സര്‍ക്കാര്‍ വിലക്കില്ലെങ്കില്‍ ക്വാറി തടയാനാവില്ല: ഹൈക്കോടതി

Tuesday 30 August 2016 10:13 pm IST

കൊച്ചി: പൈതൃക മേഖലയായ പശ്ചിമഘട്ടത്തില്‍ നിലവിലുള്ള ക്വാറികളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ നിരോധന - നിയന്ത്രണ ഉത്തരവുകള്‍ ഇല്ലെങ്കില്‍ തടയാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോട്ടയം കൂട്ടിക്കലിലെ ക്വാറിയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ കെ. ഗംഗാധരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. പൈതൃക മേഖലയെ ജൈവ വൈവിദ്ധ്യ പ്രദേശമായി സംരക്ഷിക്കണമെന്ന ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെ ശുപാര്‍ശകള്‍ കണക്കിലെടുത്ത് ക്വാറികളുടെ പ്രവര്‍ത്തനം തടയാനാവില്ല. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ക്വാറി പ്രവര്‍ത്തനം നിരോധിക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കിലും ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്തിയിട്ടില്ല. ബോര്‍ഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജൈവ വൈവിദ്ധ്യ നിയമത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നിരോധന ഉത്തരവ് ഇറക്കേണ്ടിയിരുന്നു. ഇതുണ്ടാകാത്ത സാഹചര്യത്തില്‍ നിലവിലെ ക്വാറികളുടെ പ്രവര്‍ത്തനം തടയാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കൂട്ടിക്കലില്‍ പുറമ്പോക്കു ഭൂമി കയ്യേറിയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന ഹര്‍ജിക്കാരന്റെ പരാതിയില്‍ ജില്ലാ കളക്ടര്‍ സര്‍വേ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന വാദവും ഹൈക്കോടതി പരിഗണിച്ചു. കളക്ടര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍വേ നടത്താന്‍ നടപടി തുടങ്ങണം. മേഖലയില്‍ ഉരുള്‍പൊട്ടലടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ആശങ്ക കണക്കിലെടുത്ത് സെസും (സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്) ജൈവ വൈവിദ്ധ്യ ബോര്‍ഡും പരിശോധന നടത്തണമെന്നും ഇക്കാലയളവില്‍ ക്വാറിയുടെ പ്രവര്‍ത്തനം നിറുത്തി വെക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.