ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു; ട്രെയിനുകള്‍ വൈകും

Monday 29 August 2016 10:24 am IST

കൊച്ചി: തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന മംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് സ്തംഭിച്ച ട്രെയിന്‍ ഗതാഗതം  പുന:സ്ഥാപിച്ചു. തിരുവനന്തപുരത്തേയ്ക്ക് ഒന്നാം ട്രാക്കിലൂടെയുള്ള ഗതാഗതം ഇന്നു പുലര്‍ച്ചയോടെയാണ് പുന:സ്ഥാപിച്ചത്. മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റിയ ട്രാക്കില്‍ സിഗ്‌നല്‍, ഇലക്ട്രിക്കല്‍ ലൈന്‍ തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ്. ഈ ട്രാക്കില്‍ ഉച്ചയോടെ ഗതാഗതം പൂര്‍ണമായി പുന:സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും ചില ട്രെയിനുകള്‍ റദ്ദാക്കുകയോ സമയക്രമം മാറ്റുകയോ ചെയ്തിട്ടുണ്ട്. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. തിങ്കളാഴ്ച രാവിലെ 6.10ന് പുറപ്പെടേണ്ട തിരുവനന്തപുരം-കോര്‍ബ എക്സ്പ്രസ് വൈകുന്നേരം 4.30ന് മാത്രമേ പുറപ്പെടൂ. രാവിലെ 9.50 ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ -ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് വൈകുന്നേരം 3.30 നും പുറപ്പെടും. രാവിലെ ആറിന് ആലപ്പുഴയില്‍ നിന്നും പുറപ്പെടേണ്ട 13352 ആലപ്പുഴ ധന്‍ബാദ് ടാറ്റ നഗര്‍ എക്‌സ്പ്രസ് രാത്രി 10 മണിക്ക് പുറപ്പെടും. രാവിലെ 7.55ന് തിരുനല്‍വേലിയില്‍നിന്ന് പുറപ്പെടേണ്ട തിരുനല്‍വേലി-ഹാപ്പ എക്സപ്രസ് 11 മണിക്കും രാവിലെ 9.20ന് പുറപ്പെടേണ്ട കൊച്ചുവേളി- ചണ്ഡീഗഡ് എക്സ്പ്രസ് ഉച്ചക്ക് ഒരുമണിക്ക് പുറപ്പെടും. ഇന്നലെയാണ് തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന 23 കോച്ചുള്ള ട്രെയിനിന്റെ 12 കോച്ചുകള്‍ പാളം തെറ്റിയത്. ആയിരത്തി അഞ്ഞൂറോളം യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. റെയില്‍വേ ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി. പാളത്തിലെ വിള്ളല്‍ ആയിരുന്നു അപകട കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.