പിണറായി സര്‍ക്കാര്‍ തികഞ്ഞ പരാജയം: കുമ്മനം

Tuesday 30 August 2016 10:09 pm IST

കോഴിക്കോട് നടക്കാവ് കേളപ്പന്‍ സ്‌ക്വയറിലെ കെ. കേളപ്പന്റെ പ്രതിമയില്‍ ബിജെപി               സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാല ചാര്‍ത്തുന്നു

കോഴിക്കോട്: നൂറ് ദിവസം തികയ്ക്കുന്ന സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ഇതിനകം തെളിയിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എല്ലാ കാര്യങ്ങളിലും നിഷേധാത്മക നിലപാടാണ് സര്‍ക്കാറിനുള്ളത്. നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 300 അക്രമ കേസുകളില്‍ സിപിഎം പ്രതിസ്ഥാനത്ത്. രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളില്‍ ആയിരത്തോളം സിപിഎമ്മുകാര്‍ പ്രതികളാണ്. അക്രമം മാത്രമാണ് സിപിഎമ്മിന്റെ മുഖമുദ്ര-അദ്ദേഹം പറഞ്ഞു.

ഭരണനിര്‍വഹണത്തില്‍ കനത്ത പരാജയമാണെന്ന് തെളിയിച്ച ഇടതു സര്‍ക്കാര്‍ സംസ്ഥാനത്ത് വികസന മുരടിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. വിദ്യാഭ്യാസ-വ്യവസായ-കാര്‍ഷിക-ആരോഗ്യ രംഗങ്ങളിലെല്ലാം ഈ പരാജയം പ്രകടം. ഇത് മറച്ചുവെക്കാനാണ് സര്‍ക്കാര്‍ വിവാദങ്ങളുണ്ടാക്കുന്നത്. മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുകയാണ് സര്‍ക്കാര്‍. തങ്ങള്‍ക്ക് മതവിശ്വാസമില്ലെന്ന് പറയുന്നവര്‍ എന്തിനാണ് മന്ത്രിമാരില്‍ ക്രിസ്ത്യാനികളെ മാത്രം തെരഞ്ഞെടുത്ത് വത്തിക്കാനിലേക്ക് അയക്കുന്നതെന്ന് വ്യക്തമാക്കണം.

ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുകയും ശ്രീകൃഷ്ണജയന്തി ഘോഷയാത്ര കോപ്രായമാണെന്ന് പറയുകയും ചെയ്ത കോടിയേരി മതസ്വാതന്ത്ര്യ ധ്വംസനമാണ് നടത്തുന്നത്.. ജാതിയില്ലെന്ന് അവകാശപ്പെടുന്ന സിപിഎം ജാതി സംവരണത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കണം. സംവരണ സീറ്റുകളുടെ പേരില്‍ മത്സരിച്ച് വിജയിച്ച 14 എംഎല്‍എമാര്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറാവണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ആരോപണം തെളിയിക്കാന്‍ കടകംപള്ളിക്ക് ബാധ്യത

കോഴിക്കോട്: അമ്പലങ്ങള്‍ ആയുധപ്പുരകളാണെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആരോപണം തെളിയിക്കാന്‍ ബാധ്യതയുണ്ടെന്ന് കുമ്മനം.ക്ഷേത്രങ്ങളില്‍ ആയുധം കണ്ടെത്താന്‍ ഒരുമിച്ച് പരിശോധന നടത്താന്‍ മന്ത്രിയെ വെല്ലുവിളിക്കുന്നു. ആര്‍എസ്എസ് ശാഖകള്‍ നിയമവിധേയമാണ് നടക്കുന്നത്. ക്ഷേത്രങ്ങളില്‍ അനുവാദത്തോടെ നടക്കുന്ന ആര്‍എസ്എസ് ശാഖകള്‍ക്കെതിരെയുള്ള ആരോപണം തെളിയിക്കാനും മന്ത്രിയെ വെല്ലുവിളിക്കുന്നു.

ക്ഷേത്രങ്ങളിലും ദേവസ്വം ബോര്‍ഡുകളിലും ഇടപെടാന്‍ മന്ത്രിക്ക് എന്ത് അധികാരമാണുള്ളത്. ദേവസ്വം ബോര്‍ഡുകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്. ക്ഷേത്രങ്ങളുടെ ഉടമസ്ഥത ദേവസ്വം ബോര്‍ഡിനുമാണ്. മന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രിക്കോ ആഭ്യന്തര സെക്രട്ടറിക്കോ ഡിജിപിക്കോ കൈമാറാന്‍ എന്തുകൊണ്ടാണ് തയ്യാറാവാത്തത്. സിപിഎമ്മിലെ ഭക്തരായ അംഗങ്ങളെ അവഹേളിച്ചുകൊണ്ടാണ് മന്ത്രി പ്രസ്താവന നടത്തുന്നത്. നിരവധി വിദ്യാലയങ്ങളിലും ദേവസ്വം ബോര്‍ഡ് വക വിദ്യാലയങ്ങളിലും ആര്‍എസ്എസ് ശിബിരങ്ങള്‍ നടത്താറുണ്ട്. നിയമാനുസൃതമായ അനുമതിയോടുകൂടിയാണവ നടത്തുന്നത്. കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്കുള്ളിലെ അന്തഃസംഘര്‍ഷം മറച്ചുവെക്കാനാണ് സിപിഎം നേതാക്കള്‍ ക്ഷേത്രങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്- കുമ്മനം പറഞ്ഞു.

കെ. കേളപ്പനെ സര്‍ക്കാര്‍ അവഗണിച്ചു

കോഴിക്കോട്: കേരള ഗാന്ധി കെ. കേളപ്പനോട് സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാണിച്ചതെന്ന് കുമ്മനം രാജശേഖരന്‍. കേളപ്പന്റെ ജന്മദിനത്തോടനുബന്ധിച്ച് നടക്കാവ് കേളപ്പന്‍ സ്‌ക്വയറിലെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ സ്വാതന്ത്ര്യസമരത്തിലെ മുന്നണി പടയാളിയായിരുന്ന കെ. കേളപ്പനെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകളും അവഗണിച്ചു.

സംസ്ഥാനത്ത് കേളപ്പന്റെ ജന്മദിന ആഘോഷം നടക്കുമ്പോള്‍ അദ്ദേഹത്തെ സ്മരിക്കാന്‍ പോലും മുഖ്യമന്ത്രിയോ സംസ്ഥാന സര്‍ക്കാറോ തയ്യാറായില്ല. കേളപ്പനെ ഏത് വിധേനയും വധിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിരുന്ന കാര്യം ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കെപിസിസിയുടെ ദീര്‍ഘകാല പ്രസിഡന്റും ഗാന്ധിയനുമായ കേളപ്പനെ കോണ്‍ഗ്രസും ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്ത തവനൂരില്‍ സ്മാരകം ഉയര്‍ന്നുവരണമെന്ന ആവശ്യത്തെ ഇരുമുന്നണികളും അവഗണിച്ചു.

കേളപ്പജി ഉയര്‍ത്തിപ്പിടിച്ച മതേതര നിലപാടുകളും ജീവിത ധാര്‍മ്മിക മൂല്യങ്ങളും വര്‍ത്തമാന സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. അങ്ങാടിപ്പുറം തളി ക്ഷേത്ര പുനരുദ്ധാരണത്തിന് വേണ്ടിയും മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിലും നിര്‍ണായക പങ്കുവഹിച്ച കേളപ്പജിയുടെ മഹത്‌സ്മരണ നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടും-അദ്ദേഹം പറഞ്ഞു.

ഒ. രാജഗോപാല്‍ എംഎല്‍എ
ഹൈന്ദവ സമൂഹത്തെ അവഹേളിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ നീക്കം കറകളഞ്ഞ സാംസ്‌കാരിക ഫാസിസമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ തിരുവനന്തപുരത്ത് പ്രതികരിച്ചു. ഹിന്ദു വിരുദ്ധ നിലപാടുകളാണ് സര്‍ക്കാരിന്റേത്. വിളക്കുകൊളുത്തലും അത്തപ്പൂക്കളവും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. അത് നടപ്പിലാകില്ലെന്നതായതോടെ ആര്‍എസ്എസ് ശാഖയ്ക്കുനേരെ തിരിഞ്ഞിരിക്കുകയാണ്. ജനാധിപത്യരാജ്യത്ത് അടിച്ചമര്‍ത്തി ഭരിക്കാമെന്ന വ്യാമോഹം നടക്കില്ലെന്ന് രാജഗോപാല്‍ പറഞ്ഞു.

റിച്ചാര്‍ഡ് ഹെ എംപി
ചിലക്ഷേത്രങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നതുതന്നെ ശാഖകളുടെ പ്രവര്‍ത്തനഫലമായാണ്. സര്‍ക്കാരിന്റെ നിലപാട് ആര്‍എസ്എസ് വളര്‍ച്ചയിലെ അസഹിഷ്ണുത മൂലമാണ്, റിച്ചാര്‍ഡ് ഹെ എംപി തിരുവനന്തപുരത്ത് പറഞ്ഞു.

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍
ദേവസ്വം മന്ത്രിയുടെ പ്രസ്താവന അജ്ഞതമൂലമാണെന്ന് പ്രമുഖ സാഹിത്യകാരനും ആര്‍എസ്എസ് ജില്ലാ സംഘചാലകുമായ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ആലപ്പുഴയില്‍ പ്രതികരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വയംഭരണ സ്ഥാപനമാണ്, അവിടെ എന്ത് നടക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല.

മഹിളാ ഐക്യവേദി
പരസ്യമായി നടക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തനത്തെക്കുറിച്ച് മന്ത്രി പറഞ്ഞത് നുണയാണെന്ന് പൊതുജനങ്ങള്‍ക്കറിയാമെന്ന് മഹിളാ ഐക്യേവദി സംസ്ഥാന അദ്ധ്യക്ഷ നിഷ, കാസര്‍കോട്ട് പ്രതികരിച്ചു. ആരെ പ്രീതിപ്പെടുത്താനാണ് മന്ത്രിമാരുടെ ജ്വല്പനങ്ങളെന്ന് ജനത്തിനറിയാം.

അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്
ആര്‍എസ്എസിന് സമൂഹത്തിലുണ്ടാകുന്ന സ്വാധീനത്തില്‍ സിപിഎമ്മിന്റെ ആശങ്കയാണ് പ്രസ്താവനയ്ക്ക് പിന്നിലെന്ന് തന്ത്രിമുഖ്യന്‍ അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് പത്തനംതിട്ടയില്‍ പറഞ്ഞു. ഹിന്ദുവിന്റെ മെയ്ക്കിട്ടുകേറാനുള്ള ശ്രമമാണിത്. ജനങ്ങളാണ് തീരുമാനിക്കേണ്ടത്.

പ്രൊഫ. ടോണി മാത്യു

ദേവസ്വം മന്ത്രി പ്രസ്താവന പിന്‍വലിക്കുന്നതാണ് ഉചിതമെന്ന് സാഹിത്യകാരന്‍ പ്രൊഫ. ടോണി മാത്യു പത്തനംതിട്ടയില്‍ പറഞ്ഞു. ഭക്തര്‍ക്കെതിരല്ല ആര്‍എസ്എസ്. ക്ഷേത്രപരിസരത്തുനിന്ന് ശാഖ ഒഴിവാക്കുന്നത് ആലോചിക്കേണ്ട.

ക്ഷേത്ര സംരക്ഷണ സമിതി
ദേവസ്വം ബോര്‍ഡില്‍ സ്വാധീനമുണ്ടെന്ന് കരുതി മന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി എം.എന്‍. കദംബന്‍ നമ്പൂതിരിപ്പാട് മലപ്പുറത്ത് പറഞ്ഞു. സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്ന തലമുറയെ സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ശാഖകള്‍.

അയ്യപ്പസേവാ സമാജം
മന്ത്രിയുടെ പ്രസ്താവന വര്‍ഗീയതയാണെന്ന് അയ്യപ്പസേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറിഎം.കെ. അരവിന്ദാക്ഷന്‍ മലപ്പുറത്തു പറഞ്ഞു. ഭൂരിഭാഗം ക്ഷേത്രങ്ങളും നിലനില്‍ക്കുന്നത് സ്വയം സേവകരുടെ പ്രതിഫലേച്ഛയില്ലാതെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ കരുത്തിലാണ്.

പി. കേശവന്‍നായര്‍ (എഴുത്തുകാരന്‍)
സിപിഎമ്മിനോടുള്ള സമീപനത്തില്‍ ഹിന്ദുക്കളില്‍ പുനര്‍ചിന്തയ്ക്ക് മന്ത്രിയുടെ പ്രസ്താവനയെന്ന് ചിന്തകന്‍ പി. കേശവന്‍ നായര്‍ കൊല്ലത്ത് പ്രതികരിച്ചു. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ഇപ്പോള്‍ നാം കാണുന്ന ഹിന്ദു നവോത്ഥാനത്തിനും കാരണം ആര്‍എസ്എസിന്റെയും മറ്റും പ്രവര്‍ത്തനമാണ്.

ശബരിമല മുന്‍ മേല്‍ശാന്തി
മന്ത്രിയുടെ പ്രസ്താവന അസംബന്ധമാണെന്ന് ശബരിമല മുന്‍ മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍. ബാലമുരളി കൊല്ലത്ത് പറഞ്ഞു. ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുമായിരുന്നില്ല എന്നത് ചരിത്രവസ്തുതയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.