂ കോളനി സ്വദേശികളായ മാരിമുത്തു(19), വിജയ് (19), വീരമണികണ്ഠന് (19) എന്നിവരാണ് പ്രണവം ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണ ശ്രമത്തിനിടെ പോലീസ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് മൂവര്‍ സംഘം ഓട്ടോയില്‍ ക്ഷേത്ര പരിസരത്ത് എത്തിയത്. കൂട്ടാളികളെ പുറത്തു കാവല്‍ നിര്‍ത്തി മാരിമുത്തുവാണ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്.
ക്ഷേത്രത്തിന്റെ മുന്‍ വാതില്‍ പൂട്ട് തകര്‍ക്കുന്ന ശബ്ദം കേട്ട് സെക്യൂരിറ്റി എത്തിയതോടെ ഇയാള്‍ ക്ഷേത്രത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിന്റെ അടിയില്‍ ഒളിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ജീവനക്കാര്‍ എത്തി പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും ഓട്ടോയില്‍ കയറി മൂവരും രക്ഷപെടുകയായിരുന്നു.
ക്ഷേത്ര ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് മൂവരും പിടിയിലായത്. കഴിഞ്ഞ വര്‍ഷവും ഇതേ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു.
ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന വെള്ളി അങ്കി, വെള്ളി ശൂലം എന്നിവയും ഭണ്ഡാരം തകര്‍ത്ത് പണവും മോഷ്ടാക്കള്‍ അപഹരിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പോലീസിന് മോഷ്ടാക്കളുടെ ഒരു വിവരവും ലഭിച്ചിരുന്നില്ല.
ഇപ്പോള്‍ പിടിയിലായ പ്രതികള്‍ക്ക് ഒരു വര്‍ഷം മുന്‍പ് നടന്ന മോഷണവുമായി ബന്ധമുണ്ടോ എന്ന കാര്യം കൂടുതല്‍ അന്വേഷണത്തിലെ വ്യക്തമാകൂ എന്ന് മൂന്നാര്‍ എസ് ഐ വിഷ്ണുകുമാര്‍ പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: