ജമ്മു കശ്മീര്‍ ഗവര്‍ണറെ മാറ്റിയേക്കും

Sunday 28 August 2016 11:11 pm IST

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍. എന്‍. വോറയെ മാറ്റിയേക്കും. ആറു പേരെയാണ് പുതുതായി ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഏതാനും ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളും. കശ്മീരിലെത്തുന്ന സര്‍വ്വകക്ഷി സംഘത്തെ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ നിയോഗിക്കുന്നതിനെപ്പറ്റിയും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈയാഴ്ചതന്നെ സര്‍വ്വകക്ഷി സംഘത്തെ കശ്മീരിലേക്കയക്കാനാണ് കേന്ദ്രതീരുമാനം. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.സി. ഖണ്ഡൂരി, മുന്‍ ആഭ്യന്തര സെക്രട്ടറി അനില്‍ ബൈജാല്‍, മുന്‍ കമാണ്ടര്‍ ജനറല്‍ സയ്യിദ് അദ ഹസ്‌നൈന്‍, കാര്‍ഗില്‍ യുദ്ധ സമയത്തെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് വി.പി. മാലിക്, മുന്‍ ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിജയ് കപൂര്‍, മുന്‍ മിസോറാം ഗവര്‍ണര്‍ എ.ആര്‍. കോഹ്‌ലി എന്നിവരാണ് കശ്മീര്‍ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. 2008 മുതല്‍ ജമ്മു കശ്മീര്‍ ഗവര്‍ണറാണ് എന്‍.എന്‍ വോറ. കശ്മീരില്‍ സംഘര്‍ഷം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് മാറ്റം. വിഷയം കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുന്നതിനെപ്പറ്റിയും കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രക്ഷോഭകാരികളുമായി കൂടുതല്‍ ചര്‍ച്ച നടത്താനും സംഘര്‍ഷം വ്യാപിക്കുന്നത് തടയാനും കാര്യക്ഷമമായ നടപടികളിലേക്ക് മുഖ്യമന്ത്രി മെഹബൂബ മുഫ്തി കടന്നത്. സന്ധിസംഭാഷണം നടത്തുന്നതിനായി പ്രത്യേക കേന്ദ്രദൂതന്മാരെ നിയോഗിക്കണമെന്ന മെഹബൂബയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതിനു പുറമേ കശ്മീരിലേക്ക് സര്‍വ്വകക്ഷിസംഘം കൂടി എത്തുന്നതോടെ സ്ഥിതിഗതികള്‍ ശാന്തമാകുമെന്നാണ് പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.