അഴിയൂര്‍: പഞ്ചായത്തിലെ മുക്കാളി ടൗണില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം. പണം, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, സ്വര്‍ണ്ണം എന്നിവ കവര്‍ന്നു. ചോമ്പാല്‍ സുരഭിയില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള അക്ഷയ സെന്റര്‍, രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള അനുപമ ജ്വല്ലറിയുടെ നിര്‍മ്മാണ കേന്ദ്രം, കൊളരാട്തെരു ആകാശിന്റെ ഉടമസ്ഥതയിലുള്ള സോളാര്‍ വാട്ടര്‍ ഹീറ്ററിന്റെ വില്പന കേന്ദ്രം എന്നിവിടങ്ങളിലാണ് ഞായാറാഴ്ച പുലര്‍ച്ചയോടെ കവര്‍ച്ച നടന്നത്.
അക്ഷയ സെന്ററില്‍ നിന്നും 25,000രൂപയും, ലാപ്ടോപുമാണ് നഷ്ടപ്പെട്ടത്. ആഭരണ നിര്‍മ്മാണശാലയില്‍ നിന്ന് 20ഗ്രാം സ്വര്‍ണ്ണവും 500രൂപയും, സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വില്പന കേന്ദ്രത്തില്‍ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് നഷ്ടപ്പെട്ടത്. തൊട്ടടുത്ത മൂന്ന് സ്ഥാപനങ്ങളുടെയും ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ചോമ്പാല്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയില്‍ വ്യാപകമായ മോഷണം നടന്നിട്ടും നൈറ്റ് പെട്രോളിംഗ് അടക്കം നടത്തുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുള്ളതായി വ്യാപാരികള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: