ക്ഷേമപെന്‍ഷന്‍ വിതരണം: സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

Tuesday 30 August 2016 2:30 am IST

തിരുവനന്തപുരം: സഹകരണ ബാങ്കുവഴിയുള്ള സാമൂഹ, സുരക്ഷാ പെന്‍ഷന്‍ വിതരണം ബാങ്കുകളുടെ പ്രവര്‍ത്തനത്തിന്റെ താളം തെറ്റിച്ചു. വിതരണത്തിനു ജീവനക്കാരെ നിയോഗിച്ചതാണ് കാരണം. വിധവാ പെന്‍ഷന്‍, വര്‍ദ്ധ്യക്യകാല പെന്‍ഷന്‍ എന്നിങ്ങനെ അഞ്ചിനം പെന്‍ഷനാണ് സഹകരണബാങ്കുകള്‍ വഴി വീടുകളില്‍ എത്തിക്കുന്നത്. മുന്‍പ് പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്തിരുന്നതാണ്. ജില്ലാ സഹ.ബാങ്കുകള്‍ക്കാണ് പ്രധാന ചുമതല. അവര്‍ സര്‍വ്വീസ് സഹകരണബാങ്കുകള്‍ക്ക് വാര്‍ഡുകള്‍ വിഭജിച്ച് വിതരണം ചെയ്യേണ്ടവരുടെ പട്ടികയും തുകയും നല്‍കും. സ്ഥിരം ജീവനക്കാരെയും ദിവസകളക്ഷന്‍ ഏജന്റുമാരെയുമാണ് വിതരണത്തിന് ചുമതലപ്പെടുത്തിയത്. ബാങ്ക് തുറക്കുമ്പോള്‍ പട്ടികയും തുകയും നല്‍കും. വാര്‍ഡുകളില്‍ പോയി പെന്‍ഷന്‍കാരെ കണ്ടെത്തി തുക നല്‍കണം. ഒരു ദിവസം പതിനഞ്ചോളം പേര്‍ക്ക് മാത്രമെ നല്‍കാന്‍ സാധിക്കൂ. ബാങ്ക് സമയത്തിനകം തിരികെ എത്തി അന്ന് എത്രപേര്‍ക്ക് പെന്‍ഷന്‍ നല്‍കി എന്ന് അറിയിക്കണം. വൈകുന്നേരമാണ് ഇവര്‍ മടങ്ങിയെത്തുക. ഓണക്കാലത്താണ് സഹ.ബാങ്കുകളില്‍ കൂടുതല്‍ ഇടപാടുകള്‍ നടക്കുന്നത്. ബാങ്കിലെ ജോലികള്‍ ശ്രദ്ധിക്കാന്‍ സാധിക്കാതായതോടെ ഇടപാടുകാര്‍ നന്നേ ബുദ്ധിമുട്ടുന്നു. നിത്യഇടപാടുകള്‍ക്ക് താമസം നേരിടുന്നതോടെ ഇടപാടുകാരെ ബാങ്കിന് നഷ്ടമാകുന്ന സ്ഥിതിയാണ്. കളക്ഷന്‍ ഏജന്റുമാരാണ് ബുദ്ധിമുട്ടുന്നത്. ദിവസവും പിരിയ്ക്കുന്ന തുകയുടെ ശതമാനം കണക്കാക്കിയാണ് ഇവര്‍ക്ക് കമ്മീഷന്‍. പെന്‍ഷന്‍ വിതരണത്തിനു പോയതോടെ നിത്യ കളക്ഷന്‍ സ്വരൂപിക്കാന്‍ പറ്റാതായി. ബാങ്കിന് ലഭിച്ചിരുന്ന നല്ലൊരു വരുമാനവും കുറഞ്ഞു. ചിട്ടി, വായ്പ പ്രീമിയം തുകയില്‍ കുടിശ്ശിക ഉണ്ടാകാനും സാധ്യതയായി. തുക ഘട്ടം ഘട്ടമായാണ് ബാങ്കുകള്‍ക്ക് നല്‍കുന്നത്. ആദ്യ ഘട്ടത്തിലുള്ള തുക വിതരണം ചെയ്തശേഷമേ അടുത്ത ഘട്ടത്തിലെ തുക നല്‍കൂ. അതിനാല്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാകും വരെ ജീവനക്കാരെ ഇതിലേയ്ക്കായി നിയോഗിക്കേണ്ടി വരുന്നു. പെന്‍ഷന്‍ വിതരണത്തില്‍ ബാങ്കുകള്‍ക്ക് നേട്ടമില്ല. വിതരണം ചെയ്യുന്നവര്‍ക്ക് കൂലി നല്‍കാമെന്ന്‌സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും എത്രയെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. സിപിഎം പാര്‍ട്ടി പ്രവര്‍ത്തനം എന്ന രീതിയിലും പെന്‍ഷന്‍ വിതരണത്തിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎം ഭരിക്കുന്ന സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ പെന്‍ഷന്‍ വിതരണം ഏത് രീതിയില്‍ നടപ്പിലാക്കണമെന്ന് പാര്‍ട്ടി പ്രത്യേക നിര്‍ദ്ദേശം നല്‍കി. സിപിഎം വാര്‍ഡു മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പെന്‍ഷന്‍കാരുടെ യോഗം വിളിച്ചു കൂട്ടുന്നുണ്ട്. ഭരണ നേട്ടങ്ങള്‍ പറയുന്നതോടൊപ്പം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പെന്‍ഷന്‍ എത്തിക്കുമെന്ന അറിയിപ്പും നല്‍കുന്നു. യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ലെന്ന് കുടുംബശ്രീ പ്രവര്‍ത്തകരിലൂടെ അറിയിക്കുന്നു. പല വാര്‍ഡുകളിലും ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു തുടങ്ങി. ക്ഷേമ പെന്‍ഷനുകള്‍ ദേശസാല്‍കൃത ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി. എടിഎം വഴി തുക പിന്‍വലിക്കാനും സാധിക്കും. ഇത്രക്ക് സുതാര്യമായ സംവിധാനം നിലവിലുള്ളപ്പോഴാണ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി സര്‍ക്കാരിന്റെ പെന്‍ഷന്‍ വിതരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.