മള്ളിയൂര്‍ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവത്തിന് കൊടിയേറി

Wednesday 31 August 2016 2:40 pm IST

കോട്ടയം: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ മാഞ്ഞൂര്‍ പുതുക്കുളങ്ങര ദേവീക്ഷേത്രത്തില്‍നിന്നു കൊടിക്കൂറ ഘോഷയാത്ര മള്ളിയൂരില്‍ എത്തിച്ചേര്‍ന്നു. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി കൊടിക്കൂറ ഏറ്റുവാങ്ങിയ ശേഷം കൊടിയേറ്റ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചു. മനയത്തിറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മനയത്തിറ്റില്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി കൊടിയേറ്റ് കര്‍മ്മം മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെയും സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. വിനായക ചതുര്‍ഥി ദിനമായ സെപ്തംബര്‍ അഞ്ചിന് രാവിലെ 10,008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട്, കുടമാറ്റം എന്നിവ നടക്കും. ചലച്ചിത്രതാരം മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, കലാമണ്ഡലം ഗോപി അവതരിപ്പിക്കുന്ന കഥകളി, പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ പാണ്ടിമേളം, കല്ലൂര്‍ രാമന്‍കുട്ടി, പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്ലൂര്‍ ഉണ്ണീകൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ട്രിപ്പിള്‍ തായമ്പക എന്നിവയാണു പ്രധാന പരിപാടികള്‍. ഇന്ന് വൈകിട്ട് 5ന് ഗണേശമണ്ഡപത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, തുടര്‍ന്ന് മള്ളിയൂര്‍ ഗണേശ നൃത്തകലാകേന്ദ്രത്തിന്റെ നൃത്തനൃത്യങ്ങള്‍. സെപ്റ്റംബര്‍ 1ന് രാത്രി 7ന് ടി.വി. ശങ്കരനാരായണന്‍ അവതരിപ്പിക്കുന്ന സംഗീതസദസ്. 2ന് വൈകിട്ട് 6ന് ഗാനമഞ്ജരി, 7ന് കല്ലൂര്‍ രാമന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ട്രിപ്പിള്‍ തായമ്പക. 3ന് വൈകിട്ട് 4നു നൃത്തനൃത്യങ്ങള്‍, വീണക്കച്ചേരി, 7.30ന് കഥകളി. 4ന് രാവിലെ 7ന് സംഗീതസദസ്, 9 മുതല്‍ പഞ്ചവാദ്യം, 11.30ന് സാംസ്‌കാരിക സമ്മേളനം. വൈകിട്ട് 6ന് സംഗീതസദസ്, 7.30ന് ചലച്ചിത്രതാരം മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം. വിനായക ചതുര്‍ഥി ദിനമായ അഞ്ചിന് രാവിലെ 5.30ന് മഹാഗണപതി ഹോമം. 11 ന് ഗജപൂജ ആരംഭിക്കും, പ്രസിദ്ധരായ പന്ത്രണ്ടോളം ഗജവീരന്മാര്‍ അണിചേരും. തുടര്‍ന്നു പെരുവനം കുട്ടന്‍ മാരാരും നൂറില്‍പ്പരം കലാകാരന്മാരുംകൂടി അവതരിപ്പിക്കുന്ന പഞ്ചാരി മേളം, 5.30ന് കാഴ്ചശ്രീബലിയില്‍ പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റവും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളവും ഉണ്ടായിരിക്കും. ആറാട്ടു ദിവസമായ 6ന് വൈകിട്ട് 4.30ന് കൊടിയിറക്ക്, തുടര്‍ന്നു ക്ഷേത്രക്കുളത്തില്‍ ആറാട്ട്. 6.45ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന നാമഘോഷ ജപലഹരിയും ഉണ്ടായിരിക്കും. കൊടിയേറ്റ്, ആറാട്ട് ദിനങ്ങള്‍ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 9ന് ഉത്സവബലിയും 11.30 ന് ഉത്സവബലി ദര്‍ശനവും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.