വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

Sunday 28 August 2016 9:44 pm IST

നട്ടാശേരി: വര്‍ഷകാലത്തും കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ പൈപ്പുപൊട്ടി വന്‍തോതില്‍ ജലം പാഴാകുന്നു. നട്ടാശേരിയില്‍ പരുത്തിക്കുഴി ചൂരക്കാട്ടുപടിഭാഗത്തും ചാത്തുകുളം-കാലടിമന ഭാഗത്തുമായി നിരവധി സ്ഥലങ്ങളിലാണ് ഇങ്ങനെ പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. പാറമ്പുഴ മോസ്‌കോ കവലയ്ക്ക് സമീപമുള്ള വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനില്‍ നിന്നുമാണ് ഈ ഭാഗത്തേക്ക് വെള്ളം പമ്പുചെയുന്നത്. പഴകി ദ്രവിച്ച ആസ്ബറ്റോസ് പൈപ്പിലൂടെ വെള്ളം ഒഴുകുമ്പോള്‍ പൊട്ടുകയാണ് പതിവ്. ചാത്തുകുളം ഭാഗത്ത് ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത് മൂലം വെള്ളം കിട്ടാക്കനിയായി മാറിയിരിക്കുന്നു. ഇവരുടെ ഏക ആശ്രയം പൈപ്പ് വെള്ളമാണ്. കുടിവെള്ളം കിട്ടാത്തതിനാല്‍ ഈ പ്രദേശത്തുള്ളവര്‍ നിരവധി തവണ വാട്ടര്‍ അതോറിറ്റിയില്‍ പരാതിപ്പെട്ടിട്ടുണ്ട്. തീരുമാനമായില്ലെന്നു മാത്രം. ശക്തമായ ജലപ്രവാഹത്താല്‍ ഈ പ്രദേശത്തെ റോഡുകള്‍ തകര്‍ന്നു. കാല്‍നടയായി സഞ്ചരിക്കാന്‍ പോലും പറ്റാത്ത അസ്ഥയിലാണ് റോഡുകള്‍. വെള്ളക്കരം അടിക്കടികൂട്ടി നഷ്ടം നികത്തുന്ന വാട്ടര്‍ അതോറിറ്റി, ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നത് കാണുന്നില്ല. ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ഈ അവസ്ഥ മാറ്റണമെന്നതാണ് ജനങ്ങളുടെ ആവശ്യം. പഴകിദ്രവിച്ച പൈപ്പുകള്‍ മാറ്റി പുതിയ സ്ഥാപിച്ച് ജലവിതരണം കാര്യക്ഷമമാക്കണം. അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തുറങ്ങുവാനാണ് രാഷ്ട്രീയകക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.