വിടവാങ്ങിയത് ബഹുമുഖ പ്രതിഭയായ കണ്ണൂരിന്റെ സ്വന്തം ഡോക്ടര്‍

Wednesday 31 August 2016 1:08 am IST

സ്വന്തം ലേഖകന്‍ കണ്ണൂര്‍: വിടവാങ്ങിയത് ബഹുമുഖപ്രതിഭയായ കണ്ണൂരിന്റെ ഡോക്ടര്‍. ഇന്നലെ രാത്രി അന്തരിച്ച ഡോ.പി.മാധവന്‍ കണ്ണൂരിന്റെ സമസ്ത മേഖലകളിലും നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. തന്നെതേടിയെത്തുന്ന രോഗികളും നിരാലമ്പരുമായ ആയിരങ്ങള്‍ക്ക് മടിശീലയുടെ കനംനോക്കാതെ നല്‍കിയ സേവനങ്ങള്‍ കണ്ണൂരിലെ ഈ ജനകീയ ഡോക്ടറെ ജനങ്ങളുടെ പ്രിയപ്പെട്ടവനാക്കി മാറ്റുകയായിരുന്നു. ഇതുകൊണ്ടുതന്നെ ജീവിതത്തിന്റെ സായന്തനത്തിലും അദ്ദേഹം നാട്ടുകാരുടെ സ്‌നേഹാദരങ്ങളാല്‍ മൂടപ്പെട്ടിരുന്നു. സ്വദേശത്തെ സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന പി.മാധവന്‍ തന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തോടൊപ്പം കായിക രംഗത്തും മികവ് പ്രകടിപ്പിച്ച് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഏറെ പ്രിയങ്കരനായി. 1953ല്‍ ഡോക്ടര്‍ ബിരുദം നേടി പുറത്തിറങ്ങിയശേഷം താന്‍ നേടിയ ബിരുദം കേവലം ധന സമ്പാദനത്തിന് മാത്രമുള്ളതല്ലെന്ന് തിരിച്ചറിയുകയും 1953 മുതല്‍ 56 വരെ 3 വര്‍ഷം സൈനിക സേവനത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. പട്ടാളത്തില്‍ മേജര്‍ റാങ് വരെ ഉയര്‍ന്ന ശേഷം സര്‍വ്വീസില്‍ നിന്നും സ്വയം വിരമിച്ച് അമ്മയുടെ ജന്മദേശമായ കണ്ണൂരില്‍ തിരിച്ചെത്തുകയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഹോണററി മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. തുടര്‍ന്ന് അമ്മയുടെ സ്മരണാര്‍ത്ഥം ശാരദാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്ഥാപിക്കുകയും ഭാര്യ ഡോ.ശാന്തയോടൊപ്പം പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. ആ ആശുപത്രിയാണ് പിന്നീട് 1965ല്‍ പേര് മാറ്റി ഇപ്പോള്‍ കണ്ണൂര്‍ തെക്കീ ബസാറില്‍ ജെജെഎസ് ഹോസ്പിറ്റല്‍ എന്ന പേരില്‍ പ്രവര്‍ത്തനം തുടരുന്നത്. ഇതിനിടയില്‍ 5 വര്‍ഷം കേനന്നൂര്‍ സ്പിന്നിംഗ് മില്ലിന്റെ മെഡിക്കല്‍ ഓഫീസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. കായിക രംഗത്ത് മികവ് തെളിയിച്ച ഡോക്ടര്‍ ഫുട്‌ബോള്‍ കളിയിലൂടെയാണ് ഏറെ പ്രശസ്തനായത്. പഴയ മദ്രാസ് സ്റ്റേറ്റ് ഫുട്‌ബോള്‍ ടീമിലും മദ്രാസ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിലും നാല് വര്‍ഷക്കാലം കളിച്ചു. സര്‍ അശുതോഷ് മുഖര്‍ജി ഷീല്‍ഡിനു വേണ്ടിയുള്ള ദേശീയ മത്സരത്തില്‍ നാല വര്‍ഷം തുടര്‍ച്ചയായി ജേതാക്കളായിരുന്ന ടീമില്‍ അംഗമായിരുന്നു. നല്ല കളിക്കാരന്റേതടക്കമുള്ള നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം ഏറ്റുവാങ്ങി. കളിയോടൊപ്പം തന്നെ ഫുട് ബോളിന്റെ സംഘാടനത്തിലും അതിന്റെ വളര്‍ച്ചയിലും അദ്ദേഹം ഏറെ പങ്കുവഹിച്ചു. കേനന്നൂര്‍ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി, കണ്ണൂരിലെ ഫുട്‌ബോള്‍ ക്ലബ്ബായ സ്പിരിറ്റ് യൂത്ത് ക്ലബ്ബ് സ്ഥാപകാംഗം, ക്ലബ്ബ് പ്രസിഡണ്ട് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥാനപ്രസിഡണ്ട് എന്നീ നിലകളില്‍ അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തിയിരുന്ന ഡോ.പി.മാധവന്‍ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ച് താഴ്ചകളില്‍ സാധാരണ പ്രവര്‍ത്തകന്റെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍, ബിജെപിസംസ്ഥാന സമിതി അംഗം എന്നീ നിലകളിലും കണ്ണൂരില്‍ യുവകേരളയുടെ ഭാരതവല്‍ക്കരണ റാലി, ഹിന്ദുസംഗമം, ബിജെപി മേഖലാ സമ്മേളനം എന്നിവയുടെ ഭാരവാഹി തുടങ്ങി ഒട്ടേറെ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന സ്വര്‍ഗ്ഗീയ ദേവറസ്ജി, മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനി, ബിജെപി ദേശീയ അധ്യക്ഷനായിരുന്ന ഡോ.മുരളി മനോഹര്‍ ജോഷി, ഇപ്പോഴത്തെ സര്‍സംഘചാലക് ഡോ.മോഹന്‍ ഭഗവത് എന്നിവരടക്കം നിരവധി സംഘപരിവാര്‍ നേതാക്കള്‍ക്ക് ആതിഥ്യമരുളാനുള്ള സൗഭാഗ്യവും മാധവന്‍ ഡോക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്. മാരാര്‍ജി അടക്കമുള്ള ഒട്ടേറെ നേതാക്കളുമായുള്ള ഊഷ്മള ബന്ധം സംഘടനാ വിശേഷങ്ങളും അദ്ദേഹം സംഘപ്രവര്‍ത്തകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഡോ.പി.മാധവന്റെ ഔദ്യോഗിക-കായിക-പൊതുപ്രവര്‍ത്തനങ്ങളെ മാനിച്ച് വിവധ സംഘടനകള്‍ അദ്ദേഹത്തെ പുരസ്‌കാരങ്ങളും ബഹുമതികളും നല്‍കി ആദരിച്ചിട്ടുണ്ട്. ചിന്മയ വാനപ്രസ്ഥാന്‍ ബഹുമതി (2005), സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ട്രസ്റ്റ് പ്രതിഭാ പുരസ്‌കാരം (1991), മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ആദരം (2007), ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് കൗണ്‍സില്‍ ആദരം (2003-04), കണ്ണൂര്‍ ഡിസ്ട്രിക്ട് വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ ആദരം (2013), ആല്‍ഫാ വണ്‍ എക്‌സലന്‍സ് അവാര്‍ഡ് (2011), കണ്ണൂര്‍ വൈഎംസിഎ സമാദരണം (2011), ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റി ഫുട്‌ബോള്‍ പ്രതിഭാ സര്‍ട്ടിഫിക്കറ്റ്, മലബാര്‍ തീയ്യ മഹാ സഭാ ആദരണം (2014), കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിഭാ സംഗമത്തോടനുബന്ധിച്ചുള്ള ആദരം, സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ട്രസ്റ്റ് ആദരം (2011), കണ്ണൂര്‍ലയണ്‍സ് ക്ലബ് 50-ാം ഗോള്‍ഡന്‍ ഇയര്‍ ആധരം (2010), 10-ാം എന്‍ആര്‍ഐ ഗ്ലോബല്‍ മീറ്റ് ആദരം (2010), കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍ 150-ാം വാര്‍ഷിത്തോനുബന്ധിച്ചുള്ള സമാദരണം (2011-12) തുടങ്ങിയവ ഇവയില്‍ പെടുന്നു. പള്ളിക്കുന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2014 ലെ പ്രൊഫ.ടി.ലക്ഷ്മണന്‍ സ്മാരക സര്‍വ്വമംഗള പുരസ്‌കാരത്തിന് ഡോ.മാധവന്‍ അര്‍ഹനായിട്ടുണ്ട്. ഡോക്ടറുടെ വേര്‍പാട് കണ്ണൂരിന്റെ സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മികമേഖലക്ക് തീരാനഷ്ടമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.