നമുക്കു ജാതിയില്ല പരിപാടിയുടെ പേരില്‍; സിപിഎം-സിപിഐ പോര്

Monday 29 August 2016 10:14 pm IST

  തൃശൂര്‍: നമുക്കു ജാതിയില്ല വിളംബര ശതാബ്ദി എന്ന പേരില്‍ സിപിഎം സംഘടിപ്പിച്ച സമ്മേളനങ്ങളെച്ചൊല്ലി സിപിഐ ഇടയുന്നു. സമ്മേളനങ്ങളില്‍ തങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് സിപിഐയുടെ പരാതി. ഈഴവരെ ലക്ഷ്യമിട്ടാണ് സിപിഎം പരിപാടി. സിപിഐയുടെ ശക്തമായ അടിത്തറയും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. സിപിഐ ശക്തികേന്ദ്രങ്ങളില്‍പ്പോലും ഗുരുദേവന്റെ പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിപിഐക്കാരെ ഉള്‍പ്പെടുത്തിയില്ല. സിപിഐയുമായി ബന്ധമുള്ള എഴുത്തുകാരേയും കലാകാരന്മാരേയും ഒഴിവാക്കി. ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. സിപിഎം പരിപാടിക്ക് ബദലായി ഗുരുദേവന്റെ പേരില്‍ത്തന്നെ വേറെ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സിപിഐ. തൃശൂര്‍ ജില്ലയില്‍ മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ത്തന്നെ സിപിഐ പരിപാടി സംഘടിപ്പിക്കും. മറ്റ് ഘടകകക്ഷിപ്രതിനിധികളെപ്പോലും ഉള്‍പ്പെടുത്തിയിട്ടും പലയിടത്തും സിപിഐയെ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് പാര്‍ട്ടി ഉയര്‍ത്തുന്നത്. സിപിഐയുടെ നിലനില്‍പ്പിനെത്തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നാണ് ഒരു മുതിര്‍ന്ന സിപിഐ നേതാവ് പറഞ്ഞത്. തങ്ങളുടെ നേതാക്കള്‍ക്ക് വേദികളില്ലാത്തിടങ്ങളില്‍ സിപിഎം പരിപാടിക്ക് പോകേണ്ടെന്ന് സിപിഐ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പറ്റാവുന്ന കേന്ദ്രങ്ങളില്‍ സമാന്തരമായി സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കാനും പരമാവധി ഗുരുദേവന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുതന്നെ പരിപാടി നടത്താനുമാണ് സിപിഐ തയ്യാറെടുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.