കോടിമത സഹകരണ ബാങ്കില്‍ വ്യാജരേഖയുണ്ടാക്കി വായ്പാ തട്ടിപ്പ്

Monday 29 August 2016 10:18 pm IST

കോട്ടയം: കോടിമത സര്‍വീസ് സഹകരണ ബാങ്കില്‍ വീണ്ടും വന്‍ തട്ടിപ്പ്. ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിന്ന് നിക്ഷേപകരറിയാതെ വായ്പാ രേഖയുണ്ടാക്കിയാണ് ഒരു കോടി രൂപയോളം തട്ടിയത്. മുമ്പ്, പണയസ്വര്‍ണം മറിച്ചു വിറ്റു കോടികളുടെ വെട്ടിപ്പു നടത്തിയതാണ് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക്. ബാങ്കിന്റെ കോട്ടയം കീഴുക്കുന്ന് ബ്രാഞ്ചിലെ നിക്ഷേപകര്‍ക്കാണ് പ്രശ്‌നം. ക്രമക്കേട് പുറത്തു വന്നതോടെ കുറ്റം ചുമത്തി ബ്രാഞ്ച് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷമായി തട്ടിപ്പു നടന്നിട്ടും ഇതുവരെ കണ്ടെത്തിയില്ലെന്നതില്‍ വൈരുദ്ധ്യമുണ്ട്. പണം തിരിച്ചടച്ച് കേസ് ഒതുക്കാനുള്ള ശ്രമത്തിലാണ് ഡയറക്ടര്‍ ബോര്‍ഡും സിപിഎം ജില്ലാ കമ്മിറ്റിയും. സിപിഎമ്മിന്റെ ജില്ലയിലെ ഉന്നത നേതാവ് നേരിട്ട് നിയന്ത്രിക്കുന്ന ബാങ്കില്‍ സമാനമായ നിരവധി തട്ടിപ്പുകളാണ് ചുരുങ്ങിയ കാലത്ത് നടന്നത്. 2015ല്‍ ബാങ്ക് ഹെഡ് ഓഫീസിലെ രണ്ടു കോടിയുടെ പണയ സ്വര്‍ണം നഷ്ടമായി. ജീവനക്കാരില്‍ നിന്ന് മൂന്നു ലക്ഷം വീതം പിരിച്ചാണ് ഇടപാടുകാര്‍ക്ക് പകരം സ്വര്‍ണം നല്‍കിയത്. അന്നും ബ്രാഞ്ച് മാനേജരെ ബലിയാടാക്കി. സൂപ്പര്‍ മാര്‍ക്കറ്റും മെഡിക്കല്‍ സ്റ്റോറുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ബാങ്കിന്റെ കീഴിലുണ്ട്. വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു വേണ്ടി കോടിക്കണക്കിനു രൂപയാണ് ഇതേവരെ ധൂര്‍ത്തടിച്ചത്. ഇളങ്ങുളം ബാങ്ക് തട്ടിപ്പിനു സമാനമായ ക്രമക്കേടുകളാണ് കോടിമതയിലും. രാഷ്ട്രീയ ബന്ധമില്ലാതിരുന്ന കോടിമത ബാങ്കിനെ സിപിഎം പിടിച്ചടക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരും പാര്‍ട്ടി നേതാക്കളാണ്. പാര്‍ട്ടി പരിപാടികള്‍ നടത്താനും ബാങ്ക് പണം നല്‍കും. സിപിഎം ജില്ലാ കമ്മിറ്റി അറിയാതെ ഈ ബാങ്കില്‍ തട്ടിപ്പുകള്‍ നടക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.