കാത്തിരിപ്പ് കേന്ദ്രത്തിന്റെ അപാകതകള്‍ അപകടം ക്ഷണിച്ചുവരുത്തുന്നതായി പരാതി

Monday 29 August 2016 10:11 am IST

അങ്ങാടിപ്പുറം: ടി.എ.അഹമ്മദ് കബീര്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാര്‍ക്ക് വിനയാകുന്നു. പേര് കിട്ടാനായി മാത്രം കാട്ടികൂട്ടുന്ന ഇത്തരം നിര്‍മ്മാണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി വയ്ക്കുന്നത്. അങ്ങാടിപ്പുറത്ത് നിന്ന് വളാഞ്ചേരി റോഡിലേക്ക് തിരിയുമ്പോഴുള്ള കാത്തിരിപ്പ് കേന്ദ്രമാണ് നാട്ടുകാര്‍ക്ക് ഉപദ്രവമായി മാറിയിരിക്കുന്നത്. ഈ കേന്ദ്രത്തിന്റെ പിറക് വശത്തുകൂടി ഇതിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും തലയിടിക്കുന്നതും മുറിവുകള്‍ സംഭവിക്കുന്നതും നിത്യ സംഭവമായി മാറിയിരിക്കുന്നു. നിര്‍മ്മാണത്തിലെ അപാകതയാണ് പ്രധാന കാരണം. കാത്തിരിപ്പ് കേന്ദ്രത്തിന് തൊട്ടു പിറകിലുള്ള ഓഡിറ്റോറിയത്തില്‍ നിന്നും ഇതിനോട് ചേര്‍ന്നുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും എത്തുന്നവര്‍ ഇതിന്റെ പിറക് വശത്തുകൂടി അകത്തേക്ക് പ്രവേശിക്കുകയാണ് പതിവ്. ഇങ്ങനെ കയറുമ്പോള്‍ താഴ്ന്നു കിടക്കുന്ന ആസ്ബറ്റോസ് ഷീറ്റുകള്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടെന്ന് വരില്ല. തലയില്‍ ഇടിച്ച് വേദന കൊണ്ട് പുളയുമ്പോഴാണ് ഇത് കാണുന്നത് തന്നെ. കഴിഞ്ഞ ആഴ്ച മധ്യവയസ്‌കയായ ഒരു സ്ത്രീയുടെ തലയില്‍ ഷീറ്റ് കൊണ്ട് മുറിയുകയും രക്തം ഒഴുകുകയും ചെയ്തിരുന്നു. നിരവധി വിദ്യാര്‍ത്ഥികളും എംഇഎസ് മെഡിക്കല്‍ കോേളജിലേക്ക് പോകുന്ന രോഗികളും ഇവിടെയാണ് ബസ് കാത്ത് നില്‍ക്കുന്നത്. ഇതേപ്പറ്റി നാട്ടുകാരില്‍ ചിലര്‍ എംഎല്‍എയോട് പരാതിപ്പെട്ടപ്പോള്‍ ഇതൊക്കെ എന്ത് എന്ന അര്‍ത്ഥത്തില്‍ കളിയാക്കുന്നത് പോലെയാണ് പ്രതികരിച്ചതെന്നും പറയുന്നു. അതേസമയം ദുരിതം കണ്ട നാട്ടുകാരില്‍ ഒരാള്‍ ഒരു കമ്പി വച്ച് താല്ക്കാലികമായി ഈ വഴി അടച്ചിട്ടുണ്ട്. ഒന്നുകില്‍ ഷീറ്റ് മുറിച്ചു മാറ്റുകയോ അല്ലാത്ത പക്ഷം ഈ വഴി അടക്കുകയോ ചെയ്യണം എന്നാണ് യാത്രക്കാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.