താവക്കര ബസ് സ്റ്റാന്റ്: അധികൃതരുടെ ഉറപ്പ് ലംഘിക്കപെട്ടെന്ന് ആരോപണം

Tuesday 30 August 2016 12:44 am IST

കണ്ണൂര്‍: കണ്ണൂര്‍ ടൗണിലെത്തുന്ന എല്ലാ ബസ്സുകളും താവക്കരയിലുള്ള പുതിയ ബസ് സ്റ്റാന്റില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുകയെന്നുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ബിഒടി വ്യവസ്ഥയില്‍ നടത്തി വരുന്ന കെകെ ബില്‍ഡേഴ്‌സിന്റെയും നഗരസഭാ അധികതരുടെയും വാക്ക് ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന ആക്ഷേപവുമായി വ്യാപാരികള്‍ രംഗത്ത്. അധികൃതരുടെ ഉറപ്പ് വിശ്വസിച്ച് ടെര്‍മിനല്‍ കോംപ്ലക്‌സില്‍ മുറികള്‍ വാടകക്കെടുത്ത് വ്യാപാരം ആരംഭിച്ചവര്‍ നിലവില്‍ ബുദ്ധിമുട്ടുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ രാത്രി ഏഴ് മണിക്ക് ശേഷം ദീര്‍ഘദൂരബസ്സുകളും പറശ്ശിനിക്കടവ്, പഴയങ്ങാടി, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകളും താവക്കര സെന്‍ട്രല്‍ ബസ് ടെര്‍മിനലില്‍ നിന്നും പുറപ്പെടുന്നില്ലെന്നതാണ് വസ്തുത. ഏഴ് മണിക്ക് ശേഷം ഈ ബസ്സുകളെല്ലാം പഴയ ബസ് സ്റ്റാന്റില്‍ നിന്നും മറ്റുമാണ് പുറപ്പെടുന്നത്. ഇത് കാരണം പുതിയ ബസ് സ്റ്റാന്റിലെ കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അതാത് സ്ഥലങ്ങളിലെ ബസ്സുകള്‍ കിട്ടുന്നതിനായി പഴയബസ് സ്റ്റാന്റിലേക്ക് പലപ്പോഴും ഓട്ടോപിടിച്ച് പോകേണ്ട അവസ്ഥയാണുള്ളത്. എല്ലാ ബസ്സുകളും രാത്രികാലങ്ങളില്‍ ഇവിടെ നിന്ന് പുറപ്പെടാത്തത് കാരണം വ്യാപാരികള്‍ക്കും വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. മുറിവാടക, വൈദ്യുതി ചാര്‍ജ്, തൊഴിലാളികളുടെ കൂലി എന്നിവയൊന്നും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ബിസിനസ്സ് നഷ്ടത്തിലായിക്കൊണ്ടിരിക്കുകയാണ്. ബിഒടി ബസ് സ്റ്റാന്റില്‍ വിശ്രമമുറിയും ഫ്രഷ് ആകുന്നതിനുള്ള സൗകര്യവുമുണ്ട്. കൂടാതെ 24 മണിക്കൂറും സെക്യൂരിറ്റി സര്‍വീസുമുണ്ട്. എന്നാല്‍ ഇതൊന്നും യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താനാവുന്നില്ല. എല്ലാ ബസ്സുകളും പുതിയ ബസ് സ്റ്റാന്റില്‍ നിന്നാണ് പുറപ്പെടുകയെന്നുള്ള ധാരണയില്‍ ദീര്‍ഘദൂരബസ്സുകളില്‍ പോകേണ്ട പലരും രാത്രി എട്ട് മണിക്ക് പുതിയ ബസ് സ്റ്റാന്റിലെത്തുമ്പോഴാണ് ഇവിടെ നിന്നും ബസ് പുറപ്പെടുന്നില്ലെന്നറിയുന്നത്. ഇവര്‍ വീണ്ടും ഓട്ടോ പിടിച്ച് പഴയ ബസ് സ്റ്റാന്റിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്. വ്യാപാരികളുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഇവിടെ ബസ്സുകള്‍ക്ക് പഞ്ചിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇതും അട്ടിമറിക്കപ്പെടുകയായിരുന്നു. തുടക്കത്തില്‍ ഭൂരിഭാഗം ബസ്സുകളും സ്റ്റാന്റില്‍ വന്നുവെങ്കിലും നിലവില്‍ പഴയസ്ഥിതി തുടരുകയാണ്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അധികൃതര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമപരമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.മുഹമ്മദ് ഹാജി, കെ.സുഹൈല്‍, എം.മനോജ്, കെ.പി.സാജിദ്, സി.അന്‍സാരി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.