ഓണാഘോഷം സപ്തംബര്‍ 13 മുതല്‍

Monday 29 August 2016 9:31 pm IST

തൃശൂര്‍: സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും തൃശൂര്‍ കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ വിവിധ വേദികളിലായി അരങ്ങേറും. സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ തേക്കിന്‍കാട് മൈതാനിയിലെ സി.എം.എസ്. സ്‌കൂളിന് എതിര്‍വശം പ്രതേ്യകം സജ്ജമാക്കിയ വേദിയിലും 14, 15 തീയതികളില്‍ റീജ്യണല്‍ തിയറ്ററിലുമായി കലാപരിപാടികള്‍ നടക്കും. സെപ്റ്റംബര്‍ 13 ന് വൈകിട്ട് അഞ്ചിന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. എം.പി. മാര്‍, എം.എല്‍.എ. മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും-കോര്‍പ്പറേഷനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ഓണാഘോഷ നടത്തിപ്പിനായി തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ചെയര്‍പേഴ്‌സണും ജില്ലാ കലക്ടര്‍ കണ്‍വീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാര്‍, മുഖ്യ രക്ഷാധികാരികളും, എം.പി. മാര്‍ രക്ഷാധികാരികളും എം.എല്‍.എ. മാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍, സാഹിത്യ അക്കാദമി-സംഗീത നാടക അക്കാദമി-ലളിത കലാ അക്കാദമി ചെയര്‍മാന്‍മാര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായി പ്രവര്‍ത്തിക്കും. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് ഉപസമിതികളും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന ടൂറിസം വകുപ്പ് ഓണാഘോഷം സംഘടിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപയില്‍ നിന്ന് ഇത്തവണ 25 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചതായി അറിയിച്ചു. ദിവസവും വൈകിട്ട് ആറ് മുതല്‍ ഒമ്പത് വരെ വിവിധ കലാപരിപാടികള്‍ അരങ്ങിലെത്തും. പ്രശസ്ത ഗായകര്‍ നേതൃത്വം നല്‍കുന്ന ഗാനമേളകള്‍ ഉണ്ടാകും. മോഹിനിയാട്ടം, കുച്ചിപ്പിടി തുടങ്ങിയ നൃത്ത രൂപങ്ങള്‍, കഥകളി, കളരിപ്പയറ്റ്, കോമഡി ഷോ, നാടകം, നാടന്‍ കലകള്‍ തുടങ്ങിയവയും കലാ ആസ്വാദകര്‍ക്കായി ഒരുക്കും. കലാപരിപാടികള്‍ക്ക് മുന്നോടിയായി പഞ്ചവാദ്യമുള്‍പ്പെടെയുളള മേളവും പ്രമുഖ സാംസ്‌കാരിക നായകരുടെ ഓണസന്ദേശവും ഉണ്ടായിരിക്കും.പൂക്കള മത്സരം, വടംവലി മത്സരം, വ്യാപാര സ്ഥാപനങ്ങള്‍ക്ക് വൈദ്യുത ദീപാലങ്കാര മത്സരം, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണപ്പാട്ട് മത്സരം എന്നിവയും സംഘടിപ്പിക്കും. പ്രധാന വേദിക്ക് സമീപം ഈ ദിവസങ്ങളില്‍ ഭക്ഷ്യമേളയും ഉണ്ടാകും.17 ന് വൈകിട്ട് പുലിക്കളിയോടെ സമാപന സമ്മേളനം ആരംഭിക്കും. കോര്‍പ്പറേഷന്‍ മേയറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മത്സര വിജയികള്‍ക്കുളള സമ്മാനദാനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വ്വഹിയ്ക്കും. തൃശൂര്‍ മേയര്‍ അജിത ജയരാജന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുരളി പെരുനെല്ലി എം.എല്‍.എ., ഡ്യെൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, എ.ഡി.എം. സി.കെ. അനന്തകൃഷ്ണന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.വി. കുഞ്ഞിരാമന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.