ഒന്ന് നടന്നാലോ

Tuesday 30 August 2016 6:37 pm IST

ജീവിത ശൈലീ രോഗങ്ങള്‍ക്ക് അടിപ്പെട്ട ശേഷമാണ് പലരും ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുക. ദിവസേന അഞ്ച് നാഴിക നടക്കുക എന്ന പഴമൊഴി പിന്‍പറ്റി ഒരു കഠിന പരിശ്രമം. അപ്രായോഗികമായ ഇത്തരം ലക്ഷ്യങ്ങള്‍ തുടക്കത്തില്‍ത്തന്നെ ഉള്ളില്‍ ഉറപ്പിച്ചു പരാജയപ്പെടുന്നതിനേക്കാള്‍ പ്രായോഗികമായ ലക്ഷ്യം ഉറപ്പിക്കുന്നതാണ് നല്ലത്. ആരോഗ്യം മെച്ചപ്പെടുത്താന്‍ നിങ്ങളുടെ ശരീരഭാരത്തില്‍ കുറയ്ക്കേണ്ട അളവ് ഒരുപക്ഷേ കൃശഗാത്രനാകാന്‍ കുറയ്ക്കേണ്ട തൂക്കത്തേക്കാള്‍ കുറവാകും. അതുകൊണ്ട് നിങ്ങളുടെ നിലവിലെ തൂക്കത്തേക്കാള്‍ പത്തു ശതമാനം വരെ ആറുമാസത്തിനുള്ളില്‍ കുറയ്ക്കുന്നതാണ് പ്രായോഗികമായ ഒന്ന്. വ്യായാമം ചെയ്യുക എന്നത് നല്ലതുതന്നെ. എന്നാല്‍ പടിപടിയായി വ്യായാമത്തിന്റെ അളവ് കൂട്ടണം. പതിവായി വ്യായാമം ചെയ്യാത്ത ഒരാള്‍ക്ക് കഠിനാദ്ധ്വാനത്തിന്റെ മടുപ്പില്ലാതെ ചെയ്തു തുടങ്ങാവുന്ന വ്യായാമമാണ് നടത്തം. ദിവസവും 30 മിനിറ്റ് നടന്നാല്‍ മതിയാകും. ഇതും വിഷമമായി തോന്നുന്നെങ്കില്‍ ആ സമയത്തെ ഒന്നു ഭാഗിക്കുക. 15 മിനിറ്റ് ഒരുവട്ടവും പിന്നെ അഞ്ചു മിനിറ്റോ പത്തുമിനിറ്റോ ഉള്ള രണ്ടോ മൂന്നോ ഭാഗങ്ങളായി നടന്നു തീര്‍ക്കുക. പരിധിയില്‍ അധികമായ സമയംവെച്ച് വ്യായാമം തുടങ്ങുന്നത് സഹനശക്തി കുറഞ്ഞവര്‍ക്ക് മടുപ്പുളവാക്കും. പല്ലു തേക്കുന്നതും കുളിക്കുന്നതുംപോലെ ദിവസവുമുള്ള നടത്തവും ദിനചര്യയുടെ ഭാഗമാക്കണം. എങ്കില്‍ മാത്രമേ അത് ജീവിതശീലവുമായി ഇണങ്ങിച്ചേരൂ. നടത്തം ജീവിത പങ്കാളിക്കോ കൂട്ടുകാര്‍ക്കോ അയല്‍പക്കക്കാര്‍ക്കോ ഒപ്പമാക്കാം. ആരോഗ്യത്തിനൊപ്പം ബന്ധങ്ങളും ദൃഢമാകട്ടെ. നടക്കാന്‍ ഇറങ്ങുമ്പോള്‍ ദാ ഒരു മഴ! ഇന്നലെ ജോലി കൂടുതലായിരുന്നതിനാല്‍ ക്ഷീണം കാരണം നടന്നില്ലന്നേ... പലപ്പോഴും പലരും പറയുന്ന ഒഴിവുകഴിവാണ് ഇതൊക്കെ. ഒന്നോ രണ്ടോ ദിവസം നടക്കാന്‍ പോകാന്‍ കഴിഞ്ഞില്ല എന്നുവെച്ചു ആശങ്കാകുലരാകരുത്. കാരണം, നടത്തം ജീവിത ശൈലിയുടെ ഭാഗമാക്കുന്ന ദീര്‍ഘകാല പദ്ധതിയായാണ് കാണേണ്ടത്. വ്യായാമത്തെക്കുറിച്ചു ഉറച്ച തീരുമാനം എടുത്താല്‍ നടത്തത്തിനുള്ള സമയവും തനിയെ ഉണ്ടാകും. നടക്കാന്‍ വേണ്ടി 30 മിനിറ്റ് നേരത്തെ എഴുന്നേല്‍ക്കാം. ഉച്ച ഭക്ഷണം കഴിഞ്ഞും ജോലിയുടെ ഇടവേളകളിലും ജോലികഴിഞ്ഞും അത്താഴ ശേഷം കിടക്കാന്‍ പോകുന്നതിന് മുന്‍പും ഒക്കെയായി നടത്തത്തെ ക്രമീകരിച്ചു നോക്കു. ജോലിയിലും ജീവിതത്തിലും ഒക്കെ ഒരു പുതു ഉണര്‍വ് വരുന്നത് കാണാം. ഇഷ്ടപ്പെട്ട വേഗതയില്‍ നടത്തം ക്രമീകരിക്കാം. നടക്കുമ്പോള്‍ കാഴ്ചകള്‍ കാണുകയോ പാട്ടുകേള്‍ക്കുകയോ ആകാം. അമിതമായി കിതയ്ക്കുകയോ ക്ഷീണിക്കുകയോ ഇല്ലാത്തതിനാല്‍ നടത്തം നീന്തലോ ടെന്നീസോ മറ്റ് കായിക വ്യായാമങ്ങളെപ്പോലെയെ അല്ല. ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാം. ഒന്നോര്‍ക്കുക രണ്ടോ മൂന്നോ ദിവസം നടന്ന ശേഷം തൂക്കം കുറഞ്ഞില്ല എന്ന് വിഷമിക്കുന്നതില്‍ അര്‍ത്ഥമില്ല. ശരീരത്തിലെ ജലാംശം, കൊഴുപ്പ് എന്നിവയിലെ വ്യത്യാസം അറിഞ്ഞു തുടങ്ങാനും തൂക്കം കുറയാനും കുറച്ചു ദിവസങ്ങള്‍ എടുക്കും. നിത്യാഭ്യാസിക്കേ ആനയെ എടുക്കാനാകൂ. അല്ലാത്തവര്‍ക്ക് വെറുതെ ആശിക്കാമെന്നു മാത്രം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.