ചെങ്ങന്നൂര്‍: കിണറ്റില്‍ ചാടിയ ഭാര്യയെ രക്ഷിക്കാനിറങ്ങിയ ഭര്‍ത്താവും കുടുങ്ങി. ഇരുവരേയും ഫയര്‍ഫോഴ്സ് എത്തി രക്ഷപെടുത്തി. മുളക്കുഴ പള്ളിപ്പടി ഹഷീംമന്സിലില് വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം വെള്ളറട സ്വദേശികളായ ദാസ് (48), ഭാര്യ ബീന (40) എന്നിവരാണ് കിണറ്റില്‍ അകപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് സംഭവം. മാനസികാസ്വാസ്ത്യമുള്ള ബീന പുലര്‍ച്ചെ എഴുന്നേറ്റ് എത്തി കിണറ്റിലേക്ക് ചാടുകയായിരുന്നു. പിന്നാലെയെത്തി രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ദാസിനും തിരിച്ചു കയറാന്‍ കഴിഞ്ഞില്ല. ഇതോടെ ഇവരുടെ മക്കളുടെ കരച്ചില് കേട്ടെത്തിയ അയല്‍ വാസികള്‍ ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാ സംഘത്തിലെ ഡൈവര്‍ രാകേഷ് വി.ആര്. കിണറ്റിലിറങ്ങി ഇരുവരേയും പുറത്തെത്തിച്ച് സ്വകാര്യ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. കിണറ്റില്‍ വീണ ബീനക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
പ്രാഥമിക ചികിത്സക്കുശേഷം ഇരുവരേയും ആശുപത്രിയില്‍ നിന്നും വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: